breaking news…മഴക്കെടുതി: 29 മരണം, അരലക്ഷം പേർ ദുരിതാശ്വാസ ക്യാംപുകളിൽ.സ്ഥിതിഗതികള്‍ നിയന്ത്രണവിധേയം, അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി..

0

IDUKkI RESERVOIR –
11/08/2018
Reservoir Level-
2401.10 ft.
Prev. Yr. Same day W/L-
2328 56ft.
Full Reservoir Level-
2403. 00 ft.
Storage-
69329.60Mcft.
Percentage of Storage-
97.73 %
Rainfall . 95.4 mm
Generation- 14.990mu

തിരുവനന്തപുരം: ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ മഴക്കെടുതിയിൽ സംസ്ഥാനത്ത് 29 പേർ മരിച്ചു. നാലു പേരെ കാണാതായിട്ടുണ്ട്. ഇന്നലെ 10ന് വൈകിട്ട് നാലു വരെയുള്ള കണക്കനുസരിച്ച് 25 പേർ മണ്ണിടിച്ചിലിലും നാലു പേർ മുങ്ങിയുമാണ് മരിച്ചത്. പാലക്കാടും എറണാകുളത്തുമാണ് രണ്ടു പേർ വീതം മുങ്ങിമരിച്ചത്. മലപ്പുറത്ത് ആറും ഇടുക്കിയിൽ 12ഉം കോഴിക്കോട് ഒന്നും കണ്ണൂരിൽ രണ്ടും വയനാട്ടിൽ നാലും പേർ മണ്ണിടിഞ്ഞ് വീണ് മരിച്ചു. ഇടുക്കിയിൽ രണ്ടും മലപ്പുറത്തും പാലക്കാടും ഓരോരുത്തരെയും കാണാതായിട്ടുണ്ട്. 21 പേർക്ക് പരിക്കേറ്റു.

സംസ്ഥാനത്ത് ആരംഭിച്ച 439 ദുരിതാശ്വാസ ക്യാംപുകളിലായി 12240 കുടുംബങ്ങളിലെ 53,501 പേരാണ് കഴിയുന്നത്. വെള്ളിയാഴ്ച വൈകിട്ട് നാലു മണി വരെയുള്ള കണക്കാണിത്. ആലപ്പുഴയിൽ നേരത്തെ പ്രവർത്തിച്ചിരുന്ന ക്യാമ്പുകളിൽ ഇപ്പോഴും ജനങ്ങൾ കഴിയുന്നുണ്ട്. എറണാകുളത്ത് 68 ക്യാമ്പുകളിലായി 2795 കുടുംബങ്ങളിലെ 9476 പേർ കഴിയുന്നു.

മലപ്പുറത്ത് 13 ക്യാമ്പുകളിൽ 1050 പേർ കഴിയുന്നുണ്ട്. ഇടുക്കിയിൽ പത്ത് ക്യാമ്പുകളിൽ 533 പേരുണ്ട്. കോഴിക്കോട് 848 പേർ പതിനെട്ട് ക്യാമ്പുകളിൽ കഴിയുന്നു. കണ്ണൂരിൽ പത്ത് ക്യാമ്പുകളിലായി 539 പേരുണ്ട്. തൃശൂരിൽ 13 ക്യാമ്പുകളിൽ 1029 പേർ താമസിക്കുന്നു. വയനാട് 113 ക്യാമ്പുകളിലായി 7367 പേർ കഴിയുന്നു. പാലക്കാട് 19 ക്യാമ്പുകളിൽ 3000 പേരുണ്ട്.കനത്ത മഴയിൽ സംസ്ഥാനത്ത് 71 വീടുകൾ ഭാഗികമായും 29 വീടുകൾ പൂർണമായും നശിച്ചു മഴക്കെടുതിമൂലമുള്ള പ്രാഥമിക വിവരങ്ങൾ മാത്രമാണ്  എപ്പോൾ ലഭ്യമായിട്ടുള്ളത് .

കര്‍ക്കിടക വാവുബലി: സുരക്ഷ ശക്തമാക്കി

ദുരന്തനിവാരണ സേനയും കോസ്റ്റ് ഗാര്‍ഡും സുരക്ഷയ്ക്ക്
ഡാമുകള്‍ തുറന്നതുമൂലം പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മണപ്പുറത്തെ കര്‍ക്കിടക വാവുബലിക്കെത്തുന്നവര്‍ക്ക് അതീവ സുരക്ഷയൊരുക്കി. പെരിയാറിന്റെ തീരത്തുള്ള കാലടി ചേലാമറ്റം ക്ഷേത്രത്തിലും വാവുബലിക്കെത്തുന്നവര്‍ക്ക് ജില്ലാ ഭരണകൂടം സുരക്ഷ ശക്തമാക്കി. കോസ്റ്റ് ഗാര്‍ഡിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സേവനം ഇവിടെ ഉറപ്പു വരുത്തിയിട്ടുണ്ട്.
     ദേശീയ ദുരന്തനിവാരണ സേനയുടെ 37 പേരടങ്ങുന്ന ടീമിനെ ഉച്ചയോടെ ആലുവ മണപ്പുറത്ത് വിന്യസിച്ചു. ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും സുരക്ഷയ്ക്കു പുറമെയാണിത്. എല്ലാവിധ അപകട സാധ്യതകളെയും നേരിടാനുള്ള സജ്ജീകരണങ്ങളും സേന ഒരുക്കിയിട്ടുണ്ട്. മൂന്ന് ബോട്ടുകള്‍, 20 ലൈറ്റ് ബോട്ടുകള്‍, 40 ലൈഫ് ജാക്കറ്റുകള്‍, പ്രത്യേക റോപുകള്‍, സ്‌കൂബ ടീം എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
       കാലടി ചേലാമറ്റം മഹാവിഷ്ണു ക്ഷേത്രത്തിലും സുരക്ഷ കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. മൂവാറ്റുപുഴ ആര്‍ഡിഒ എം. ടി. അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ നടക്കുന്നത്. കോസ്റ്റ് ഗാര്‍ഡ് ടീമിനെ ഇന്നലെ അര്‍ധരാത്രി മുതല്‍ ഇവിടെ വിന്യസിച്ചു. ഫയര്‍ ഫോഴ്‌സും സംസ്ഥാന പോലീസും ഇവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ തന്നെ പരിശീലനം ലഭിച്ച വളന്റിയര്‍മാരും ഇവിടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്.
     നിലവില്‍ ബാരിക്കേഡുകള്‍ കെട്ടി ബലിതര്‍പ്പണത്തിനെത്തുന്നവര്‍ പുഴയിലേക്കിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെരിയാറിലെ വെള്ളത്തിന്റെ ഒഴുക്ക് ശക്തിപ്പെട്ട സാഹചര്യത്തിലാണിത്. ബലിയിടാന്‍ എത്തുന്നവര്‍ക്കെല്ലാം കര്‍മം നിര്‍വഹിക്കുന്നതിനും മറ്റു തടസങ്ങള്‍ ഇല്ലാതിരിക്കാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്. പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും തീരുമാനങ്ങള്‍ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആലുവ താലൂക്കില്‍ കളക്ടറുടെ നേതൃത്വത്തില്‍ സുരക്ഷാ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച അവലോകന യോഗം ചേര്‍ന്നു. ഡപ്യൂട്ടി കളക്ടര്‍ കെ. മധു, തഹസില്‍ദാര്‍ കെ. ടി. സന്ധ്യാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
ഡാം തുറന്നതുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികളുടെ ഭാഗമായി സുരക്ഷിതമല്ലാത്ത വ്യൂ പോയിന്റുകളിലും പുഴയുടെ കരകളിലും മണ്ണിടിയാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ആളുകള്‍ കൂട്ടമായി നില്‍കുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
You might also like

-