കരുവന്നൂർ ബാങ്ക് തട്ടിപ്പ് സ്വത്തുവിവരങ്ങൾ കൈമാറാൻ എം കെ കണ്ണന് ഇ ഡി അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കും

ആദായ നികുതി രേഖകൾ, സ്വയാർജിത സ്വത്തുക്കൾ, കുടുംബാഗങ്ങളുടെ ആസ്തി വകകൾ എന്നിവയെല്ലാം അറിയിക്കാനാണ് നി‍ർദേശം. മുന്പ് രണ്ട് തവണ എം കെ കണ്ണനോട് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും കൊണ്ടുവന്നില്ല. അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ ശക്തമായ നടപടികളുണ്ടാകുമെന്നാണ് എൻഫോഴ്സ്മെന്‍റ് വൃത്തങ്ങൾ പറയുന്നത്

0

കൊച്ചി| കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സ്വത്തുവിവരങ്ങൾ കൈമാറാൻ സി പി എം സംസ്ഥാന കമ്മിറ്റിയംഗം എം കെ കണ്ണന് ഇ ഡി അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കും. ആദായ നികുതി രേഖകൾ, സ്വയാർജിത സ്വത്തുക്കൾ, കുടുംബാഗങ്ങളുടെ ആസ്തി വകകൾ എന്നിവയെല്ലാം അറിയിക്കാനാണ് നി‍ർദേശം. മുന്പ് രണ്ട് തവണ എം കെ കണ്ണനോട് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും കൊണ്ടുവന്നില്ല. അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ ശക്തമായ നടപടികളുണ്ടാകുമെന്നാണ് എൻഫോഴ്സ്മെന്‍റ് വൃത്തങ്ങൾ പറയുന്നത്. കരുവന്നൂരിലെ കളളപ്പണ ഇടപാടിൽ എം കെ കണ്ണന് ഏതെങ്കിലും വിധത്തിലുളള പങ്കുണ്ടോയെന്നാണ് പരിശോധിക്കുന്നത്.

തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റും കേരളാ ബാങ്ക് വൈസ് പ്രസിഡൻ്റുമാണ് സി പി എം നേതാവായ എം കെ കണ്ണൻ. കരുവന്നൂരിലെ തട്ടിപ്പിൽ ബന്ധമുണ്ടെന്ന സംശയത്തിലാണ് കരുവന്നൂർ കള്ളപ്പണയിടപാടുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രറേറ്റ് കണ്ണനേയും നോട്ടമിട്ടത്. എം കെ കണ്ണൻ പ്രസിഡന്റായി തുടരുന്ന തൃശൂർ കോ -ഓപ്പറേറ്റീവ് ബാങ്കിലാണ് കരുവന്നൂർ കേസിലെ മുഖ്യപ്രതി സതീഷ് കുമാർ മിക്ക ഇടപാടും നടത്തിയിട്ടുള്ളത്. കോടികളുടെ ഇടപാട് രേഖകൾ ഈ ബാങ്കിൽ കഴിഞ്ഞ ദിവസം നടത്തിയ റെയിഡിൽ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ തേടാൻ കണ്ണനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുമുണ്ടായി. ഇതിന് പിന്നാലെയാണ് സ്വത്ത് വിവരം ഹാജരാക്കാൻ നിർദ്ദേശം നൽകിയത്.

അതേസമയം കരുവന്നൂർ കള്ളപ്പണയിടപാട് കേസിൽ സി പി എം കൗൺസിലർ മധു അമ്പലപുരം ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഇന്നലെ എത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ അവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നൽകിയതിനെ തുടർന്നാണ് മധു ഹാജരായത്. എന്നാൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇ ഡി ആവശ്യപ്പെട്ട യെസ്ഡി ജ്വല്ലറി ഉടമ സുനിൽകുമാർ ഇതുവരെയും ഹാജരായിട്ടില്ല. രണ്ട് ദിവസം ഇഡി നോട്ടീസ് നൽകിയിട്ടും സുനിൽകുമാർ ഹാജരായില്ല. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ സുനിൽകുമാർ ചികിത്സ തേടിയതായാണ് വിവരം.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ മധു അമ്പലപുരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ഇന്നലെ അഞ്ച് മണിക്കൂർ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. കേസിൽ അറസ്റ്റിലായ വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി ആർ അരവിന്ദാക്ഷൻ്റെ സുഹൃത്താണ് മധു. സാമ്പത്തിക ഇടപാടുകളിൽ അരവിന്ദാക്ഷന്റെ പങ്കാളിയാണ് സിപിഐഎം പ്രാദേശിക നേതാവുകൂടിയായ മധു അമ്പലപുരം എന്ന വിവരം ഇ ഡി ക്ക് ലഭിച്ചിട്ടുണ്ട്.ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും മധു ഹാജരായിരുന്നില്ല. കേസിലെ മുഖ്യപ്രതി പി സതീഷ് കുമാറിൻ്റെ സഹോദരൻ പി ശ്രീജിത്തിനോടും ഇന്ന് വീണ്ടും ഹാജരാകാൻ ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്

You might also like

-