ടെക്‌സസില്‍ ഒരു വയസിനു താഴെയുള്ള 85 കുട്ടികള്‍ക്ക് കോവിഡ്;

അമേരിക്കയില്‍ കൊറോണ വൈറസ് വ്യാപകമായതിനുശേഷം ഇത്തരത്തിലുള്ള സംഭവം ആദ്യമായാണ്

0

ന്യൂസെസ് കൗണ്ടി (ടെക്‌സസ്): ടെക്‌സസ് സംസ്ഥാനത്തെ കോര്‍ലസ് ക്രിസ്റ്റി ഉള്‍പ്പെടുന്ന ന്യൂസെസ് കൗണ്ടിയില്‍ ഒരു വയസിനു താഴെയുള്ള 85 കുട്ടികള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതായി ന്യൂസെസ് കൗണ്ടി പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ അനറ്റ് റോഡ്രിഗ്‌സ് മാധ്യമങ്ങളെ അറിയിച്ചു.അമേരിക്കയില്‍ കൊറോണ വൈറസ് വ്യാപകമായതിനുശേഷം ഇത്തരത്തിലുള്ള സംഭവം ആദ്യമായാണ്. ഒന്നാം ജന്മദിനം ആഘോഷിക്കുന്നതിനു മുമ്പ് ഇങ്ങനെയൊരു സാഹചര്യം അഭിമുഖീകരിക്കേണ്ടിവന്നത് വളരെ വേദനാജനകമാണെന്നും, രോഗം കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഹെല്‍ത്ത് ഡയറക്ടര്‍ അഭ്യര്‍ഥിച്ചു. കുട്ടികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനു ഡയറക്ടര്‍ വിസമ്മതിച്ചു.

കോവിഡ് 19 അതിവേഗം വ്യാപിക്കുന്ന ടെക്‌സസ് കൗണ്ടിയില്‍ ഒന്നാം സ്ഥാനത്താണ് ന്യൂസെസ് കൗണ്ടിയെന്നും അനറ്റ് പറഞ്ഞു. കൗണ്ടിയില്‍ ഇതുവരെ കോവിഡ് മൂലം 75 പേര്‍ മരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം 12 പേര്‍ മരിച്ചതായും ഡയറക്ടര്‍ അറിയിച്ചു.അതേസമയം, ടെക്‌സസ് കൊറോണ വൈറസ് ഹോട്‌സ്‌പോട്ടായി മാറിക്കഴിഞ്ഞു. വെള്ളിയാഴ്ച ടെക്‌സസില്‍ 174 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി സ്റ്റേറ്റ് ഹെല്‍ത്ത് സര്‍വീസും അറിയിച്ചു.