രാജ്യാന്തര വാണിജ്യ വിക്ഷേപണ വിപണിയില്‍ ഇടം പിടിച്ചു ഐഎസ്ആർഒ എസ്എസ്എൽവിയുടെ രണ്ടാം പരീക്ഷണ വിക്ഷേപണം വിജയകരം

500 കിലോയില്‍ താഴെ ഭാരമുള്ള മൈക്രോസാറ്റുകളെ 500കിലോമീറ്ററിനുള്ളിലുള്ള താഴ്ന്ന ഭ്രമണപഥങ്ങളില്‍ എത്തിക്കുക എന്ന ദൗത്യത്തിനായാണ് ഐ.എസ്.ആര്‍.ഒ, എസ്.എസ്.എല്‍.വി ലോഞ്ചിംഗ് റോക്കറ്റുകള്‍ വികസിപ്പിച്ചെടുത്തത്. നേരത്തെ ഇത്തരത്തില്‍ മൈക്രോസാറ്റുകള്‍ വിക്ഷേപിക്കുന്നതിന് ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വിയെ രാജ്യാന്തര തലത്തില്‍ ആശ്രയിച്ചിരുന്നു.

0

ചെന്നൈ| ഐഎസ്ആർഒയുടെ പുതിയ റോക്കറ്റ് എസ്എസ്എൽവിയുടെ രണ്ടാം പരീക്ഷണ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 9.18-ഓടെയാണ് റോക്കറ്റ് വിക്ഷേപിച്ചത്. മൂന്ന് ഉപഗ്രഹങ്ങളെയാണ് ഈ ദൗത്യത്തിൽ എസ്എസ്എൽവി ബഹിരാകാശത്ത് എത്തിച്ചത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, ഇന്തോ അമേരിക്കൻ കമ്പനിയായ അന്‍റാരിസിന്‍റെ, ജാനസ് 1, ഇന്ത്യയുടെ സ്പേസ് സ്റ്റാർട്ടപ്പായ സ്പേസ് കിഡ്സ് നിർമിച്ച ആസാദി സാറ്റ് 2 എന്നിവയാണ് എസ്എസ്എൽവി ഭ്രമണപഥത്തിലെത്തിച്ചത്.

സ്മോള്‍ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കില്‍ (എസ്.എസ്.എല്‍.വി) ഉപയോഗിച്ചുള്ള രണ്ടാം ദൗത്യം വിജയിച്ചത് ഐ.എസ്.ആര്‍.ഒയ്ക്ക് അഭിമാനനേട്ടം. ഇതോടെ വാണിജ്യ വിക്ഷേപണത്തിന്റെ വിജയകരമായ വഴിയിലേയ്ക്ക് കൂടിയാണ് ഇസ്രോ പ്രവേശിച്ചിരിക്കുന്നത്. ഐ.എസ്.ആര്‍.ഒയെ സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോഴാണ് എസ്.എസ്.എല്‍.വി രണ്ടാം ദൗത്യം വിജയം കൈവരിച്ചിരിക്കുന്നതെന്നാണ് ശ്രദ്ധേയം. ഐ.എസ്.ആര്‍.ഒയുടെ ഇ.ഒ.എസ് 7 എന്ന ഭൗമനിരീക്ഷണ ഉപഗ്രഹം, അമേരിക്കന്‍ കമ്പനി അന്റാരിസിന്റെ ജാനസ് 1, സ്പേസ് കിഡ്സ് ഇന്ത്യ എന്ന വിദ്യാര്‍ത്ഥി സംഘം നിര്‍മ്മിച്ച ആസാദിസാറ്റ് 2 എന്നീ മൈക്രോസാറ്റുകളാണ് എസ്.എസ്.എല്‍.വി ഡി 2 ഭ്രമണപഥത്തിലെത്തിച്ചത്.
എസ്.എസ്.എല്‍.വി റോക്കറ്റുകള്‍ ഉപയോഗിച്ചുള്ള വിഷേപണം വിജയിച്ചത് ബഹിരാകാശ വ്യവസായരംഗത്ത് ഐ.എസ്.ആര്‍.ഒക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യാന്തര തലത്തില്‍ മൈക്രോസാറ്റുകള്‍ ചെലവ് കുറച്ച് വിക്ഷേപിക്കാനുള്ള സങ്കേതങ്ങള്‍ക്ക് ആവശ്യകത വര്‍ദ്ധിച്ച് വരികയാണ്. എസ്.എസ്.എല്‍.വി ഈ മേഖലയില്‍ ഐ.എസ്.ആര്‍.ഒയുടെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനാല്‍ തന്നെയാണ് എസ്.എസ്.എല്‍.വിയുടെ വിജയം ഐ.എസ്.ആര്‍.ഒയ്ക്ക് നേട്ടമാകുന്നത്

500 കിലോയില്‍ താഴെ ഭാരമുള്ള മൈക്രോസാറ്റുകളെ 500കിലോമീറ്ററിനുള്ളിലുള്ള താഴ്ന്ന ഭ്രമണപഥങ്ങളില്‍ എത്തിക്കുക എന്ന ദൗത്യത്തിനായാണ് ഐ.എസ്.ആര്‍.ഒ, എസ്.എസ്.എല്‍.വി ലോഞ്ചിംഗ് റോക്കറ്റുകള്‍ വികസിപ്പിച്ചെടുത്തത്. നേരത്തെ ഇത്തരത്തില്‍ മൈക്രോസാറ്റുകള്‍ വിക്ഷേപിക്കുന്നതിന് ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വിയെ രാജ്യാന്തര തലത്തില്‍ ആശ്രയിച്ചിരുന്നു. ചെലവുകുറഞ്ഞതും വിശ്വസനീയവുമായ ലോഞ്ചിംഗ് വെഹിക്കിള്‍ എന്നതായിരുന്നു പി.എസ്.എല്‍.വി നേടിയെടുത്ത സ്വീകാര്യത. മാസത്തില്‍ ഒരുവട്ടം മാത്രം വിക്ഷേപണം സാധ്യമാകുന്ന പി.എസ്.എല്‍.വിക്കായി കാത്തിരിക്കേണ്ട സാഹചര്യം നിലവിലുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് മാസത്തില്‍ രണ്ടോ മൂന്നോ തവണ വിക്ഷേപിക്കാവുന്ന എസ്.എസ്.എല്‍.വി, ഐ.എസ്.ആര്‍.ഒ തിടുക്കത്തില്‍ വികസിപ്പിച്ചെടുത്തത്.പി.എസ്.എല്‍.വിയെക്കാള്‍ നാലിലൊന്ന് ചെലവ് കുറച്ച് എസ്.എസ്.എല്‍.വികള്‍ നിര്‍മ്മിക്കാന്‍ സാധിക്കും. ഇതുകൊണ്ടൊക്കെയാണ് ഐ.എസ്.ആര്‍.ഒയുടെ പ്രധാനപ്പെട്ട വരുമാനശ്രോതസ്സുകളില്‍ ഒന്നായി എസ്.എസ്.എല്‍.വി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ ഒരു കിലോ ഭാരം ബഹിരാകാശത്തെത്തിക്കാന്‍ പി.എസ്.എല്‍.വിക്ക് ചെലവ് 20000 ഡോളര്‍ ആണെങ്കില്‍ എസ്.എസ്.എല്‍.വിയുടെ ചെലവ് 15000 ഡോളര്‍ മാത്രമാണ്. നിര്‍മ്മാണത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികളുടെ എണ്ണം, ലോഞ്ച് വെഹിക്കിളിന്റെ കൂട്ടിയോജിപ്പിക്കല്‍ വിക്ഷേപണത്തയിലേയ്ക്കുള്ള എത്തിക്കല്‍ എന്നിവയിലെല്ലാം പി.എസ്.എല്‍.വിയെക്കാള്‍ ചെലവു കുറവും സുഗമവുമാണ് എസ്.എസ്.എല്‍.വി.

ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവർ എർത്ത് ഓർബിറ്റുകളിൽ മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ എത്തിക്കാനാണ് എസ്എസ്എൽവി ലക്ഷ്യമിട്ടത്. സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്നും കുതിച്ചുയർന്ന് മിനിറ്റുകൾക്കകം എസ്.എസ്.എൽവി ഈ ദൗത്യം വിജയകരമായി പൂ‍ർത്തിയാക്കി. രാജ്യത്തിന്‍റെ അഭിമാന വാഹനമായ പിഎസ്എൽവിയുടെ ചെറു പതിപ്പായാണ് എസ്എസ്എൽവിയെ കണക്കുകൂട്ടുന്നത്. രാജ്യാന്തര ബഹിരാകാശ ഗവേഷണ ഏജന്‍സികള്‍ക്ക് പുറമെ ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, സാങ്കേതിക സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം നിരീക്ഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കുമായി മൈക്രോസാറ്റുകള്‍ നിര്‍മ്മിക്കുകയും വിക്ഷേപിക്കുകയും ചെയ്യുന്നത് സര്‍വ്വസാധാരണമായിട്ടുണ്ട്.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന എസ്എസ്എൽവിയുടെ ആദ്യ വിക്ഷേപണം പരാജയമായിരുന്നു. വാഹനത്തിന്‍റെ ആക്സിലറോമീറ്ററിലുണ്ടായ തകരാർ പരിഹരിച്ചതിന് ശേഷമാണ് രണ്ടാം വിക്ഷേപണത്തിന് ഐഎസ്ആ‍ർഒ ഇറങ്ങിയത്. രാജ്യാന്തര ബഹിരാകാശ ഏജന്‍സികളെ സംബന്ധിച്ച് ഇത്തരം മൈക്രോസാറ്റുകളുടെ വിക്ഷേപണം മികച്ചൊരു വരുമാനമാര്‍ഗ്ഗമാണ്. മൈക്രോസാറ്റുകള്‍ ചെലവ് കുറച്ച് വിക്ഷേപിച്ച് രാജ്യാന്തര ബഹിരാകാശ വിപണയില്‍ ചുവടുറപ്പിക്കാനുള്ള ഐ.എസ്.ആര്‍.ഒയുടെ ശ്രമങ്ങള്‍ക്ക് ഈ ദൗത്യവിജയം ഗതിവേഗം കൂട്ടുമെന്നാണ് കരുതപ്പെടുന്നത്.

You might also like