പണി പാളി…. സ്റ്റേഷൻ ഹൗസ് ഓഫീസർ ചുമതല ഇൻസ്പെക്ടര്‍മാരിൽ നിന്നും എസ്.ഐമാർക്ക് തിരിച്ചു നൽകും

2018 നവംബർ ഒന്നിനായിരുന്നു അന്നത്തെ പൊലിസ് മേധവി ലോക്നാഥ് ബെഹ്റയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒന്നാം പിണറായി സർക്കാരിന്റെ പൊലിസ് പരിഷ്ക്കരണം നടന്നത്. സംസ്ഥാനത്ത 472 പൊലിസ് സ്റ്റേഷനുകളുടെ ഭരണം എസ്.ഐമാരിൽ നിന്നും ഇൻസ്പെക്ടർമാർക്ക് കൈമാറി. എസ്.ഐമാരുടെ തസ്തിക ഇൻസ്പെക്ടർ റാങ്കിലേക്ക് ഉയർത്തുകയും 218 പേർക്ക് കൂട്ടത്തോടെ സ്ഥാനകയറ്റം നൽകുകയും ചെയ്തു

0

തിരുവനന്തപുരം| സംസ്ഥാനത്ത് പൊലിസ് സ്റ്റേഷനുകളുടെ ഘടനയിൽ വീണ്ടും മാറ്റം വരുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസർ ചുമതല ഇൻസ്പെക്ടര്‍മാരിൽ നിന്നും എസ്.ഐമാർക്ക് തിരിച്ചു നൽകും. സ്റ്റേഷൻ ഭരണം ഇൻസ്പെക്ടർമാർക്ക് നൽകിയ ഒന്നാം പിണറായി സർക്കാരിന്റെ പരിഷ്ക്കാരം പാളിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പുനഃരാലോചന.

2018 നവംബർ ഒന്നിനായിരുന്നു അന്നത്തെ പൊലിസ് മേധവി ലോക്നാഥ് ബെഹ്റയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒന്നാം പിണറായി സർക്കാരിന്റെ പൊലിസ് പരിഷ്ക്കരണം നടന്നത്. സംസ്ഥാനത്ത 472 പൊലിസ് സ്റ്റേഷനുകളുടെ ഭരണം എസ്.ഐമാരിൽ നിന്നും ഇൻസ്പെക്ടർമാർക്ക് കൈമാറി. എസ്.ഐമാരുടെ തസ്തിക ഇൻസ്പെക്ടർ റാങ്കിലേക്ക് ഉയർത്തുകയും 218 പേർക്ക് കൂട്ടത്തോടെ സ്ഥാനകയറ്റം നൽകുകയും ചെയ്തു. സ്റ്റേഷൻ പ്രവർത്തനം കുറേക്കൂടി കാര്യക്ഷമാക്കാൻ ഇൻസ്പെക്ടർമാർക്ക് കഴിയുമെന്നായിരുന്നു അന്നത്തെ വിലയിരുത്തൽ.ഇതോടെ രണ്ട് സ്റ്റേഷന്റെ ചുമതല നോക്കിയിരുന്ന സര്‍ക്കിള്‍ ഇൻസ്‍പെക്ടർമാർ ഒരു സ്റ്റേഷന്റെ ചുമതലയിലേക്ക് ഒതുങ്ങി. പക്ഷെ പരിഷ്ക്കരണം കൊണ്ട് വേണ്ടത്ര പ്രയോജനം ഉണ്ടായില്ലെന്ന് എസ്.പിമാരുടെയും എ.ഡി.ജി.പിമാരുടെയും യോഗത്തിൽ വിമർശനമുണ്ടായി. ഇക്കാര്യം പരിശോധിക്കാന്‍ വേണ്ടി ഡി.ജി.പി ടി.കെ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ നാലംഗ സമിതിയുണ്ടാക്കി. നാലുവർഷം പിന്നിടുമ്പോൾ പരിഷ്ക്കരണം നേട്ടത്തെക്കാള്‍ കൂടുതൽ കോട്ടമുണ്ടാക്കിയെന്നാണ് സമിതിയുടെ റിപ്പോർട്ട്.

എസ്.ഐമാര്‍ കഴിഞ്ഞാൽ സര്‍ക്കിള്‍ ഇൻസ്പെക്ടർ തലത്തിലുള്ള നിരീക്ഷണം നഷ്ടമായി. പൊലിസിൽ അന്വേഷണവും ക്രമസമാധാനവും ചടുലമായി കൊണ്ടുപോകുന്ന എസ്.ഐമാർ ഉത്തരവാദിത്തങ്ങളിൽ നിന്നും മാറാൻ തുടങ്ങി. എല്ലാ ഉത്തരവാദിത്തവും ഇൻസ്പെക്ടറിലേക്ക് വന്നു ചേർന്നതോടെ പലർക്കും മാനസിക സംഘർഷങ്ങളും ശാരീരിക പ്രശ്നങ്ങളുമുണ്ടായി. ഗ്രേഡ് എസ്.ഐമാരുടെ പ്രമോഷനെയും പുതിയ സംവിധാനം തകിടം മറിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.സംസ്ഥാനത്തെ ചില പ്രധനപ്പെട്ട സ്റ്റേഷനുകളില്‍ ഒഴികെ മറ്റ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാർക്ക് തിരികെ നൽകാനും മേൽനോട്ട ചുമതലകളിലേക്ക് ഇൻസ്പെക്ടർമാരെ മടക്കികൊണ്ടുവരാനുമാണ് സമിതിയുടെ ശുപാർശ. കേസുകള്‍ കുറവുള്ള 210 സ്റ്റേഷനുകളിലെ ഭരണം ആദ്യ ഘട്ടത്തിൽ എസ്.ഐമാർക്ക് നൽകാനാണ് നിർദ്ദേശം. എസ്.ഐമാരുടെ റാങ്ക് പട്ടിക നിലനിൽക്കുന്നതിനാൽ കൂടുതൽ പേരെ ഇപ്പോള്‍ നിയോഗിക്കാനും കഴിയും.

തിരുവനന്തപുരം കന്റോണ്‍മെന്റ്, മ്യൂസിയം, കഴക്കൂട്ടം, എറണാകുളം സെൻട്രൽ സ്റ്റേഷൻ, കോഴിക്കോട് നടക്കാവ് തുടങ്ങിയ ഹെവി സ്റ്റേഷനുകളുടെ ചുമതല ഇൻസ്പെക്ടർമാരിൽ തന്നെ നിലനിർത്തും. സ്റ്റേഷനുകളിൽ നിന്നും പിൻവലിക്കുന്ന ഇൻസ്പെക്സർമാരെ പോക്സോ, സൈബർ, സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണങ്ങള്‍ക്കായി വിനിയോഗിക്കും. ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് ഈ ശുപാര്‍ശ നടപ്പിലാക്കാനാണ് നീക്കം.

You might also like

-