സർക്കാർ ധന സഹായം എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി

ഇന്റർമീഡിയറ്റ് വിദ്യാഭ്യാസ നിയമത്തിൽ ഉത്തർപ്രദേശ് സർക്കാർ കൊണ്ടുവന്ന 101-ാം റെഗുലേഷൻ ഭരണഘടനാവിരുദ്ധമാണെന്ന് അലഹാബാദ് ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേ ഉത്തർപ്രദേശ് സർക്കാർ നൽകിയ അപ്പീൽ ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതി വിധി

0

ഡൽഹി: സർക്കാരിൽനിന്ന് സഹായധനം ലഭിക്കുക എന്നത് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു . സർക്കാർ ധന സഹായം നിബന്ധനകൾക്കു വിധേയമാണ്. അത് പിൻവലിക്കാൻ സർക്കാർ നയതീരുമാനമെടുത്താൽപ്പോലും ചോദ്യംചെയ്യൽ സ്ഥാപനങ്ങളുടെ അവകാശമല്ല. ഇക്കാര്യത്തിൽ ന്യൂനപക്ഷ, ന്യൂനപക്ഷേതര എയ്ഡഡ് സ്ഥാപനങ്ങൾ തമ്മിൽ വ്യത്യാസമില്ലെന്നും ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ച് വിധിച്ചു. സ്വന്തം നിബന്ധനകൾക്കനുസരിച്ചാണ് സർക്കാർ സഹായധനം നൽകേണ്ടതെന്ന് സ്ഥാപനങ്ങൾക്ക് അവകാശപ്പെടാനാവില്ല. സഹായധനം നൽകുക എന്നത് സർക്കാർ നയമാണ്. സ്ഥാപനങ്ങളുടെ താത്പര്യങ്ങൾക്കൊപ്പം തങ്ങളുടെ ശേഷിയും കണക്കിലെടുത്താണ് സർക്കാർ നയമുണ്ടാക്കുന്നത്. എന്നാൽ, ഒരേ തരത്തിലുള്ള സ്ഥാപനങ്ങളെ വ്യത്യസ്തമായി പരിഗണിച്ചാൽ ചോദ്യംചെയ്യാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഇന്റർമീഡിയറ്റ് വിദ്യാഭ്യാസ നിയമത്തിൽ ഉത്തർപ്രദേശ് സർക്കാർ കൊണ്ടുവന്ന 101-ാം റെഗുലേഷൻ ഭരണഘടനാവിരുദ്ധമാണെന്ന് അലഹാബാദ് ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേ ഉത്തർപ്രദേശ് സർക്കാർ നൽകിയ അപ്പീൽ ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതി വിധി.എയ്ഡഡ് സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം, അതിൽ ന്യൂനപക്ഷ, ന്യൂനപക്ഷേതര സ്ഥാപനങ്ങളെന്ന വ്യത്യാസമില്ല. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 30-ാം അനുച്ഛേദത്തിന് അതിന്റേതായ നിയന്ത്രണങ്ങളുമുണ്ട്. സർക്കാരിന്റെ നയതീരുമാനം അങ്ങേയറ്റം ഏകപക്ഷീയമല്ലെങ്കിൽ അതിൽ ഇടപെടാതിരിക്കുകയാണ് ഭരണഘടനാ കോടതി ചെയ്യേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഉത്തർപ്രദേശ് സർക്കാർ കൊണ്ടുവന്ന 101-ാം റെഗുലേഷൻ പ്രകാരം ക്ലാസ് നാല് ജീവനക്കാരുടെ തസ്തിക പുറംജോലിക്കരാർ (ഔട്ട്‌സോഴ്‌സിങ്) വഴി നികത്തുന്നത് തുല്യതയുടെ ലംഘനമാണെന്നാണ് ഹൈക്കോടതിയിലെ പരാതിക്കാർ വാദിച്ചത്. നിയമത്തിലെ 16-ജി വകുപ്പിനെ മറികടക്കുന്നതാണ് ഇത്. സഹായധനം ലഭിക്കാനുള്ള ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവകാശത്തെ ബാധിക്കുന്നതാണ് റെഗുലേഷനെന്നും പരാതിക്കാർ വാദിച്ചിരുന്നു. ഇതെല്ലാം അംഗീകരിച്ചുകൊണ്ടാണ് അലഹാബാദ് ഹൈക്കോടതി 101-ാം റെഗുലേഷൻ ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത്.

You might also like

-