സംസ്‌ഥാനത്ത്‌ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഏപ്രിൽ 15, വ്യാഴാഴ്ച വരെ ശക്‌തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യത

ഇടുക്കി, മലപ്പുറം, വയനാട്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. 14 ന്‌ ഇടുക്കി, വയനാട്‌ ജില്ലകളിലും 15 ന്‌ ഇടുക്കി, മലപ്പുറം, വയനാട്‌ ജില്ലകളിലുമാണ്‌ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

0

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഏപ്രിൽ 15, വ്യാഴാഴ്ച വരെ ശക്‌തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും സാധ്യതയെന്നു കേന്ദ്ര കാലാവസ്‌ഥ വകുപ്പ്‌ അറിയിച്ചു. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഇടുക്കി, മലപ്പുറം, വയനാട്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. 14 ന്‌ ഇടുക്കി, വയനാട്‌ ജില്ലകളിലും 15 ന്‌ ഇടുക്കി, മലപ്പുറം, വയനാട്‌ ജില്ലകളിലുമാണ്‌ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയെന്നാണ് മുന്നറിയിപ്പ്. ആ സാഹചര്യത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങളും കാലവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നാണ് മുന്നറിയിപ്പ്. ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാമെന്നും അറിയിച്ചിട്ടുണ്ട്. മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത.അപകടകാരികളായ ഇത്തരം ഇടിമിന്നലുകൾ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്നാണ് നിർദേശം. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും പ്രത്യേകം അറിയിക്കുന്നുണ്ട്