ശ്രീറാം വെങ്കിട്ടരാമൻ റിമാൻഡിൽ; ചികിത്സ വേണ്ടതിനാൽ ആശുപത്രിയിൽ തുടരും

ശ്രീറാം ചികിത്സയിൽ കഴിയുന്ന കിംസ് ആശുപത്രിയിലെത്തി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് 5 ആണ് ശ്രീറാമിനെ റിമാൻഡ് ചെയ്തത്

0

മദ്യപിച്ച് അമിത വേഗത്തിൽ വാഹനമോടിച്ച് മാധ്യമപ്രവർത്തകനെ കൊല്ലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ശ്രീറാം ചികിത്സയിൽ കഴിയുന്ന കിംസ് ആശുപത്രിയിലെത്തി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് 5 ആണ് ശ്രീറാമിനെ റിമാൻഡ് ചെയ്തത്.

എന്നാൽ ചികിത്സ വേണ്ടതിനാൽ ശ്രീറാം കിംസിൽ തന്നെ തുടരും. വാഹനം ഓടിച്ചത് ശ്രീറാം തന്നെയാണെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുണ്ട്. ശ്രീറാം ചെയ്തത് ഗുരുതരമായ കുറ്റമാണെന്നും ജാമ്യം നൽകരുതെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച പുലർച്ചെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടത്.

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.മുഹമ്മദ് ബഷീറാണ് മരിച്ചത്. ബഷീറിന്റെ ബൈക്കിന് പിന്നിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാറിടിക്കുകയായിരുന്നു. കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് ശനിയാഴ്ച വൈകീട്ടോടെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. ശ്രീറാം ചികിത്സയിൽ കഴിയുന്ന കിംസ് ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീറാം വെങ്കിട്ടരാമൻ അമിതവേഗത്തിലാണ് കാറോടിച്ചിരുന്നതെന്നും മദ്യപിച്ചിരുന്നതായും കാറിൽ കൂടെയുണ്ടായിരുന്ന വഫാ ഫിറോസ് രഹസ്യമൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ആശുപത്രിയിലെത്തി ശ്രീറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

You might also like

-