‘മനിതി’ സംഘം പമ്പയില്‍ കുത്തിരിപ്പു നടത്തുന്നു ; ഇരുമുടി കെട്ട് നിറയ്ക്കാന്‍ പൂജാരിമാര്‍ വിസമ്മതിച്ചു ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് യുവതികള്‍

തമിഴ് നാട്ടില്‍ നിന്നും പുറപ്പെട്ട മനിതി കൂട്ടായ്മയിലെ ഒരു സംഘമാണ് പുലര്‍ച്ചെ പമ്പയിലെത്തിയത്. ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ കേരളത്തില്‍ പ്രവേശിച്ച സംഘം എരുമേലിയില്‍ പ്രവേശിക്കാതെയാണ് പമ്പയിലെത്തിയത്. പതിനൊന്നംഗ സംഘമാണ് പമ്പയിലെത്തിയത്.

0

പമ്പ: ശബരിമല ദര്‍ശനത്തിനായെത്തിയ മനിതി കൂട്ടായ്മയിലെ ഒരു സംഘം പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് നടന്നു കയറാന്‍ തുടങ്ങി. പമ്പയില്‍ മുങ്ങിയ ശേഷമാണ് ഇവര്‍ സന്നിധാനത്തേക്ക് നടക്കുന്നത്. കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതിനിടെ ഇവരുടെ ഇരുമുടി കെട്ട് നിറയ്ക്കാന്‍ പൂജാരിമാര്‍ തയ്യാറായില്ല. ഇതോടെ സ്വയം ഇരുമുടി കെട്ട് നിറച്ച ശേഷമാണ് മനിതി സംഘം വലിയ നടപന്തലിലേക്ക് യാത്ര തുടരുന്നത്.

തമിഴ് നാട്ടില്‍ നിന്നും പുറപ്പെട്ട മനിതി കൂട്ടായ്മയിലെ ഒരു സംഘമാണ് പുലര്‍ച്ചെ പമ്പയിലെത്തിയത്. ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ കേരളത്തില്‍ പ്രവേശിച്ച സംഘം എരുമേലിയില്‍ പ്രവേശിക്കാതെയാണ് പമ്പയിലെത്തിയത്. പതിനൊന്നംഗ സംഘമാണ് പമ്പയിലെത്തിയത്. ഇവരില്‍ ആറുപേര്‍ മാത്രമേ പതിനെട്ടാംപടി കയറുവെന്ന് മനിതി പ്രതിനിധി സെല്‍വി വ്യക്തമാക്കി. മറ്റുള്ളവര്‍ സഹായത്തിന് എത്തിയതാണെന്നും എല്ലാവരും വിശ്വാസികളാണെന്നും സെല്‍വി അറിയിച്ചു.

പമ്പ ഗണപതി കോവിലില്‍ പൂജാരിമാര്‍ യുവതികള്‍ക്ക് കെട്ട് നിറച്ചുനല്‍കാന്‍ വിസമ്മതിച്ചതോടെ യുവതികള്‍ സ്വയം കെട്ടുനിറക്കുകയായിരുന്നു. പൊലീസ് സുരക്ഷയില്‍ എത്തിയ ഇവരെ പമ്പ ഗാര്‍ഡ് റൂം കഴിഞ്ഞുള്ള അയ്യപ്പസ്വാമി റോഡിന് സമീപത്ത് പ്രതിഷേധക്കാര്‍ തടഞ്ഞു. ഇതിനിടെ മനിതാ സംഘത്തിലെ പ്രതിനിധിയായ സെല്‍വിയുമായി പൊലീസ് ചര്‍ച്ച നടത്തിയെങ്കിലും ശബരിമല ദര്‍ശനം നടത്താതെ മടങ്ങിപ്പോകില്ലെന്ന് ഇവര്‍ ആവര്‍ത്തിച്ചു.

അതേസമയം കോട്ടയത്തും പരിസര പ്രദേശങ്ങളിലും ബിജെപി വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. കോട്ടയം റെയില്‍വെ സ്റ്റേഷനിലേക്കടക്കം ബിജെപി മാര്‍ച്ച് സംഘടിപ്പിക്കുകയാണ്. റെയില്‍വെ സ്റ്റേഷനിലേക്കുള്ള പ്രതിഷേധ മാര്‍ച്ച് ലോ ഗോസ് ജംഗ്ഷനില്‍ വച്ച് പൊലീസ് തടഞ്ഞിട്ടുണ്ട്.
നേരത്തെ മുണ്ടക്കയം വണ്ടൻ പതാലിൽ ബിജെപി പ്രവർത്തകർ മനിതി സംഘത്തെ തടയാൻ ശ്രമിച്ചിരുന്നു. പൊലീസ് ലാത്തിചാർജ് നടത്തിയതോടെ പ്രവര്‍ത്തകര്‍ ചിതറിയോടുകയായിരുന്നു. കമ്പംമെട്ട് ചെക്ക്പോസ്റ്റ് വഴിയാണ് യുവതികളുടെ സംഘം കേരളത്തില്‍ പ്രവേശിച്ചത്. മനിതി കൂട്ടായ്മയിലെ വനിതകള്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കട്ടപ്പനയിലെ പാറപ്പുറത്ത് വച്ചും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് യാത്ര തുടരാനായത്.

ഇടുക്കിയിലും കോയമ്പത്തൂരിലുമടക്കം ഉയര്‍ന്ന പ്രതിഷേധം മറികടന്നാണ് റോഡ് മാര്‍ഗം പൊലീസ് സുരക്ഷയില്‍ എത്തുന്ന സംഘം കേരളത്തിൽ പ്രവേശിച്ചത്. തമിഴ്നാട്-കേരള പൊലീസ് ഒരുക്കിയ ശക്തമായ സുരക്ഷയുടെ ബലത്തിലാണ് പ്രതിഷേധിക്കാരെ മറികടന്ന് സംഘം കേരളത്തിൽ എത്തിയത്. ശനിയാഴ്ച്ച ഉച്ചയോടെ ചെന്നൈയിൽ നിന്നും പുറപ്പെട്ട തീർത്ഥാടക സംഘത്തെ മധുരയില്‍ വിശ്വഹിന്ദു പരിക്ഷത്ത് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് ഈ നീക്കം പൊളിച്ചു. തമിഴ്നാട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പിന്നീട് കേരള അതിർത്തിക്ക് സമീപം വച്ച് കേരള പൊലീസ് ഇവരുടെ സുരക്ഷ ഏറ്റെടുത്തു. തീർത്ഥാടക സംഘം കുമളി ചെക്ക് പോസ്റ്റ് കടന്നപ്പോൾ ദേശീയപാത ഉപരോധിച്ചു കൊണ്ട് സംഘപരിവാർ പ്രവർത്തകർ പ്രതിരോധം തീർത്തെങ്കിലും പൊലീസ് ഇവരെ പിടിച്ചു മാറ്റി വാഹനവ്യൂഹത്തിന് വഴിയൊരുക്കി.

മനിതി കൂട്ടായ്മ എന്താണ്

പെരുമ്പാവൂരിൽ സ്വന്തം വീടിനകത്ത് ക്രൂരമായി ബലാത്സംഗത്തിനിരയായി നിയമവിദ്യാർത്ഥിനി ജിഷ  കൊല ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് മനിതി എന്ന കൂട്ടായ്മ പിറന്നത്. രാജ്യമാകെ ചര്‍ച്ചയായ ജിഷയുടെ കൊലപാതകത്തിൽ പ്രതിഷേധിക്കാനായി ചെന്നൈയിലെ മറീന ബീച്ചിലും സ്ത്രീകള്‍ ഒത്തുകൂടി. ജിഷയുടെ അരുകൊലയില്‍ പ്രതിഷേധിച്ച സ്ത്രീ കൂട്ടായ്മ പതിയെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ചുവടുറപ്പിക്കാന്‍ തീരുമാനിച്ചു. ആ കൂട്ടായ്മ മനിതിയെന്ന സ്ത്രീ അവകാശ പോരാട്ട സംഘമായി മാറാന്‍ അധികനാള്‍ വേണ്ടിവന്നില്ല. വിവിധ മേഖലയിലുള്ള നിരവധി സ്ത്രീകളും യുവതികളും ഇന്ന് മനിതി സംഘടനയുടെ ഭാഗമാണ്. രാജ്യത്തെ പല സ്ഥലങ്ങളിലും സാന്നിധ്യമാകാനുള്ള ശ്രമവും സംഘടനയ്ക്കുണ്ട്.  സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തി പോരാടുക എന്നതാണ് മനിതിയുടെ ലക്ഷ്യം.