ദേവഗൗഡയു ടെ പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്ന് പിണറായി വിജയൻ

''ജനതാദള്‍ എസ് കാലങ്ങളായി കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം നിലകൊള്ളുന്ന കക്ഷിയാണ്. ദേശീയ നേതൃത്വം വ്യത്യസ്ത നിലപാട് പ്രഖ്യാപിച്ചപ്പോള്‍ ആ ബന്ധം വിച്ഛേദിച്ച് കേരളത്തില്‍ എല്‍ഡിഎഫിന് ഒപ്പം നിലയുറപ്പിച്ച പാരമ്പര്യമാണ് അവരുടെ സംസ്ഥാന നേതൃത്വത്തിനുള്ളത്.

0

തിരുവനന്തപുരം | കർണാടകയിൽ ജെ ഡി എസ് ബിജെപി സഖ്യമുണ്ടാക്കിയത് തന്റെ സമ്മതത്തോടെ ആണെന്ന ജെ ഡി എസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ പ്രസ്താവന പൂര്‍ണമായും തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ ദേവഗൗഡ അസത്യം പറയുകയാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

”ജനതാദള്‍ എസ് കാലങ്ങളായി കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം നിലകൊള്ളുന്ന കക്ഷിയാണ്. ദേശീയ നേതൃത്വം വ്യത്യസ്ത നിലപാട് പ്രഖ്യാപിച്ചപ്പോള്‍ ആ ബന്ധം വിച്ഛേദിച്ച് കേരളത്തില്‍ എല്‍ഡിഎഫിന് ഒപ്പം നിലയുറപ്പിച്ച പാരമ്പര്യമാണ് അവരുടെ സംസ്ഥാന നേതൃത്വത്തിനുള്ളത്. ആ പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്നങ്ങളില്‍ ഏതെങ്കിലും തരത്തില്‍ അഭിപ്രായം പറയാനോ ഇടപെടാനോ സിപിഐ എം ഒരു ഘട്ടത്തിലും ശ്രമിച്ചിട്ടില്ല. മുഖ്യമന്ത്രി എന്ന നിലയിലും അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട ആവശ്യം ഉണ്ടായിട്ടില്ല. അത് ഞങ്ങളുടെ രീതിയല്ല. ആരുടെയെങ്കിലും വെളിപാടിന് ഞങ്ങളാരും ഉത്തരവാദികളല്ല. ദേവഗൗഡയുടെ അസംബന്ധ പ്രസ്താവന തിരുത്തുന്നതാണ് ഔചിത്യവും രാഷ്ട്രീയ മര്യാദയും. തങ്ങള്‍ ബിജെപിക്കെതിരാണെന്നും ദേവഗൗഡക്കൊപ്പമല്ല എന്നുമാണ് ജെഡിഎസ് കേരള ഘടകം സ്വീകരിച്ചിരിക്കുന്ന നിലപാട്. ദേവഗൗഡയുടെ പ്രസ്താവന തെറ്റാണെന്ന് സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണന്‍കുട്ടിയും അസന്നിഗ്ദമായി വ്യക്തമാക്കിയിട്ടുമുണ്ട്.:മുഖ്യമന്ത്രി പറഞ്ഞു .

അതേസമയം ജെഡിഎസ്-എന്‍ഡിഎ സഖ്യത്തിന് കേരള മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ പിണറായി സമ്മതം നല്‍കിയെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ജെഡിഎസ് ദേശീയാദ്ധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ. സിപിഐഎം ജെഡിഎസ്-എന്‍ഡിഎ സഖ്യത്തെ അനുകൂലിക്കുന്നു എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ദേവഗൗഡ പറഞ്ഞു.

ഇപ്പോഴും കേരളത്തില്‍ ജെഡിഎസ് സംസ്ഥാന ഘടകം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗമായി തുടരുന്നു എന്നാണ് പറഞ്ഞത്. കര്‍ണാടയ്ക്ക് പുറത്തുള്ള പാര്‍ട്ടി ഘടകങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും അഭിപ്രായഭിന്നതകള്‍ തുടരുന്നു. സിപിഐഎം നേതാക്കള്‍ അവരുടെ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കേണ്ടിയിരുന്നുവെന്നും ദേവഗൗഡ പറഞ്ഞു.ഇടത് മുഖ്യമന്ത്രിയായ പിണറായി വിജയന്‍ ജെഡിഎസ്-എന്‍ഡിഎ സഖ്യത്തിന് പരിപൂര്‍ണസമ്മതം നല്‍കിയെന്നും ഇത് പാര്‍ട്ടിയെ രക്ഷിക്കാനാണെന്ന് സിപിഐഎം തിരിച്ചറിഞ്ഞുവെന്നുമായിരുന്നു ദേവഗൗഡ നേരത്തെ നടത്തിയ പ്രസ്താവന.

You might also like

-