പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രിം കോടതി വിധിയിൽ പരിഹാര മാർഗങ്ങൾ കണ്ടെത്താൻ സർക്കാർ സർവകക്ഷി യോഗം വിളിക്കും.

ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന വിഷയത്തിൽ ശക്തമായ നടപടികൾക്കാണ് സർക്കാർ തീരുമാനം. സർവകക്ഷി യോഗം വിളിച്ച് പ്രശ്‌നം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തോട് സർക്കാരിനും അനുകൂല നിലപാടാണെന്നാണ് സൂചന

0

തിരുവനന്തപുരം| പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രിം കോടതി വിധിയിൽ പരിഹാര മാർഗങ്ങൾ കണ്ടെത്താൻ സർക്കാർ സർവകക്ഷി യോഗം വിളിക്കും. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും വിഷയം ചർച്ചയാകും. വിഷയത്തിൽ സ്വീകരിക്കേണ്ട നിയമവഴികൾ ആലോചിക്കാൻ വനം മന്ത്രി എ.കെ.ശശീന്ദ്രൻ വിളിച്ച യോഗവും ഇന്ന് ചേരുന്നുണ്ട്.യോഗം വിളിക്കാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു

ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന വിഷയത്തിൽ ശക്തമായ നടപടികൾക്കാണ് സർക്കാർ തീരുമാനം. സർവകക്ഷി യോഗം വിളിച്ച് പ്രശ്‌നം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തോട് സർക്കാരിനും അനുകൂല നിലപാടാണെന്നാണ് സൂചന. സർവകക്ഷി യോഗം വിളിക്കാനും കേന്ദ്രത്തിലേക്ക് പ്രതിനിധി സംഘത്തെ അയക്കാനും ഇന്നുതന്നെ തീരുമാനമുണ്ടായേക്കും.

ദൂരപരിധിയിൽ ഇളവ് വേണമെന്ന് കോടതിയോട് ആവശ്യപ്പെടാനാണ് ആലോചന. അഡ്വക്കേറ്റ് ജനറലുമായി വനം സെക്രട്ടറി പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു. വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അഡ്വക്കേറ്റ് ജനറലും വനം – പരിസ്ഥിതി, നിയമ സെക്രട്ടറിമാരും പങ്കെടുക്കും. ഈ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും നിയമ നടപടികൾ.
സുപ്രിംകോടതി വിധി നടപ്പിലാക്കേണ്ടി വന്നാൽ കുടിയൊഴിപ്പിക്കപ്പെടേണ്ടി വരുന്ന കുടുംബങ്ങളുടെയും നഷ്ടമാകുന്ന കൃഷിഭൂമിയുടേയും കണക്കെടുക്കാനും തീരുമാനമുണ്ട്. ഇതും സുപ്രിം കോടതിയെ ബോധിപ്പിക്കും.

You might also like