സ്വപ്‌ന സുരേഷിന്‍റെ ആരോപണം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു നാളെ കോൺഗ്രസ്സ് കരിദിനം

സ്വര്‍ണ്ണകള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് സ്വപ്ന വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെ വൈകുന്നേരം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടികളുമായി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി കരിദിനം ആചരിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു

0

തിരുവനന്തപുരം| സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിലുറച്ച് പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ വൈകുന്നേരം മുതൽ ബിരിയാണിച്ചെമ്പുമായി പ്രതിഷേധം നടത്തുകയായിരുന്നു കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, ബി ജെ പി, യുവമോർച്ച പ്രവ‍ർത്തകർ. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായി വിജയന് അവകാശമില്ലെന്ന പറഞ്ഞ കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തിന്‍റെ രാജി ആവശ്യം ശക്തമാക്കുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ട് നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് കെ പി സി സി വ്യക്തമാക്കിയിട്ടുണ്ട്.

സ്വര്‍ണ്ണകള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് സ്വപ്ന വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെ വൈകുന്നേരം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടികളുമായി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി കരിദിനം ആചരിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു. ഇതേ ആവശ്യം ഉന്നയിച്ച് ജൂണ്‍ 10 വെള്ളിയാഴ്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കളക്ടേറ്റ് മാര്‍ച്ച് നടത്തും. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ ഒരു മുഖ്യമന്ത്രിക്ക് പങ്കുണ്ടാകുന്നതെന്നും ഇത് ജനാധിപത്യത്തിന് തന്നെ അപമാനമാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

അതേസമയംമുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ് നടത്തിയ വെളിപ്പെടുത്തലിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം. യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളികളോടെയായിരുന്നു യുവമോർച്ചയുടെ മാർച്ച്.പ്രതിഷേധ മാർച്ചിനിടെ പ്രവർത്തകർ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചു. തുടർന്ന് പോലീസ് ജലപീരങ്കി ഉപയോഗിച്ചു. പ്രവർത്തകരും പോലീസുമായി ഉന്തും തള്ളും ഉണ്ടായി. റോഡ് ബ്ലോക്ക് ചെയ്തും യുവമോർച്ച പ്രതിഷേധം നടത്തി. മുഖ്യമന്ത്രി രാജിവെച്ച് പുറത്തുപോകണമെന്നാണ് യുവമോർച്ച പ്രവർത്തകരുടെ ആവശ്യം. തുടർന്ന് പിണറായി വിജയന്റെ കോലവും കത്തിച്ചു.

യുവമോർച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. യുമോർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

ബിരിയാണി ചെമ്പുമായി വേറിട്ട രീതിയിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ, പിണറായി വിജയന്റെ കോലം കത്തിച്ചു. മാർച്ച് തടഞ്ഞതോടെ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തി ചാർജ്ജ് നടത്തി, ജലപീരങ്കിയും പ്രയോഗിച്ചു

You might also like