ഭൂമിപതിവ് ഭേദഗതി നിയമം യഥാര്‍ത്ഥ ഭൂഉടമകള്‍ക്ക് ഹാനികരം ,ചട്ടം ഭേദഗതിചെയ്തു പ്രശ്‌നം പരിഹരിക്കണം കോൺഗ്രസ്സ്

ചട്ടം മുന്‍കാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യുകയായിരുന്നു വേണ്ടത് 1993-ലെ പ്രത്യേക ഭൂമിപതിവ് ചട്ടത്തിലെ 3-ാം ചട്ട പ്രകാരം വീടു വയ്ക്കുന്നതിനോ കൃഷിചെയ്യുന്നതിനോ, കടമുറി പണിയുന്നതിനോ വനഭൂമി പതിച്ചു നല്‍കാമെന്നാണ് വ്യവസ്ഥ.പ്രസ്തുത ചട്ടവും മേല്‍ വിവരിച്ചതു പോലെ മുന്‍കാല പ്രാബല്യത്തോടെ കാലാനുസൃതമായി ഭേദഗതി ചെയ്യണം

0

തൊടുപുഴ | 2023-ലെ ഭൂമിപതിവ് ഭേദഗതി നിയമം യഥാര്‍ത്ഥ ഭൂഉടമകള്‍ക്ക് ഹാനികരമാണെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് എസ് അശോകന്‍ പ്രസ്താവിച്ചു.
കേരളത്തിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉാക്കാനായി ഭൂമിപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന 17-12-2019-ലെ സര്‍വ്വകക്ഷി യോഗ തീരുമാനം ഇതുവരെ നടപ്പാക്കാന്‍ കൂട്ടാക്കാത്ത സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ കബളിപ്പിച്ചിരിക്കുകയാണ്.
കയറി കിടക്കാനൊരു വീടു വയ്ക്കാനും കൃഷി ചെയ്തു ജീവിക്കാനും ഒരുതുണ്ട് ഭൂമി സ്വപ്നം കണ്ടവർക്ക്  1960-ലെ ഭൂമിപതിവ് നിയമവും 1964-ലെ ഭൂമിപതിവ് ചട്ടങ്ങളും 01-01-1977-ന് മുമ്പുള്ള വന ഭൂമിയിലെ കയ്യേറ്റങ്ങള്‍ സാധൂകരിക്കുന്ന 1993-ലെ പ്രത്യേക ഭൂമിപതിവ് ചട്ടങ്ങളും അന്നത്തെ ഭൗതിക സാഹചര്യങ്ങളില്‍ ആഗ്രഹിച്ചതിനും അപ്പുറമായിരുന്നു.
കാലം മാറിയപ്പോള്‍ ഭൗതിക സാഹചര്യങ്ങളും അടിസ്ഥാന ആവശ്യങ്ങളും അപ്പാടെ മാറി. കൃഷി ലാഭകരമല്ലാതായപ്പോള്‍ ഇതര ജീവിത മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനായി വാണിജ്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായി. അടിസ്ഥാന സൗകര്യ വികസനം സാമൂഹ്യ പുരോഗതിയുടെ അടിത്തറയായി മാറിയതോടെ പട്ടയങ്ങളിലെ ചട്ടങ്ങളും നിബന്ധനകളും കാറ്റില്‍ പറത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍കഥയായി. ആരും അതൊന്നും ചട്ടലംഘനങ്ങളായി കണ്ടില്ല . എല്ലാം നിയമാനുസരണമെന്നോണം മാറി മാറി ഭരിച്ച സര്‍ക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും അനുമതിയോടെയാണ് നടന്നതും നടന്നു നടന്നുകൊണ്ടിരുന്നതും. അതിനിടയിലേക്കാണ് കയ്യേറ്റക്കാരുടേയും, റിയല്‍ എസ്റ്റേറ്റുകാരുടേയും, റിസോര്‍ട്ട് മാഫിയായുടേയും ബെല്ലും ബ്രേക്കുംമില്ലാത്ത കടന്നു വരവ്. അതോടെ യഥാര്‍ത്ഥ പട്ടയ ഉടമകളേയും സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റക്കാരേയും തിരിച്ചറിയാന്‍ വയ്യാതായി.
തീരപ്രദേശങ്ങളിലും, നാട്ടുംപുറങ്ങളിലും പാടം നികത്തിയും തോടും, പുഴയും, കായലും, കടലും കയ്യേറി പരിസ്ഥിതി തകിടം മറിച്ച് പണിതുയര്‍ത്തിയ ബഹുനില കെട്ടിടങ്ങളിലെ ശീതീകരിച്ച മുറികളിലിരുന്നു കൊണ്ട് കപട പ്രകൃതിസ്‌നേഹികള്‍ സഹ്യപര്‍വ്വത നിരകളില്‍ അതിജീവിതത്തിനായി പോരാടുന്നവരെ കയ്യേറ്റക്കാരും പരിസ്ഥിതി ഘാതകരുമാക്കി വ്യവഹാരങ്ങള്‍ക്ക് ഇറങ്ങി പുറപ്പെട്ടപ്പോള്‍ ജീവിക്കാനും തലചായ്ക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി നടത്തിയ നിര്‍മ്മാണങ്ങള്‍ അത്രയും ചട്ടലംഘനമായി മാറുന്ന സ്ഥിതിയായി. മരട് ഫ്‌ളാറ്റ് കേസിലെ സുപ്രീം കോടതി വിധി കൂടി വന്നതോടെ ആരെങ്കിലും കോടതിയില്‍ പോയാല്‍ എല്ലാം പൊളിച്ചു മാറ്റേി വരുമെന്ന അവസ്ഥയായി. അതെല്ലാം തികച്ചും അപ്രായോഗികവും മനുഷ്യത്വരഹിതവുമാണ് എന്ന് തിരിച്ചറിയാന്‍ സര്‍ക്കാരിന് കഴിയാതെ വന്നപ്പോഴാണ് മലയോര നിവാസികള്‍ ഭൂമി പതിവ് ചട്ടങ്ങള്‍ കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് തുടര്‍ സമരങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതരായതും 17-12-2019-ലെ സര്‍വ്വകക്ഷി യോഗ തീരുമാനം ഉണ്ടായതും.

1964-ലെ ഭൂമി പതിവ് ചട്ടങ്ങളിലെ 4-ാം ചട്ടം നിലനിര്‍ത്തി കൊണ്ടാണ്
2023-ലെ ഭൂമി പതിവ് ഭേദഗതി നിയമം പാസ്സാക്കിയിരിക്കുന്നത്. 4-ാം ചട്ട പ്രകാരം പട്ടയ ഭൂമിയില്‍ കൃഷി ചെയ്ത് വീട് വെച്ചു താമസിക്കുന്നതിന് മാത്രമേ ഉടമസ്ഥര്‍ക്ക് അധികാരമുള്ളു.ആയതിന് വിരുദ്ധമായി വസ്തുവില്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
സാധൂകരിക്കാന്‍ സര്‍ക്കാരിന് വിവേചനാധികാരം നല്‍കുന്നതിന് 1960-ലെ ഭൂമിപതിവ്നിയമത്തില്‍ 4 (എ) 4 (എ) (2) വകുപ്പുകള്‍ കൂട്ടി ചേര്‍ത്തത്.
1964-ലെ ഭൂമി പതിവ് ചട്ടങ്ങളിലെ 4-ാം ചട്ടം അപ്പാടെ ഒഴിവാക്കി വീടു വച്ചു താമസ്സിക്കുന്നതിനും കൃഷി ചെയ്യുന്നതിനും പൂറമെ വാണിജ്യ നിര്‍മാണ പ്രവര്‍ത്തികളും അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തികളും ചെയ്യുവാന്‍ സര്‍ക്കാര്‍ ഭൂമി പട്ടയം നല്‍കി പതിച്ചു നല്‍കാമെന്ന് കൂട്ടി ചേര്‍ത്ത് പ്രസ്തുത
ചട്ടം മുന്‍കാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യുകയായിരുന്നു വേണ്ടത്
1993-ലെ പ്രത്യേക ഭൂമിപതിവ് ചട്ടത്തിലെ 3-ാം ചട്ട പ്രകാരം വീടു വയ്ക്കുന്നതിനോ കൃഷിചെയ്യുന്നതിനോ, കടമുറി പണിയുന്നതിനോ വനഭൂമി പതിച്ചു നല്‍കാമെന്നാണ് വ്യവസ്ഥ.പ്രസ്തുത ചട്ടവും മേല്‍ വിവരിച്ചതു പോലെ മുന്‍കാല പ്രാബല്യത്തോടെ കാലാനുസൃതമായി ഭേദഗതി ചെയ്യണം.
1964-ലെ ഭൂമിപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് ആദ്യപടിയായി 1960-ലെഭൂമിപതിവ് നിയമം ഭേദഗതി ചെയ്യണമെന്ന സര്‍ക്കാര്‍ തീരുമാനം നിയമ വിരുദ്ധമാണ്.1964-ലെ ഭൂമിപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് മുന്നോടിയായി 1960-ലെ ഭൂമിപതിവ്നിയമം ഭേദഗതി ചെയ്യേആവശ്യം
തന്നെ ഉണ്ടായിരുന്നില്ല 1960-ലെ ഭൂമിപതിവ്നിയമത്തിലെ 3-ാം വകുപ്പ് പ്രകാരം സര്‍ക്കാര്‍ ഭൂമി ഉപാധിരഹിതമായോ,ഉപാധികളോടെയോ പതിച്ചു നല്‍കാവുന്നതാണ്. 1964-ലെ ഭൂമിപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടേആവശ്യം
പോലും ഉണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
1960-ലെ ഭൂമിപതിവ് നിയമത്തിലെ 7 (1) വകുപ്പ് പ്രകാരം സര്‍ക്കാര്‍ ഭൂമി പതിച്ച്നല്‍കുന്നതിന് ആവശ്യമായ ചട്ടങ്ങള്‍ ഉണ്ടാക്കാൻ സര്‍ക്കാരിന് അധികാരമുണ്ട് .അപ്രകാരം ഉണ്ടാക്കുന്ന ചട്ടങ്ങള്‍ 7 (2) വകുപ്പ് പ്രകാരം ഗസറ്റ് വിജ്ഞാപനം നടത്തണമെന്നും ഗസറ്റ് വിജ്ഞാപന തീയതിക്ക് 14 ദിവസത്തിനുള്ളില്‍ നിയമസഭയില്‍ അവതരിപ്പിച്ച് സഭ നിര്‍ദ്ദേശിക്കുന്ന ഭേദഗതികളോടെ നടപ്പില്‍ വരുത്തണമെന്നാണ് 7 (3) ചട്ടം അനുശാസിക്കുന്നത്. 7-ാം ചട്ടപ്രകാരമുള്ള അധികാരം വിനിയോഗിച്ച് . യു ഡി എഫ് സര്‍ക്കാരുകളുടെ കാലത്ത് ചട്ടങ്ങള്‍ ഭേദഗതി ചെയ്തിട്ടുമുണ്ട് .1964-ലെ ഭൂമിപതിവ് ചട്ടങ്ങളിലെ 5-ാം ചട്ടപ്രകാരം ഹൈറേഞ്ച് മേഖലയില്‍ പരമാവധി 4 ഏക്കര്‍ കരഭൂമിക്ക് വരെ പട്ടയം നല്‍കാമെന്നായിരുന്നു വ്യവസ്ഥ. യശശരീരനായ കെ എം മാണി റവന്യുമന്ത്രി ആയിരുന്ന കാലത്ത് പ്രസ്തുത ചട്ടം ഭേദഗതി ചെയ്ത് ഒരേക്കര്‍ ആയി കുറച്ചു(27-05-2005 തീയതിയിലെ എസ് ആര്‍ ഒ നമ്പര്‍ 545/2005). 2013-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അടൂര്‍പ്രകാശ് റവന്യു മന്ത്രി ആയിരിക്കെ പ്രസ്തുത ചട്ടം 24-12-2013 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വീണ്ടും ഭേദഗതി ചെയ്ത് 4 ഏക്കറായി
പുനസ്ഥാപിച്ചു (07-10-2014 തീയതിയിലെ എസ് ആര്‍ ഒ നമ്പര്‍ 607/2014)

നിയമസഭ വിളിച്ചുകൂട്ടി ബില്‍ അവതരിപ്പിക്കാതെ തന്നെ ചട്ടങ്ങള്‍ ഭേദഗതിചെയ്യാനുള്ള അധികാരം വിനിയോഗിക്കാതെ 1960-ലെ ഭൂമിപതിവ് നിയമ ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയത് ദുരുദേശ്ശപരമാണ്. ബില്‍ നിയമമകണമെങ്കില്‍ ഗവര്‍ണറുടെ അനുമതി അനിവാര്യമാണ്. ഗവര്‍ണര്‍ അനുമതി നിഷേധിച്ചാല്‍ ബില്‍ ചവറ്റുകുട്ടയിലാകും. 1960-ലെ ഭൂമിപതിവ് നിയമത്തിലെ 7-ാം വകുപ്പ് പ്രകാരം ഗസറ്റ് വിജ്ഞാപനത്തിലൂടെ 1964-ലെ ഭൂമിപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനുള്ള അവസരമാണ് സര്‍ക്കാര്‍ കളഞ്ഞു കുളിച്ചത്.

മാറി മാറി ഭരിച്ച സര്‍ക്കാരുകളുടേയും തദ്ദേശസ്വയംഭരണ സമിതികളുടെയും അറിവോടെയും അനുമതിയോടെയും ഇതുവരെ പട്ടയ ഭൂമികളില്‍ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പിഴ ഒടുക്കി ക്രമവത്കരിക്കേി വരുന്നത് അന്യായമാണ്. ഭൂ ഉടമകളെ കൊള്ളയടിച്ച് ഖജനാവ് നിറക്കാനും കേരളം ഇതുവരെ കാണാത്ത രാഷ്ട്രിയ-ഉദ്യോഗസ്ഥ അഴിമതിക്ക് വഴിയൊരുക്കാനുമാണ് വിവാദ നിയമ ഭേദഗതി.
1960-ലെ ഭൂമിപതിവ് നിയമം ഭേദഗതി ചെയ്യണമെന്നോ ചട്ടം ലംഘിച്ച് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ക്രമവത്കരിക്കണമെന്നോ പട്ടയ ഉടമകള്‍ ആവശ്യപ്പെട്ടിട്ടില്ല. 1964-ലെ ഭൂമിപതിവ് ചട്ടങ്ങളും 1993-ലെ പ്രത്യേക ഭൂമിപതിവ് ചട്ടങ്ങളും മുന്‍കാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യണമെന്നാണ് പട്ടയ ഉടമകള്‍ ആവശ്യപ്പെട്ടിരുന്നതും, നിരന്തരമായി സമരം ചെയ്തതും, 17-12-2019-ലെ സര്‍വ്വകക്ഷി യോഗം തീരുമാനിച്ചതും.
2023-ലെ ഭൂമിപതിവ് നിയമഭേദഗതി പാസാക്കിയതില്‍ ഊറ്റം കൊള്ളുന്നവരും കരട് ബില്ലുകള്‍ കത്തിച്ച് പ്രതിഷേധിച്ചവരെ ആക്ഷേപിക്കുന്നവരും 1964-ലെ ഭൂമിപതിവ് ചട്ടങ്ങളിലെ 4-ാം ചട്ടം അതേപോലെ നിലനിര്‍ത്തിയത് ജനങ്ങളെ ദ്രേഹിക്കാനാണെന്ന് മറക്കരുത്. 4-ാം വകുപ്പ് നിലനിര്‍ത്തിയതിനാല്‍ പട്ടയ വസ്തുക്കളില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഇതുവരെ നടത്തിയ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തികളും പിഴ ഒടുക്കി ക്രമവത്കരിക്കേഗതികേടിലാകും പട്ടയ ഉടമകള്‍.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടപ്പില്‍ വന്ന നിര്‍മ്മാണ നിരോധന ഉത്തരവുകളും ദുരന്ത സാധ്യതാ മേഖലയായി കണക്കാക്കി മൂന്നാര്‍ മേഖലയിലെ 13 വില്ലേജുകളില്‍ നടപ്പാക്കിയ നിരോധന ഉത്തരവും ഇപ്പോഴും പ്രാബല്യത്തില്‍ തുടരുകയാണ്. ഏറെ കെട്ടിഘോഷിക്കപ്പെട്ട നിയമ ഭേദഗതി കൊണ്ടും ജനങ്ങള്‍ക്ക് യാതൊരു ആശ്വാസവും ലഭിച്ചിട്ടില്ല എന്ന സത്യത്തിന് മറ്റെന്ത് തെളിവ് വേണം? പട്ടയ ഉടമകള്‍ക്ക് പട്ടയഭൂമികളില്‍ ഒന്നും ചെയ്യാനാകാത്ത സ്ഥിതിയുണ്ടാക്കിയ സര്‍ക്കാര്‍ വികസന പദ്ധതികളുടെ മറവില്‍ യാതൊരു നിയന്ത്രണവുമില്ലാത്ത വനനശീകരണവും വന്‍നിര്‍മ്മാണ പ്രവര്‍ത്തികളും നടത്തി കൊണ്ടിരിക്കുകയാണ്. പാടങ്ങളും, ചതുപ്പുകളും, തോടുകളും, കുളങ്ങളും നികത്തിയും, മലയടിച്ചു നിരത്തിയുമുള്ള സര്‍ക്കാര്‍ നിര്‍മ്മാണങ്ങള്‍ ജില്ലയില്‍ സര്‍വ്വ സാധാരണമാണ്. തള്ളക്കോഴി ചവിട്ടിയാല്‍ പിള്ളക്കോഴിക്ക് നോവില്ല എന്ന ഭാവത്തിലാണ് സര്‍ക്കാര്‍. സര്‍ക്കാരിന് ഇതൊക്കെ ആകാമെങ്കില്‍ 1964-ലെ ഭൂമിപതിവ് ചട്ടങ്ങളിലെ 4-ാം ചട്ടം നിലനിര്‍ത്തി ഉപാധികളോടെ പട്ടയം നല്‍കുന്നത് വിവേചനമാണ്.
1964-ലെ ഭൂമി പതിവ് ചട്ടങ്ങളിലെ 4-ാം ചട്ട പ്രകാരവും 1993-ലെ പ്രത്യേക ഭൂമിപതിവ് ചട്ടങ്ങളിലെ 3-ാം ചട്ടപ്രകാരവുമാണ് പട്ടയങ്ങളിലെ ഉപാധികള്‍. പ്രസ്തുത ചട്ടങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ ഭേദഗതി ചെയ്താല്‍ ചട്ടം ലഘിച്ച് നടത്തിയ പട്ടയ ഭൂമിയിലെ നിര്‍മ്മിതികള്‍ അത്രയും നിയമാനുസരണമാവും. നിര്‍മ്മാണ നിരോധന ഉത്തരവുകളും അപ്രസക്തമാകും. കേരളത്തിലെ സങ്കീര്‍ണ്ണമായ എല്ലാ ഭൂവിഷയങ്ങളും അതോടെ അവസാനിക്കും. ചട്ടങ്ങള്‍ ഭേദഗതി ചെയ്യാതെ 1960-ലെ ഭൂമിപതിവ് നിയമം ഭേദഗതി ചെയ്തതിന്റെ പേരില്‍ ഊറ്റം കൊള്ളുന്നവര്‍ വിഢികളുടെ സ്വര്‍ഗത്തിലാണ്. അതെ! ഭൂമിപതിവ് ഭേദഗതി നിയമം കൊണ്ട് പട്ടയ ഉടമകള്‍ക്ക് യാതൊരു പ്രയോജനവുമില്ല. നേരെ മറിച്ച് കൊടിയ ജനവഞ്ചനയും ജനദ്രോഹവുണെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി പ്രസ്താവിച്ചു.പത്രസമ്മേളനത്തില്‍ ഡി സി സി ജനറല്‍ സെക്രട്ടറി എന്‍ ഐ ബെന്നി കേരളാ പ്രദേശ് എക്‌സ് സര്‍വീസ്‌മെന്‍ കോണ്‍ഗ്രസ് ഇടുക്കി ജില്ലാ ചെയര്‍മാന്‍ അഡ്വക്കേറ്റ് റെജി ജി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You might also like

-