ബിബിസി ആദായ നികുതി വകുപ്പ് പരിശോധന രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി

ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയിൽ ബിജെപി ഭരണകൂടം പ്രകോപിതരായിരുന്നു. ആ പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പ് ബിബിസിക്ക് നേരെ തിരിഞ്ഞിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വിമർശനം ഉയർന്നുകഴിഞ്ഞു

0

തിരുവനന്തപുരം | ബിബിസിയുടെ ദില്ലി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് പരിശോധന അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമാണ്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയിൽ ബിജെപി ഭരണകൂടം പ്രകോപിതരായിരുന്നു. ആ പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പ് ബിബിസിക്ക് നേരെ തിരിഞ്ഞിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വിമർശനം ഉയർന്നുകഴിഞ്ഞു. ഇത് അന്താരാഷ്ട്ര സമൂഹത്തിനുമുന്നിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുണ്ടാകുന്ന ഏതൊരു തെറ്റായ നടപടിയും പ്രതിഷേധാർഹമാണ്. നീക്കത്തെ ജനാധിപത്യ സമൂഹം ആശങ്കയോടെ കാണണമെന്നും’ പിണറായി ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധനയില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിബിസി ഡോക്യുമെന്ററിയുമായി റെയ്ഡിന് ബന്ധമില്ല. നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകട്ടേയെന്നും റെയ്ഡ് രാഷ്ട്രീയ പ്രേരിതമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സുരേന്ദ്രന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. മുഖ്യമന്ത്രി യാത്ര ചെയ്യുന്നത് കാരണം സംസ്ഥാനത്തെ സാധാരണക്കാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മുഖ്യമന്ത്രിയ്ക്ക് എന്തിനാണിത്ര ഭയമെന്നും കേരളത്തില്‍ മുഖ്യമന്ത്രിയ്ക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടോയെന്നും അദ്ദേഹം പരിഹസിച്ചു.

ബിബിസി ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്തുണയുമായി ബിജെപി. ബിബിസിയെ ‘അഴിമതി നിറഞ്ഞ കോര്‍പ്പറേഷന്‍’ എന്ന് വിശേഷിപ്പിച്ചാണ് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ രംഗത്തെത്തിയത്. ഇന്ത്യാവിരുദ്ധ പ്രൊപ്പഗാണ്ടയാണ് ബിബിസി നടപ്പാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് അവര്‍ ഭയക്കുന്നതെന്ന് ഗൗരവ് ഭാട്ടിയ ചോദിച്ചു. കോണ്‍ഗ്രസിനും ബിബിസിക്കും ഒരേ അജണ്ടയാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയിലെ നിയമം പാലിക്കാന്‍ ബിബിസി ബാധ്യസ്ഥരാണ്. ആദായനികുതി വകുപ്പിനെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണം. സര്‍ക്കാര്‍ ഏജന്‍സികള്‍ ഇപ്പോള്‍ കൂട്ടിലിട്ട തത്തയല്ലെന്നും ഗൗരവ് ഭാട്ടിയ പറഞ്ഞു.

ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധനയില്‍ വിമര്‍ശനവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇപ്പോഴും ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവ് എന്ന് വിളിക്കുന്നു എന്ന പരിഹാസത്തോടെയാണ് യെച്ചൂരി ട്വീറ്റ് പങ്കുവെച്ചത്.’ആദ്യം ബിബിസി ഡോക്യുമെന്ററികള്‍ നിരോധിച്ചു. അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം ഇല്ലാതിരിക്കുക. ഇപ്പോള്‍ ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഇപ്പോഴും ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവ് എന്ന് വിളിക്കുന്നു’, സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.
അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. അദാനിയുടെ വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെടുന്നു. എന്നാൽ സർക്കാർ ബിബിസിയിൽ പരിശോധന നടത്തുന്നുവെന്ന് ജയറാം രമേശ് ആഞ്ഞടിച്ചു. വിനാശ കാലേ വിപരീത ബുദ്ധിയെന്ന് കോൺഗ്രസ് വിമർശിച്ചു.

ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ വിമര്‍ശനവുമായി എ എ റഹീം എംപി. ഇന്ത്യന്‍ ഭരണഘടന ഉറപ്പ് തരുന്ന ഏതൊരു പൗരനുമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നാക്രമണമാണിതെന്ന് എ എ റഹീം പറഞ്ഞു.’തന്നെ വിമര്‍ശിക്കാനുള്ള മാധ്യമ സ്വാതന്ത്ര്യം ഇവിടെ ഒരുത്തനും അനുവദിച്ചു തന്നിട്ടില്ലെന്ന നരേന്ദ്ര മോദിയുടെ ഭീഷണിയാണിത്. ബിബിസിയോട് മാത്രമല്ല മറ്റെല്ലാ മാധ്യമങ്ങളോടും വ്യക്തികളോടുമെല്ലാമുള്ള സന്ദേശം. തന്നെ വിമര്‍ശിച്ചാല്‍ തുലച്ചുകളയുമെന്ന ഭീഷണി. അദാനിയുടെ തട്ടിപ്പുകളെ കുറിച്ചു അന്വേഷണമില്ല, റെയ്ഡില്ല, പ്രതികരണവുമില്ല’, എ എ റഹിം ഫേസ്ബുക്കില്‍ കുറിച്ചു.

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ പുറത്തുവന്ന് ആഴ്ചകൾക്കുശേഷമാണ് ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിൽ റെയ്ഡ് നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഡോക്യുമെന്ററിക്ക് സമൂഹമാധ്യമങ്ങളിൽ കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ഡോക്യുമെന്ററി നിരോധിക്കണമെന്ന ഹർജി സൂപ്രീം കോടതി തള്ളി.

You might also like