പരാതിക്കാരിയും സാക്ഷികളും മൊഴി മാറ്റി,ബലാത്സംഗക്കേസിൽ മുൻ എംഎൽഎ എൽദോസ് കുന്നപ്പിളളി കുറ്റവിമുക്തൻ
2022 സെപ്തംബറിലാണ് യുവതി അന്ന് എംഎൽഎ ആയിരുന്ന എൽദോസിനെതിരെ പരാതി നൽകിയത്. പലയിടങ്ങളിൽ തടവിലാക്കി പീഡിപ്പിച്ചെന്നും വീട്ടിൽ നിന്ന് ബലമായി കാറിൽ കയറ്റി കൊണ്ടുപോയി കോവളത്ത് ആത്മഹത്യാമുനമ്പിൽ നിന്ന് തളളിയിട്ട് കൊല്ലാൻ ശ്രമിച്ചെന്നുമായിരുന്നു ആരോപണം
കൊച്ചി| ബലാത്സംഗക്കേസിൽ മുൻ എംഎൽഎ എൽദോസ് കുന്നപ്പിളളി കുറ്റവിമുക്തൻ. പരാതിക്കാരിയും സാക്ഷികളും മൊഴി മാറ്റിയതോടെയാണ് നെയ്യാറ്റിൻകര ഫാസ്റ്റ്ട്രാക്ക് കോടതി എൽദോസിനെ വെറുതെവിട്ടത്. എംഎൽഎ ആയിരിക്കെ വിവിധയിടങ്ങളിലെത്തിച്ച് എൽദോസ് പീഡിപ്പിച്ചെന്നും കൊല്ലാൻ ശ്രമിച്ചെന്നുമായിരുന്നു പരാതി. പെരുമ്പാവൂരിൽ ഇത്തവണ എൽദോസിനെ കോൺഗ്രസ് മത്സരിപ്പിക്കാതിരുന്നതിന് ഈ കേസായിരുന്നു കാരണം.ബലാത്സംഗവും വധശ്രമവുമുൾപ്പെടെ ചുമത്തിയ കേസിലാണ് കോൺഗ്രസ് നേതാവും പെരുമ്പാവൂർ മുൻ എംഎൽഎയുമായ എൽദോസ് കുന്നപ്പിളളിയെ കോടതി വെറുതെവിട്ടത്. വഴിത്തിരിവായത് തിരുവനന്തപുരം പേട്ട സ്വദേശിയായ പരാതിക്കാരി നെയ്യാറ്റിൻകര കോടതിയിൽ ഇന്നലെ മൊഴി മാറ്റിയത്.
2022 സെപ്തംബറിലാണ് യുവതി അന്ന് എംഎൽഎ ആയിരുന്ന എൽദോസിനെതിരെ പരാതി നൽകിയത്. പലയിടങ്ങളിൽ തടവിലാക്കി പീഡിപ്പിച്ചെന്നും വീട്ടിൽ നിന്ന് ബലമായി കാറിൽ കയറ്റി കൊണ്ടുപോയി കോവളത്ത് ആത്മഹത്യാമുനമ്പിൽ നിന്ന് തളളിയിട്ട് കൊല്ലാൻ ശ്രമിച്ചെന്നുമായിരുന്നു ആരോപണം. പരാതി പിൻവലിക്കാൻ 30 ലക്ഷം എൽദോസ് വാഗ്ദാനം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. മുൻ എംഎൽഎയുടെ സുഹൃത്തുക്കളായ റിനിഷ, നൂറുദ്ദീൻ എന്നിവരും കേസിൽ പ്രതികളായി.
ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിൽ വിചാരണ തുടങ്ങിയപ്പോഴാണ് എൽദോസ് പീഡിപ്പിച്ചിട്ടില്ലെന്ന് നാടകീയമായി യുവതി മൊഴിമാറ്റിയത്. കേസിലെ രണ്ട് സാക്ഷി മൊഴികളും പ്രതികൾക്ക് അനുകൂലമായി. ഇതോടെയാണ് എൽദോസ് ഉൾപ്പെടെയുളള പ്രതികളെ വെറുതെ വിട്ടത്. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിളളിക്ക് സീറ്റ് നിഷേധിക്കാൻ കേസും കാരണമായിരുന്നു. കുറ്റവിമുക്തനായതോടെ പാർട്ടി പുനസംഘടനയിൽ പ്രധാന പദവികളിലേക്ക് പരിഗണിക്കും എന്നാണ് എൽദോസിന്‍റെ പ്രതീക്ഷ.