കെ എസ് ആർ ടി സി പ്രതിസന്ധി പരിഹരിക്കാൻ ഗതാഗത മന്ത്രി ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും

കെ എസ് ആർ ടി സി ശാശ്വത പരിഹാര പാക്കേജ് ആയി ആവശ്യപ്പെട്ട 250 കോടി രൂപയുടെ ഒരു ഗഡു കൂടി ലഭ്യമാക്കണമെന്ന് സർക്കാറിനോട് അഭ്യർഥിക്കാനാണ് തീരുമാനം

0

തിരുവനന്തപുരം | കെ എസ് ആർ ടി സിയിലെ പ്രതിസന്ധി പരിഹരിക്കാൻ ഗതാഗത മന്ത്രി ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. 10 മണിക്ക് മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടക്കുന്ന ചർച്ചയിൽ ഗതാഗത സെക്രട്ടറിയും കെ എസ് ആർ ടി സി സി, എം ഡിയുമായ ബിജു പ്രഭാകറും പങ്കെടുക്കും. ശമ്പളമടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. ജൂലൈ, ആഗസ്റ്റ് മാസത്തെ ശമ്പളവും ഓണം ഉത്സവ ബത്തയും സെപ്റ്റംബർ 1ന് മുമ്പ് ജീവനക്കാർക്ക് നൽകണമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവ് ഇട്ടിരുന്നു. ഇതിനായി കെഎസ്ആർടിസി ചോദിച്ച 103 കോടി രൂപ ഉടൻ സർക്കാർ നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

എന്നാൽ ഈ തുകകൊണ്ട് മാത്രം രണ്ടുമാസത്തെ ശമ്പളവും ഉത്സവബത്തയും നൽകാൻ ആവില്ല എന്നാണ് മാനേജ്മെന്റിന്റെ കണക്ക് കൂട്ടൽ. അതുകൊണ്ടുതന്നെ കെ എസ് ആർ ടി സി ശാശ്വത പരിഹാര പാക്കേജ് ആയി ആവശ്യപ്പെട്ട 250 കോടി രൂപയുടെ ഒരു ഗഡു കൂടി ലഭ്യമാക്കണമെന്ന് സർക്കാറിനോട് അഭ്യർഥിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച ധനവകുപ്പിൽ നിന്ന് ഫയലുകൾ നീങ്ങാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യമുണ്ടെന്നും ധരിപ്പിക്കും.12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി, യൂണിയൻ പ്രൊട്ടക്ഷൻ എന്നീ കാര്യങ്ങളിൽ നിലപാട് അംഗീകരിച്ചാലേ ശമ്പള വിതരണം അടക്കമുള്ള കാര്യങ്ങളിൽ ഉറപ്പു നൽകാനാകൂ എന്ന് നേരത്തെ സർക്കാറും മാനേജ്മെൻ്റും തൊഴിലാളി നേതാക്കളോട് വ്യക്തമാക്കിയിരുന്നു.എന്നാൽ ഹൈക്കോടതി ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ കാര്യങ്ങൾ ഉരുത്തിരിഞ്ഞ പുതിയ സാഹചര്യവും ഇന്നത്തെ കൂടിക്കാഴ്ചയിൽ ചർച്ചയാകും

You might also like

-