പ്രളയത്തില്‍ തകര്‍ന്ന കേരളമല്ല, ദുരന്തത്തെ അതിജീവിച്ച് കുതിച്ച കേരളമാണ് ഇതെന്ന് ചരിത്രത്തില്‍ സ്ഥാനംപിടിക്കുന്നവിധം നമുക്ക് മുന്നേറണം: പിണറായി 

കേരളവും ഇന്ത്യയും മാത്രമല്ല, ലോകവും സഹകരിക്കുന്നുവെന്നത് വമ്പിച്ച ആത്മവിശ്വാസമാണ് സര്‍ക്കാരിന് നല്‍കുന്നത്. ഐക്യത്തോടെ നിന്ന് അതിജീവിക്കുക എന്നതാണ് സര്‍ക്കാരിന്‍റെ കാഴ്ചപ്പാട്.

0

പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ കൂടുതല്‍ പ്രൗഢോജ്ജ്വലമായി തിരിച്ചുപിടിക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പ്രളയത്തില്‍ തകര്‍ന്ന കേരളമല്ല, അതിനെ അതിജീവിച്ച് കുതിച്ച കേരളമാണ് ഇതെന്ന് ചരിത്രത്തില്‍ സ്ഥാനംപിടിക്കുന്നവിധം നമുക്ക് മുന്നേറണം. അതിന് നമ്മുടെ ഐക്യവും യോജിപ്പുമാണ് പ്രധാനം. അതാണ് അതിജീവനത്തിന്‍റെ അടിസ്ഥാനപാഠമെന്നതാണ് സര്‍ക്കാര്‍ നിലപാട്;മുഖ്യമന്ത്രി പിണറായി വിജയൻ. കേരളവും ഇന്ത്യയും മാത്രമല്ല, ലോകവും സഹകരിക്കുന്നുവെന്നത് വമ്പിച്ച ആത്മവിശ്വാസമാണ് സര്‍ക്കാരിന് നല്‍കുന്നത്. ഐക്യത്തോടെ നിന്ന് അതിജീവിക്കുക എന്നതാണ് സര്‍ക്കാരിന്‍റെ കാഴ്ചപ്പാട്. കേരളം അതിനൊപ്പം നിന്നിട്ടുണ്ട്. മാധ്യമങ്ങളും ആ പാതയില്‍ തന്നെ ഉറച്ചുനിന്നിട്ടുണ്ട്. ആ പിന്തുണയും സഹകരണവും തുടര്‍ന്നും പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

പുനരധിവാസ പ്രവര്‍ത്തനങ്ങളും നല്ല നിലയില്‍ പുരോഗമിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഈ ദുരിതം ഉണ്ടായതിന് ശേഷം എറ്റവും കൂടുതല്‍ പേര്‍ ക്യാമ്പിലുണ്ടായിരുന്നത് 21.08.2018 നാണ്. 3,91,494 കുടുംബങ്ങളിലായി 14,50,707 പേരാണ് ക്യാമ്പുകളിലുണ്ടായിരുന്നത്. ഒരാഴ്ച നാം പിന്നിടുമ്പോള്‍ ഇന്നത്തെ കണക്ക് പ്രകാരം 53,703 കുടുംബങ്ങളിലായി 1,97,518 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉള്ളത്. അതായത് ക്യാമ്പില്‍ വന്ന 3,37,791 കുടുംബങ്ങളും അതിലെ അംഗങ്ങളായ 12,53,189 പേരും പുനരധിവാസ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി വീടുകളിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഇത് കാണിക്കുന്നത് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അതിവേഗതയില്‍ പുരോഗമിക്കുന്നുണ്ട് എന്നാണ്. വീടുകള്‍ താമസയോഗ്യമാക്കി മാറ്റുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും എണ്ണയിട്ട യന്ത്രം കണക്കെ യോജിച്ച് പ്രവര്‍ത്തിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനവും ജനങ്ങളും തമ്മിലുള്ള ഈ വിളക്കിച്ചേര്‍ക്കലാണ് രക്ഷാ പ്രവര്‍ത്തനത്തിലെ സംഘടനാ സംവിധാനത്തിന്‍റെ കരുത്തായി വര്‍ത്തിച്ചിട്ടുള്ളത്. ഭരണയന്ത്രവും ജനങ്ങളും തമ്മിലുള്ള ഈ ചേര്‍ച്ച നമ്മുടെ ജനാധിപത്യ സമൂഹത്തിന്‍റെ കരുത്തിനെയും ശേഷിയെയും വിളിച്ചറിയിക്കുന്നതാണ്. ഇക്കാര്യത്തില്‍ നമുക്കെല്ലാം അഭിമാനിക്കാന്‍ പറ്റുന്ന കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. രക്ഷാ പ്രവര്‍ത്തനത്തിലെന്ന പോലെ പുനരധിവാസ പ്രവര്‍ത്തനത്തിലും യുവാക്കളുടെ പങ്കാളിത്തം നല്ല നിലയില്‍ തുടരുകയാണ്. പുനരധിവാസ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് യുവാക്കള്‍ സംഘം സംഘമായി എത്തിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക വൈദഗ്ദ്ധ്യം ഏറെയൊന്നുമില്ലെങ്കിലും സഹജീവിസ്നേഹത്തിന്‍റെ കരുത്തില്‍ തീവ്രമായി അദ്ധ്വാനിക്കുകയാണ് യുവജനത. ഇത് ഭാവി കേരളത്തിന്‍റെ ശുഭകരമായ യാത്രയുടെ സൂചനയാണ്. തീര്‍ച്ചയായും അഭിമാനകരമായ കാര്യമാണത്. യുവതികളുടെ ശ്രദ്ധേയമായ പങ്കാളിത്തവും കേരളീയ സമൂഹത്തിലെ സാമൂഹ്യ വളര്‍ച്ചയുടെ ഔന്നിത്യത്തെയാണ് കാണിച്ചുതരുന്നത്. എറ്റവും പ്രധാനപ്പെട്ട പ്രശ്നമായി നിലനില്‍ക്കുന്നത് ഇതിനുള്ള പണം കണ്ടെത്തുക എന്നതാണ്. ഒരോ കേരളീയനും നാടിനെ സംരക്ഷിക്കുന്നതിന് ഇറങ്ങേണ്ടതുണ്ട് എന്ന പൊതുബോധം വളര്‍ന്നുവന്നിട്ടുണ്ട് എന്നതാണ് ഇതിനെ മറികടക്കാനാകും എന്ന ആത്മവിശ്വാസം സര്‍ക്കാരിന് പ്രദാനം ചെയ്യുന്നത്. ഒരു മാസത്തെ വേതനം ഇക്കാര്യത്തിന് നല്‍കണമെന്ന് ലോകത്താകെയുള്ള മലയാളികളോട് ഒരു ദൃശ്യ വാര്‍ത്താമാധ്യമത്തില്‍ ചര്‍ച്ചയ്ക്കായി അവതരിപ്പിച്ചപ്പോള്‍ ഉണ്ടായ പ്രതികരണം ഇതാണ് സൂചിപ്പിക്കുന്നത്. പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടെ ഇതിനെ സ്വാഗതം ചെയ്തു എന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. പല സംഘടനകളും വ്യക്തികളും ഇതിനകം തന്നെ ഇക്കാര്യത്തിലുള്ള സംഭാവന നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ശ്രദ്ധേയമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം കേരളത്തിന്‍റെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി സുപ്രീംകോടതി ജഡ്ജിമാര്‍ ഉള്‍പ്പെടെ ഫണ്ട് സ്വരൂപിക്കാന്‍ വേണ്ടി ഡല്‍ഹിയില്‍ പാട്ടുപാടി പണം സ്വരൂപിക്കാന്‍ നടത്തിയ ഇടപെടല്‍. ഇങ്ങനെ കേരളത്തിന്‍റെ ദുരിതത്തില്‍ ഒരോരുത്തരും പതിവ് രീതികള്‍ വെടിഞ്ഞ് നമ്മുടെ പ്രശ്നങ്ങളെ സ്വന്തം ഹൃദയത്തില്‍ ഏറ്റെടുത്ത് മുന്നോട്ടുവരുന്നുവെന്നത് പുനര്‍നിര്‍മ്മാണത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് വാനോളം ഉയരുന്ന പ്രതീക്ഷയാണ് ഉണ്ടാക്കുന്നത്. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തിന് ഇത് വലിയ പ്രചോദനമായി നില്‍ക്കുകയും ചെയ്യുന്നു. സഹായങ്ങള്‍ എത്തുന്നുണ്ട്: ഓഫീസിലേക്ക് വിവിധ തരത്തിലുള്ള സഹായവുമായി ജീവിതത്തിന്‍റെ വിവിധ തുറകളിലുള്ളവര്‍ വന്നുകൊണ്ടിരിക്കുകയാണ്. തിരുവോണ നാളിലും ഈ പ്രവാഹത്തിന് കുറവുണ്ടായില്ല. നമ്മുടെ ഐക്യത്തിന്‍റെയും യോജിപ്പിന്‍റെയും പ്രതീകമായി ഇത് മാറിക്കൊണ്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

You might also like

-