മുന്നാക്ക സംവരണത്തിനുള്ള വരുമാന പരിധി ഈ വർഷം 8 ലക്ഷമായി തുടരും

കഴിഞ്ഞ ജൂലൈ 29നാണ് മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ ഉത്തരവിട്ടത്. ഇതിനെ ചോദ്യം ചെയ്തു നിരവധി പൊതുതാത്പര്യഹർജികൾ സുപ്രീം കോടതിയിൽ ലഭിച്ചിരുന്നു

0

ഡൽഹി | മുന്നാക്ക സംവരണത്തിനുള്ള വരുമാന പരിധി ഈ വർഷം 8 ലക്ഷമായി തുടരുമെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിൽ സത്യവാങ്മൂലത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംവരണ മാനദണ്ഡത്തിലെ മാറ്റങ്ങൾ അടുത്ത വർഷം മുതൽ നടപ്പാക്കുമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.മെഡിക്കൽ കോഴ്‌സുകൾക്ക് പ്രവേശനം ലഭിക്കുന്നതിനും നിലവിലെ നിബന്ധനകൾ തന്നെയായിരിക്കും രാജ്യം മുഴുവനും ബാധകമെന്നും കേന്ദ്രം അറിയിച്ചു. നിബന്ധനകൾ മാറ്റുന്നത് അടുത്ത വർഷം പരിഗണിക്കും. മുന്നാക്ക സംവരണത്തിനുള്ള നിബന്ധനകൾ ഇപ്പോൾ മാറ്റിയാൽ പ്രവേശനം നേടുന്നതും നീറ്റ് പരീക്ഷ പാസായ വിദ്യാർഥികൾക്ക് കോളജ് അനുവദിക്കുന്നതും സങ്കീർണമാകും.

കഴിഞ്ഞ ജൂലൈ 29നാണ് മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ ഉത്തരവിട്ടത്. ഇതിനെ ചോദ്യം ചെയ്തു നിരവധി പൊതുതാത്പര്യഹർജികൾ സുപ്രീം കോടതിയിൽ ലഭിച്ചിരുന്നു. മുന്നാക്ക സംവരണത്തിനുള്ള വാർഷിക വരുമാനപരിധി 8 ലക്ഷം രൂപയായി തുടരണമെന്ന ശുപാർശയുമായി കേന്ദ്ര സർക്കാർ നിയോഗിച്ച മൂന്നംഗ സമിതി റിപ്പോർട്ട് നൽകിയിരുന്നു. അഖിലേന്ത്യാ ക്വോട്ട മെഡിക്കൽ പ്രവേശനത്തിനുള്ള 10% മുന്നാക്ക സംവരണം, 27% ഒബിസി സംവരണം എന്നിവ സംബന്ധിച്ച് സുപ്രീം കോടതിയിലുള്ള കേസിന്റെ പശ്ചാത്തലത്തിലാണു റിപ്പോർട്ട് നൽകിയത്. 2020ൽ മുന്നാക്ക സംവരണാനുകൂല്യം ലഭിച്ച 91% വിദ്യാർഥികളുടെയും കുടുംബ വാർഷിക വരുമാനം 5 ലക്ഷത്തിൽ താഴെയാണെന്നും സമിതി കണ്ടെത്തി. മറ്റു പരീക്ഷകളുടെ കാര്യത്തിലും സ്ഥിതി സമാനമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വരുമാന പരിധി മാറ്റേണ്ടെന്ന തീരുമാനത്തിൽ സമിതി എത്തിയത്.

You might also like

-