2015 ലെ നിയമസഭ കയ്യാങ്കളി ,കേസ് പിൻവലിക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

ഇ പി ജയരാജന്‍, കെ ടി ജലീല്‍, വി ശിവന്‍കുട്ടി, കെ അജിത്, കെ കുഞ്ഞമ്മദ്, സി കെ സദാശിവന്‍ എന്നിവർ വിചാരണ നേരിടണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്.

0

ഡൽഹി: നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. കേസ്‌ പിൻവലിക്കാൻ അനുവദിക്കാത്ത ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാണ് ആവശ്യം. സ്പീക്കറുടെ അനുമതി ഇല്ലാതെ നിയമസഭ സെക്രട്ടറി നൽകിയ കേസ് നിലനിൽക്കില്ലെന്നും സർക്കാരിന്റെ അപ്പീലിൽ വ്യക്തമാക്കുന്നുണ്ട്. ബാഹ്യ സമ്മർദങ്ങൾ ഇല്ലാതെയാണ് പബ്ലിക് പ്രോസിക്യൂട്ടർ കേസ് പിൻവലിക്കാൻ തീരുമാനിച്ചതെന്നും ഇതിൽ ഇടപെടാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.കേസ് നിലനില്‍ക്കുമെന്നും ഇ പി ജയരാജന്‍, കെ ടി ജലീല്‍, വി ശിവന്‍കുട്ടി, കെ അജിത്, കെ കുഞ്ഞമ്മദ്, സി കെ സദാശിവന്‍ എന്നിവർ വിചാരണ നേരിടണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. കേസ് പിന്‍വലിക്കാനുള്ള അപേക്ഷ തിരുവനന്തപുരം സിജെഎം കോടതി നേരത്തെ തള്ളിയിരുന്നു. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും, അതിനാല്‍ കേസ് പിന്‍വലിക്കുകയാണെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല. സിജെഎം കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് ഹൈക്കോടതിയും തള്ളിയത്

സിജെഎം കോടതിയിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അപ്പീൽ ചൊവ്വാഴ്ച പരിഗണിക്കും.2015 മാർച്ച് 13ന് ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ നടത്തിയ പ്രതിഷേധമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സ്പീക്കറുടെ ചേംബറില്‍ കയറി കസേര അടക്കം മറിച്ചിട്ടു നടത്തിയ പ്രതിഷേധത്തില്‍ രണ്ടര ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് കേസ്. നിയമസഭാ സെക്രട്ടറിയുടെ പരാതിയില്‍ അന്നത്തെ ആറു എംഎല്‍എമാര്‍ക്കെതിരെ പൊതുമുതല്‍ നശീകരണ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തി കന്റോണ്‍മെന്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

You might also like

-