ഐശ്വര്യ കേരള യാത്രയുടെ സമാപന ചടങ്ങില്‍ സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

സി.പി.എം കൊടി പിടിച്ചാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്നും സ്വർണം കടത്താമെന്നു൦, മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉള്ളവർക്കെതിരായ കേസുകൾ എന്തുകൊണ്ടാണ് ഇഴഞ്ഞ് ഇഴഞ്ഞ് പോകുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു

0

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി എം.പി. സി.പി.എം കൊടി പിടിച്ചാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്നും സ്വർണം കടത്താമെന്നു൦, മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉള്ളവർക്കെതിരായ കേസുകൾ എന്തുകൊണ്ടാണ് ഇഴഞ്ഞ് ഇഴഞ്ഞ് പോകുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയുള്ള ഇഡിയുടെയും കസ്റ്റംസിന്റെയും സ്വർണക്കടത്തു കേസ് അന്വേഷണം ഇഴയുന്നതെന്താണെന്നു മനസിലാകുന്നില്ല. എന്തുകൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ ഇടതുപക്ഷ സര്‍ക്കാരിനെ ആക്രമിക്കാത്തത്. ഇക്കാര്യത്തില്‍ തനിക്ക് ആശയകുഴപ്പമുണ്ടെന്നും രാഹുൽ പറഞ്ഞു. എല്ലാം ശരിയാക്കുമെന്നു പറഞ്ഞത് ജനങ്ങൾക്കു വേണ്ടിയാണോ പാർട്ടിക്കുവേണ്ടിയാണോയെന്നു എൽഡി.എഫ് വ്യക്തമാക്കണം. ഇടതു പാർട്ടിയിലാണെങ്കിൽ മാത്രം ജോലി ലഭിക്കുകയും പാർട്ടി കൊടിപിടിച്ചാൽ സ്വർണക്കടത്ത് അനുവദിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.