18 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ ഇന്ന്

ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് നാല് വീതവും മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും മൂന്ന് വീതം സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും

0

ഡല്‍ഹി: ലോക്ക് ടൗണിനെത്തുടർന്ന്   മാറ്റി വെച്ചിരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പുകള്‍ ഇന്ന് നടക്കും. 18 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക.ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് നാല് വീതവും മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും മൂന്ന് വീതം സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. ഇതിനു പുറമെ, ഝാര്‍ഖണ്ഡിലെ രണ്ട് സീറ്റുകളിലേക്കും മേഘാലയ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പ് രാവിലെ 9 മണിക്ക് ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.

രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ നിന്നുള്ള 55 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ പത്ത് സംസ്ഥാനങ്ങളില്‍ നിന്നുളള 37 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബി ജെ പിയില്‍ നിന്നും ജ്യോതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസില്‍ നിന്നും കെ സി വേണുഗോപാല്‍, ദിഗ് വിജയ് സിംഗ് എന്നിവരുമാണ് തെരഞ്ഞെടുപ്പിലെ ശ്രദ്ധേയരായ സ്ഥാനാര്‍ത്ഥികള്‍. രാജ്യത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.