പാലക്കാട് ഈ മാസം 28 വരെ നിരോധനാജ്ഞ നീട്ടി

ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രാ നിയന്ത്രണവും തുടരും

0

പാലക്കാട് | ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ തുടർന്ന് പാലക്കാട് ഏർപ്പെടുത്തിയ നിരോധനാജ്ഞ നീട്ടി. ഈ മാസം 28 വരെയാണ് നീട്ടിയിരിക്കുന്നത്. ജില്ലാ കളക്ടർ മൃൺമയി ജോഷിയുടേതാണ് ഉത്തരവ്. നേരത്തെ നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു.നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കാവുന്ന സാഹചര്യം ജില്ലയില്‍ എത്തിയിട്ടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീട്ടുന്നത്. ഇതുപ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമൊ പേര്‍ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ യോഗങ്ങളോ പ്രകടനങ്ങളൊ ഘോഷയാത്രകളൊ പാടില്ല.

ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രാ നിയന്ത്രണവും തുടരും. ആർ.എസ്.എസ് – പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കൊലപാതകത്തെ തുടർന്നാണ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.അതേസമയം പാലക്കാട് സമാധാനം ഉറപ്പാക്കാൻ പോപുലർ ഫ്രണ്ട്, ആർഎസ്എസ് നേതാക്കളുമായി അടുത്തയാഴ്ച ചർച്ച നടത്തുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചു. പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണെന്ന് മന്ത്രി പറഞ്ഞു. പ്രതികളെ ശിക്ഷിക്കണം എന്ന ലക്ഷ്യത്തോടെയാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. രണ്ട് കൊലപാതകങ്ങളുമായും ബന്ധപ്പെട്ട് എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി

You might also like