രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍: ഒന്‍പത് ജില്ലകളിലെ പ്രസംഗിക്കും.

ഇന്നലെ രാത്രിയാണ് രാഹുല്‍ ഗാന്ധി രണ്ട് ദിവസത്തെ പര്യടനത്തിനായി സംസ്ഥാനത്തെത്തിയത്.

0

യു.ഡി.എഫ് പ്രചാരണ പരിപാടികള്‍ക്ക് ആവേശം പകരാന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍. ഇന്ന് സംസ്ഥാനത്തെ വിവിധ തെരഞ്ഞെടുപ്പ് പരിപാടികളില്‍ രാഹുല്‍ സജീവമാകും. നാളെ സ്വന്തം മണ്ഡലമായ വയനാട്ടില്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും.

ഇന്നലെ രാത്രിയാണ് രാഹുല്‍ ഗാന്ധി രണ്ട് ദിവസത്തെ പര്യടനത്തിനായി സംസ്ഥാനത്തെത്തിയത്. ഒന്‍പത് ജില്ലകളിലെ പൊതുയോഗത്തില്‍ രാഹുല്‍ പ്രസംഗിക്കും. രാഹുലിന്റെ രണ്ടാം വരവ് സംസ്ഥാനത്തെ യു.ഡി.എഫ് ക്യാമ്പുകള്‍ക്ക് കൂടുതല്‍ ആവേശം പകരുമെന്നാണ് വിലയിരുത്തല്‍. ഇന്ന് രാവിലെ കൊല്ലം ജില്ലയിലെ പത്തനാപുരത്തും പിന്നീട് പത്തനംതിട്ടയിലെയും പൊതുയോഗത്തില്‍ രാഹുല്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് അന്തരിച്ച മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുടെ വീട് സന്ദര്‍ശിക്കും. പിന്നീട് ആലപ്പുഴയിലെ പരിപാടിയില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് നടക്കുന്ന പൊതുയോഗത്തോടെ ആദ്യ ദിവസത്തെ പരിപാടികള്‍ അവസാനിക്കും.

നാളെ കണ്ണൂരിലെത്തുന്ന രാഹുല്‍ ഗാന്ധി യു.ഡി.എഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പിന്നീട് ജില്ലയിലെ റോഡ് ഷോയിലും രാഹുല്‍ പങ്കെടുക്കും. ഇതിന് ശേഷമായിരിക്കും തന്റെ മത്സര സ്ഥലമായ വയനാട് മണ്ഡലത്തിലേക്ക് രാഹുല്‍ എത്തുക. തിരുനെല്ലി ക്ഷേത്രദര്‍ശനം നടത്തും. സുല്‍ത്താന്‍ ബത്തേരിയിലെ പരിപാടിയിലും രാഹുല്‍ പങ്കെടുക്കും. പിന്നീട് കോടഞ്ചേരിയിലും വണ്ടൂരും നടക്കുന്ന പൊതുസമ്മേളനങ്ങളില്‍ പ്രസംഗിക്കും. പൊന്നാനി മണ്ഡലത്തിലെ തൃത്താലയിലെ പരിപാടിയില്‍ പ്രസംഗിച്ച ശേഷം രാഹുൾ ദില്ലിയിലേക്ക് മടങ്ങും.

header add
You might also like