കോവിഡ് പ്രതിരോധം സർവ്വകക്ഷിയോഗം ഇന്ന് നിയന്ത്രങ്ങൾ കടുപ്പിക്കും

സംസ്ഥാനത്ത് സമ്പൂര്‍ണലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന നിലപാടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളത്.

0

തിരുവനന്തപുരം :കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സര്‍വ്വകക്ഷി യോഗം രാവിലെ ചേരും. സമ്പൂര്‍ണ ലോക്ഡൗണ്‍ ഒഴിവാക്കി കര്‍ശനമായ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്താനുള്ള തീരുമാനം യോഗത്തില്‍ ഉണ്ടായേക്കും. വോട്ടെണ്ണല്‍ ദിവസം ആഘോഷങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനവും യോഗത്തിലുണ്ടാകും. കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും സംസ്ഥാനത്ത് സമ്പൂര്‍ണലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന നിലപാടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളത്. എല്‍.ഡി.എഫും യുഡിഎഫും ബിജെപിയും ഈ നിലപാട് യോഗത്തില്‍ അറിയിക്കും.

കോവിഡ് രൂക്ഷമായ മേഖലകള്‍ തിരിച്ച് കര്‍ശനമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന നിലപാട് രാഷ്ട്രീയ പാര്‍ട്ടികള്‍ യോഗത്തില്‍ ഉന്നയിക്കും.ജനങ്ങള്‍ക്ക് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തീരുമാനങ്ങള്‍ എടുക്കരുതെന്നാണ് പാര്‍ട്ടികളുടെ നിലപാട്. കഴിഞ്ഞ രണ്ട് ദിവസം ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങള്‍ തുടരണമെന്നാവശ്യം ആരോഗ്യപ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ട്. അതേകുറിച്ചുള്ള തീരുമാനം യോഗത്തിലുണ്ടാകും. വോട്ടണ്ണല്‍ ദിവസമായ മേയ് രണ്ടിന് ആഘോഷ പരിപാടികള്‍ ഒഴിവാക്കണമെന്നാണ് പൊതുവെ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട്. വോട്ടെണ്ണല്‍ കേന്ദ്രത്തിലടക്കം ആള്‍ക്കൂട്ടം ഒഴിവാക്കാനും ആഘോഷങ്ങള്‍ ഒഴിവാക്കാനും സര്‍വ്വകക്ഷി യോഗം തീരുമാനിക്കും. വാക്സിന്‍ ചലഞ്ചിനോട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും യോജിക്കാനാണ് സാധ്യത. വാക്സിന്‍ സൗജന്യമായി നല്‍കണമെന്നാവശ്യം കേന്ദ്രത്തില്‍ വീണ്ടും ഉന്നയിക്കാനുള്ള തീരുമാനവുമുണ്ടാകും.