രാഹുൽ പാപനാശിനിയിൽ …പിതൃക്കൾക്കൊപ്പം പുൽവാമയിൽ കൊല്ലപ്പെട്ട സൈനികർക്കും ബലിതർപ്പണം

ഇന്ദിര ഗാന്ധിക്കും രാജീവിനും വേണ്ടി തർപ്പണം നടത്തിയ ശേഷം കൊല്ലപ്പെട്ട സൈനികർക്കും കൊല്ലപ്പെട്ട പാർട്ടി പ്രവർത്തകർക്കും വേണ്ടിയും രാഹുൽ തർപ്പണം നടത്തി

0

തിരുനെല്ലി: പിതാമഹൻമാർക്കൊപ്പം പുൽവാമയിൽ കൊല്ലപ്പെട്ട സൈനികർക്കും ബലിതർപ്പണം നടത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജിവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത തിരുനെല്ലിയില്‍ എത്തിയാണ് രാഹുൽ ഗാന്ധി ബലിതര്‍പ്പണം നടത്തിയത്.തിരുനെല്ലി ക്ഷേത്രത്തില്‍ നമസ്‌കരിച്ച ശേഷമായിരുന്നു പാപനാശിനിയിലേക്ക് രാഹുൽ ഗാന്ധി ബലിതര്‍പ്പണത്തിന് തിരിച്ചത്.

ഇന്ദിര ഗാന്ധിക്കും രാജീവിനും വേണ്ടി തർപ്പണം നടത്തിയ ശേഷം കൊല്ലപ്പെട്ട സൈനികർക്കും കൊല്ലപ്പെട്ട പാർട്ടി പ്രവർത്തകർക്കും വേണ്ടിയും രാഹുൽ തർപ്പണം നടത്തി,വയനാട് ജില്ലയിലെ പ്രശസ്തമായ മഹാവിഷ്ണു ക്ഷേത്രമാണ് തിരുനെല്ലി അമ്പലം. വടക്കൻ മലബാറിൽ ബലിതർപ്പണം നടക്കുന്ന പ്രധാന ഇടം കൂടിയാണ് തിരുനെല്ലി. രാഹുൽ ഗാന്ധിയുടെ ദർശനത്തിനായി ക്ഷേത്രത്തിൽ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി

കോൺഗ്രസ് നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും അടക്കം ചുരുക്കം ആളുകൾ മാത്രമാണ് രാഹുലിനൊപ്പം പാപനാശത്തെത്തിയത്. തിരുനെല്ലി ക്ഷേത്രം സന്ദര്‍ശിച്ച ശേഷം മതി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെന്ന് രാഹുൽ ഗാന്ധി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പിതൃതര്‍പ്പണ ചടങ്ങുകൾ തീര്‍ത്തും സ്വകാര്യമായ ചടങ്ങായി തന്നെ നടത്തണമെന്ന നിര്‍ബന്ധവും രാഹുൽ ഗാന്ധിക്ക് ഉണ്ടായിരുന്നു. ദേശീയ വാര്‍ത്ത ഏജൻസികൾക്ക് മാത്രമാണ് ഇവിടെക്ക് പ്രവേശനം അനുവദിച്ചത് .

1991 ൽ പാപനാശിനിയിൽ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം കെ കരുണാകരനാണ് തിരുനെല്ലിയിൽ ഒഴുക്കിയത്. ക്ഷേത്രത്തിൽ നിന്ന് എഴുനൂറ് മീറ്റര്‍ ദൂരെയാണ് പാപനാശിനി തീരം. അവിടേക്ക് നടന്നാണ് രാഹുൽ എത്തിയത്. രാഹുൽ ഗാന്ധി വരുന്ന പശ്ചാത്തലത്തിൽ വൻ സുരക്ഷയാണ് ക്ഷേത്രത്തിലും പരിസരത്തും ഒരുക്കിയിരുന്നത്. മറ്റാര്‍ക്കും ഇന്ന് ബലിതര്‍പ്പണത്തിന് അവസരം നൽകിയിരുന്നുമില്ല. ഇഎൻ കൃഷ്ണൻ നമ്പൂതിരിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് .

രാജീവ് ഗാന്ധിയുടെ ഓര്‍മ്മകൾക്ക് മുന്നിൽ പ്രണാമമര്‍പ്പിച്ച ശേഷം രാഹുൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലേക്ക് കടക്കും. സുൽത്താൻ ബത്തേരിയിലേക്കാണ് രാഹുൽ ആദ്യം എത്തുന്നത്. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇതാദ്യമായാണ് രാഹുൽ ഗാന്ധിയെത്തുന്നത്.