എറണാകുളം ജില്ലയിലെ എല്ലാ മെഡിക്കൽ ഷോപ്പുകളും ഫാർമസികളും അടിയന്തരമായിതുറക്കണമെന്ന് : ജില്ലാ കളക്ടർ

54800 ലധികം പേർ സുരക്ഷിത സ്ഥാനങ്ങളിലെത്തിയെന്ന് കളക്ടർ അറിയിച്ചിരുന്നു

0

കൊച്ചി :പ്രളയക്കെടുതിയിൽ പെട്ട  രോഗികൾ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകൾക്ക് ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിലാണ് ഈ ഉത്തരവ്. നേരത്തെ,  എറണാകുളം ജില്ലയിലെ പ്രളയബാധിത മേഖലകളിൽ ഇന്നലെ നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ 54800 ലധികം പേർ സുരക്ഷിത സ്ഥാനങ്ങളിലെത്തിയെന്ന് കളക്ടർ അറിയിച്ചിരുന്നു. ഇന്നലെ വൈകിട്ട് വരെയുള്ള കണക്കുകൾ പ്രകാരമാണിത്.

ഹെലികോപ്ടറുകൾ, ബോട്ടുകൾ, ചെറുവഞ്ചികൾ, ബാർജ്, റോ റോ എന്നിവയിലൂടെയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഹെലികോപ്ടർ വഴി ആകെ 252 പേരെയാണ് രക്ഷപെടുത്തിയത്. 15 പേരെ വ്യോമസേനയും 237 പേരെ നാവിക സേനയും ഹെലികോപ്ടറിലെത്തി രക്ഷപ്പെടുത്തി. ബോട്ട് മാർഗം 17347 പേരെയും രക്ഷപ്പെടുത്തി. 2 15 ലേറെ മത്സ്യത്തൊഴിലാളി ബോട്ടുകളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. നാവിക സേനയുടെ 20 ബോട്ടുകളും കോസ്റ്റ് ഗാർഡിന്റെ 11 ബോട്ടുകളും രംഗത്തുണ്ട്. റോഡ് മാർഗം 27400 പേരെയും രക്ഷപ്പെടുത്തി.ഉച്ചയ്ക്ക് ശേഷം വെള്ളമിറങ്ങിയതോടെ നിരവധി പേർ കുടുങ്ങിക്കിടന്ന വീടുകളിൽ നിന്ന് പുറത്തെത്തിയിട്ടുണ്ട്.

നാട്ടുകാരും സന്നദ്ധ സംഘടനകളും എല്ലാ പിന്തുണയും നൽകി വരുന്നു. . ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ട്രൂപ്പുകൾ, കോസ്റ്റ് ഗാർഡിന്റെ രണ്ടു ഗ്രൂപ്പുകൾ, നേവിയുടെ 17 ട്രൂപ്പുകൾ, കരസേനയുടെ മൂന്ന് ട്രൂപ്പുകൾ എന്നീ സേനാ വിഭാഗങ്ങളെ ദുരിത മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.ഭക്ഷണവും മരുന്നും വസ്ത്രങ്ങളും മറ്റ് അവശ്യ വസ്തുക്കളും ക്യാംപുകളിലും ജനങ്ങൾ കുടുങ്ങിക്കിടക്കുന്ന വീടുകളിലും എത്തിക്കുന്നുണ്ട്. 91340 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ഭക്ഷണ വിതരണത്തിനായി നേവിയുടെ രണ്ട് ഹെലികോപ്ടറുകൾ രംഗത്തുണ്ട്. ആലുവ യു സി കോളേജിലെ ക്യാംപിലെയും പരിസര പ്രദേശങ്ങളിലെയും ദുരിതബാധിതർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനായി കുസാറ്റിൽ നാവിക സേനയുടെ കിച്ചൻ ആരംഭിച്ചു. 7500 പേർക്കുള്ള ഭക്ഷണം ഇവിടെ തയാറാക്കും. ടോറസുകളിലും ട്രക്കുകളിലുമാണ് ദുരിത ബാധിത മേഖലകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നത്. ഇതര ജില്ലകളിൽ നിന്നടക്കം ഡ്രൈവർമാർ ലോറികളുമായി എത്തിയിട്ടുണ്ട്. 300 ഡോക്ടർമാരുടെ ശൃംഖലയിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറും പ്രവർത്തനമാരംഭിച്ചു. അടിയന്തര വൈദ്യസഹായത്തിന് 9946992992 എന്ന നമ്പറിൽ ബന്ധപ്പെടാം.

ജില്ലയിൽ 597 ക്യാംപുകളിലായി 47 138 കുടുംബങ്ങളിലെ 181607 പേരാണ് കഴിയുന്നത്. അവസാന വ്യക്തിയെയും സുരക്ഷിത സ്ഥാനത്തെത്തിക്കുന്നതു വരെ രക്ഷാപ്രവർത്തനം ഇതേ രീതിയിൽ തുടരും. ഭക്ഷണ വിതരണത്തിനും ഊർജിത നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

You might also like

-