മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ ഗവർണ്ണറുമായിരുന്ന കെ ശങ്കരനാരായണൻ അന്തരിച്ചു

. പാലക്കാട്ടെ ശേഖരിപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.സംസ്കാരം ഇന്ന്. അദ്ദേഹത്തിന്‍റെ അമ്മ വീടായ ഷൊര്‍ണൂരിനടുത്തെ പൈങ്കുളത്താണ് സംസ്കാരച്ചടങ്ങുകള്‍.

0

മുംബൈ | മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ ഗവർണ്ണറുമായിരുന്ന കെ ശങ്കരനാരായണൻ അന്തരിച്ചു. 90 വയസായിരുന്നു. വാർദ്ധ്യസഹജമായ അസുഖങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്നു. പാലക്കാട്ടെ ശേഖരിപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.സംസ്കാരം ഇന്ന്. അദ്ദേഹത്തിന്‍റെ അമ്മ വീടായ ഷൊര്‍ണൂരിനടുത്തെ പൈങ്കുളത്താണ് സംസ്കാരച്ചടങ്ങുകള്‍. ഇന്ന് ഉച്ചതിരിഞ്ഞ് രണ്ട് മണിവരെ പാലക്കാട് ശേഖരിപുരത്തെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. കോണ്‍ഗ്രസ് നേതാക്കള്‍ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിക്കും. തുടര്‍ന്ന് മൂന്ന് മണി വരെ പാലക്കാട് ഡിസിസി ഓഫീസില്‍ പൊതു ദര്‍ശനം. പിന്നീട് പൈങ്കുളത്തേക്ക് കൊണ്ട് പോകും. ഇന്നലെ രാത്രി 8.50 നാണ് ശങ്കരനാരായണന്‍റെ വിയോഗം. പക്ഷാഘാതത്തെത്തുടര്‍ന്ന് ഒന്നരവര്‍ഷമായി വീട്ടില്‍ ചികിത്സയിലായിരുന്നു

മഹാരാഷ്‌ട്ര, അസം, അരുണാചൽ പ്രദേശ്, ജാർഖണ്ഡ്, നാഗാലാന്റ്, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, യു.ഡി.എഫ് കൺവീനർ, നിയമസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ച കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് അദ്ദേഹം.

1991ലും 1987ലും ഒറ്റപ്പാലം നിയമസഭാമണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച അദ്ദേഹം എ.കെ. ആന്റണി, കെ. കരുണാകരൻ മന്ത്രിസഭകളിൽ അംഗമായിരുന്നു. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ സജീവ രാഷ്‌ട്രീയത്തിൽ നിന്നു മാറി. 1966 മുതൽ 2001 വരെ 16 വർഷം യുഡിഎഫ് കൺവീനർ ആയിരുന്നു. അനുപമം ജീവിതം ആത്മകഥയാണ്.

ശങ്കരൻ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബർ 15ന് ഷൊർണൂരിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കോൺഗ്രസിൽ ചേർന്ന് മുഴുവൻ സമയ രാഷ്‌ട്രീയ പ്രവർത്തകനായി. 1946-ൽ സ്റ്റേറ്റ് കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായിരുന്ന സ്റ്റുഡൻസ് ഓർഗനൈസേഷന്റെ പ്രവർത്തകനായിരുന്നു. പാലക്കാട് ഡിസിസിയുടെ സെക്രട്ടറിയായും പ്രസിഡൻറായും കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

1977-ൽ തൃത്താലയിൽ നിന്ന് ആദ്യമായി കേരള നിയമസഭാംഗമായി. 1980-ൽ ശ്രീകൃഷ്ണപുരത്ത് നിന്നും 1987-ൽ ഒറ്റപ്പാലത്ത് നിന്നും 2001-ൽ പാലക്കാട് നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1985 മുതൽ 2001 വരെ നീണ്ട പതിനാറ് വർഷം യു.ഡി.എഫ് കൺവീനറായി സേവനമനുഷ്ഠിച്ചു

1989-1991 കാലയളവിൽ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി ചെയർമാനായിരുന്നു. 1977-1978 സമയത്ത് കെ.കരുണാകരൻ, എ.കെ. ആൻറണി മന്ത്രിസഭകളിൽ പ്രവർത്തിച്ചു. കൃഷി, സാമൂഹിക ക്ഷേമം എന്നീ വകുപ്പുകളിൽ മന്ത്രിയായിരുന്നു. 2001-2004 ലെ എ.കെ. ആൻറണി മന്ത്രിസഭയിലെ ധനകാര്യ-എക്‌സൈസ് വകുപ്പുകളുടെ മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു.

2007-2009 വരെ നാഗാലാന്റ് ഗവർണറായി പ്രവർത്തിച്ചു. അരുണാചൽ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളിലും താത്ക്കാലിക ഗവർണർ ആയിരുന്നു. 2009 ൽ രാഷ്‌ട്രപതി ഭരണം നിലനിന്നിരുന്ന ജാർഖണ്ഡ് ഗവർണർ ആയി. 2011 സെപ്റ്റംബർ 8 നും 2012 മെയ് 3 നും ഇടയിൽ ഗോവ ഗവർണറായും അധിക ചുമതലയേറ്റു. മഹാരാഷ്‌ട്ര ഗവർണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജനങ്ങൾക്ക് വേണ്ടി നിരന്തരം പ്രവർത്തിച്ചിരുന്ന രാഷ്‌ട്രീയ നേതാവായിരുന്നു അദ്ദേഹം.

You might also like