ജഡ്ജിയുടെ പേരിൽ കൈക്കൂലി, സൈബി ജോസിന്റെ വിശദീകരണം തേടാൻ ബാർ കൗൺസിൽ യോഗം തീരുമാനിച്ചു

സമയം, ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണവിധേയനായ സൈബി ജോസ് കിടങ്ങൂരിനെതിരെ കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രാഥമിക റിപ്പോർട്ട് കൈമാറി. പ്രത്യേക ദൂതൻ വഴിയാണ് ഡി ജി പിക്ക് റിപ്പോർട്ട് നൽകിയത്

0

കൊച്ചി | ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസിനെതിരെ ബാർ കൗൺസിൽ സ്വമേധയാ നടപടി തുടങ്ങി. പരാതികളിൽ സൈബി ജോസിന്റെ വിശദീകരണം തേടാൻ ബാർ കൗൺസിൽ യോഗം തീരുമാനിച്ചു. കേന്ദ്ര നിയമ മന്ത്രാലയത്തിൽ നിന്നുള്ള കത്തിന്റെ അടിസ്ഥാനത്തിലാണ് ആരോപണവിധേയനായ അഭിഭാഷകനെതിരെ നടപടിയാരംഭിച്ചത്. ഒരു കൂട്ടം അഭിഭാഷകരാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന് സൈബി ജോസിനെതിരെ പരാതി നൽകിയത്. പരാതിക്കാരായ അഭിഭാഷകരുടെ വിശദീകരണവും ബാർ കൗൺസിൽ കേൾക്കും.

ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണവിധേയനായ സൈബി ജോസ് കിടങ്ങൂരിനെതിരെ കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രാഥമിക റിപ്പോർട്ട് കൈമാറി. പ്രത്യേക ദൂതൻ വഴിയാണ് ഡി ജി പിക്ക് റിപ്പോർട്ട് നൽകിയത്. പ്രാഥമിക പരിശോധനയിൽ ആരോപണം ഗൗരവമുള്ളതാണെന്ന് വ്യക്തമായെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് റിപ്പോർട്ടിലെ ശുപാർശ. അഭിഭാഷകർ അടക്കം 14 പേരുടെ മൊഴികളും രേഖകളും അടക്കമാണ് റിപ്പോർട്ട്. കമ്മീഷണറുടെ റിപ്പോർട്ടിന് അടിസ്ഥാനത്തിലാണ് സൈബി ജോസിനെതിരെ കേസെടുക്കേണ്ടതുണ്ടോ എന്ന് ഡിജിപി തീരുമാനിക്കുക. ഹൈക്കോടതി വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പൊലീസ് പ്രാഥമിക പരിശോധന നടത്തിയത്.

അതിനിടെ, ജഡ്ജിയ്ക്ക് കൈക്കൂലി നൽകാൻ പണം വാങ്ങിയെന്ന പരാതിയിൽ അന്വേഷണം നേരിടുന്ന അഡ്വ. സൈബി ഹാജരായ രണ്ട് കേസുകളിൽ പ്രതികൾക്ക് ജാമ്യം നൽകിയ ഉത്തരവ് ജസ്റ്റിസ് സിയാദ് റഹ്മാൻ തിരിച്ചു വിളിച്ചു. ഇരയുടെ ഭാഗം കേൾക്കാതെ പ്രതികൾക്ക് ജാമ്യം നൽകിയതിൽ വീഴ്ച പറ്റിയെന്നു വിലയിരുത്തിയാണ് നടപടി. നോട്ടീസ് ലഭിച്ചിട്ടും ഇര ഹാജരായില്ലെന്ന് കോടതിയെ ധരിപ്പിച്ചാണ് കേസിൽ പ്രതികൾക്ക് അനുകൂലമായി ഉത്തരവ് സമ്പാദിച്ചത്. അനുകൂല വിധി വാങ്ങി നൽകാമെന്ന് ധരിപ്പിച്ച് ജസ്റ്റിസ് സിയാദ് റഹ്മാൻ അടക്കം 3 ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സൈബി ജോസിന് തിരിച്ചടിയായി ഹൈക്കോടതിയുടെ അസാധാരണ നടപടിയുണ്ടായത്. സൈബി ജോസ് ഹാജരായ രണ്ട് കേസുകളിൽ പത്ത് പ്രതികൾക്ക് ജാമ്യം അനുവദിച്ച രണ്ട് ഉത്തരവുകൾ ജസ്റ്റിസ് സിയാദ് റഹ്മാൻ തിരിച്ചു വിളിച്ചത്.

You might also like

-