“സര്‍ക്കാരിന് ജനം നൽകിയത് നൂറില്‍ നൂറ് മാർക്ക്” മുഖ്യമന്ത്രി ,രാജി കത്ത് കൈമാറി

ജ് ഭവനിലെത്തി മുഖ്യമന്ത്രി ​ഗവര്‍ണര്‍ക്ക് രാജി കത്ത് കൈമാറി.

0

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന് ജനം നൽകിയത് നൂറില്‍ നൂറ് മാർക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജയത്തിൽ എല്ലാവർക്കും അവകാശമുണ്ട്. കൂട്ടായ പ്രവർത്തനത്തിന്റെ ജയമാണിത്. ജനങ്ങൾക്ക് നൽകിയ ഉറപ്പ് തുടർന്നും പാലിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മെയ് 9 വരെ നിലവിലെ നിയന്ത്രണം തുടരുമെന്നും ലോക്ഡൗൺ വേണോ എന്ന് 10 നുശേഷം ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യാബിനറ്റ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം, രാജ് ഭവനിലെത്തി മുഖ്യമന്ത്രി ​ഗവര്‍ണര്‍ക്ക് രാജി കത്ത് കൈമാറി.

തെരഞ്ഞെടുപ്പിൽ 99 സീറ്റുകളെന്ന ഗംഭീര വിജയം നേടി ഭരണത്തുടർച്ച നേടിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെയാണ് കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തെത്തിയത്. അദ്ദേഹത്തിന് ഒപ്പം ആരോഗ്യമന്ത്രി കെ കെ ശൈലജ, എംവി ജയരാജൻ, എംവി ഗോവിന്ദൻ അടക്കമുള്ള നേതാക്കളും തിരുവനന്തപുരത്തെത്തിച്ചേർന്നിട്ടുണ്ട്. പുതിയ മന്ത്രിസഭയിൽ മുതിർന്ന നേതാക്കളായ എം വി ഗോവിന്ദൻ, കെഎൻ ബാലഗോപാൽ, പി രാജീവ്, രാധാകൃഷ്ണൻ എന്നിവരടക്കം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. നാളെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്നാകും സർക്കാർ രൂപീകരണ ചർച്ചകൾ നടത്തുക. ഇതിന് മുന്നോടിയായി കേരളത്തിലെ പൊളിറ്റ് ബ്യൂറോ അംഗങ്ങളും യോഗം ചേരും.