ഇസ്രയേൽ- ഹമാസ് യുദ്ധത്തിൽ മരണസംഖ്യ 300 കവിഞ്ഞതായി റിപ്പോർട്ട് 900ലധികം പേര്‍ക്ക് പരിക്ക്

ശക്തമായി തിരിച്ചടിച്ച ഇസ്രയേല്‍ ഹമാസിന്റെ ഒളിത്താവളങ്ങളില്‍ വ്യോമാക്രമണം നടത്തുകയായിരുന്നു. ഹമാസിന്റെ 17 കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇന്ന് രാവിലെ അപ്രതീക്ഷിതമായാണ് ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം ആരംഭിച്ചത്. 20 മിനിറ്റിനിടെ ഇസ്രയേലിനെതിരെ 5000ൽ അധികം റോക്കറ്റുകൾ അയച്ചതായാണ് ഹമാസ് അവകാശപ്പെട്ടത്.

0

ടെല്‍ അവീവ് | ഇസ്രയേൽ- ഹമാസ് യുദ്ധത്തിൽ മരണസംഖ്യ ഉയരുന്നു. ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 100 ആയെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 900ലധികം പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ പരിക്ക് അതീവഗുരുതരമാണെന്നും ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേൽ ആക്രമണത്തിൽ 198 പേർ കൊല്ലപ്പെട്ടെന്ന് പലസ്തീൻ പറഞ്ഞതായും റിപോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇസ്രയേലിലെ ഹമാസ് ആക്രമണത്തിൽ യുഎൻ അപലപിച്ചു. നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ് പറഞ്ഞു. നാളെ യുഎന്നിൻ്റെ അടിയന്തര സുരക്ഷാ കൗൺസിൽ ചേരുന്നുണ്ട്.

ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ അടിയന്തിര ഉന്നത തല യോഗം ചേർന്നു. ഇസ്രയേൽ സൈന്യം യുദ്ധത്തിന് തയാറാണെന്ന് പ്രഖ്യാപിച്ചു. ആക്രമണത്തിന് ഹമാസ് ഭീകരസംഘം വലിയ വില നൽകേണ്ടി വരുമെന്ന് ഇസ്രയേൽ പ്രതിരോധ വക്താവ് പറഞ്ഞു. അൽ അഖ്‌സ പള്ളിക്കുനേരെ നടന്ന ഇസ്രായേലി അതിക്രമങ്ങൾക്ക് മറുപടിയാണ് ആക്രമണമെന്നാണ് ഹമാസിന്റെ വിശദീകരണം. ശക്തമായി തിരിച്ചടിച്ച ഇസ്രയേല്‍ ഹമാസിന്റെ ഒളിത്താവളങ്ങളില്‍ വ്യോമാക്രമണം നടത്തുകയായിരുന്നു. ഹമാസിന്റെ 17 കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇന്ന് രാവിലെ അപ്രതീക്ഷിതമായാണ് ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം ആരംഭിച്ചത്. 20 മിനിറ്റിനിടെ ഇസ്രയേലിനെതിരെ 5000ൽ അധികം റോക്കറ്റുകൾ അയച്ചതായാണ് ഹമാസ് അവകാശപ്പെട്ടത്. നിരവധി ഹമാസ് പോരാളികൾ ഇസ്രയേലിലേക്ക് നുഴഞ്ഞുകയറുകയും ചെയ്തിട്ടുണ്ട്. അടുത്ത കാലത്ത് ഇസ്രയേലിനെതിരെ നടക്കുന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്. നിരവധി ഇസ്രയേലികളെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ട്. ഇതിന്‍റെ വീഡിയോയും ഹമാസ് പുറത്തുവിട്ടു.

ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ഇസ്രയേലിന് ഇന്ത്യ ഐക്യദാർഢ്യം അറിയിച്ചു. സാഹചര്യത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഹമാസ് ആക്രമണം ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞു. ‘ഇസ്രയേലിലെ ആക്രമണ വാർത്ത ഞെട്ടലോടെയാണ് അറിഞ്ഞത്‌. ഞങ്ങളുടെ പ്രാർഥന നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പമാണ്. പ്രതിസന്ധി നിറഞ്ഞ ഈ മണിക്കൂറുകളില്‍ ഇസ്രയേലിന് ഐക്യദാർഢ്യം’ എന്നാണ് മോദി എക്‌സിൽ കുറിച്ചത്.

ഇസ്രയേലിലുള്ള ഇന്ത്യൻ പൗരൻമാരോട് ജാഗ്രതയോടെയിരിക്കാൻ വിദേശകാര്യ മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും ശ്രദ്ധയോടെ ഇരിക്കണമെന്നുമാണ് നിർദേശം. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും സുരക്ഷാ കേന്ദ്രങ്ങളിൽ തന്നെ തുടരണമെന്നും നിർദേശിച്ചിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങളിൽ ബന്ധപ്പെടാനായി ഫോൺ നമ്പറും നൽകിയിട്ടുണ്ട്. ഇസ്രയേലിലേക്കുള്ള വിമാന സ‍ർവീസുകൾ റദ്ദാക്കിയതായി എയ‍ർ ഇന്ത്യ അറിയിച്ചു. ദില്ലിയിൽ നിന്ന് ടെൽ അവീവിലേക്കും തിരിച്ചുമുള്ള സ‍ർവീസുകളാണ് റദ്ദാക്കിയത്.

ഇസ്രയേലിലെ ഹമാസ് ആക്രമണത്തെ അമേരിക്ക, യുകെ, ഫ്രാൻസ്, ജർമനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളും അപലപിച്ചു. തീവ്രവാദത്തിന് ന്യായീകരണമില്ലെന്നും ഹമാസിന്‍റെ ആക്രമണം ന്യായീകരിക്കാവുന്നതല്ലെന്നും അമേരിക്ക പറഞ്ഞു. യുദ്ധം അവസാനിപ്പിക്കണമെന്നും ഇരു രാജ്യങ്ങളും സമാധാനത്തിലേക്ക് നീങ്ങണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.

You might also like

-