ബി ജെ പി വോട്ടുകച്ചവടം നടത്തി ഗുരുതരരോപണങ്ങളുമായി പി.മോഹനന്‍

.'വോട്ട് കച്ചവടം പുതിയ കാര്യമല്ല. പല രീതിയിൽ വോട്ട് വിറ്റിട്ടുണ്ട്. അത് ഞങ്ങൾ നേരിട്ട് പരിശോധിച്ച ശേഷം എത്തിയ വിലയിരുത്തലാണിത്. ഈ കാര്യം സിപിഎം മുൻ കൂട്ടി കണ്ടിട്ടുണ്ട്. അതനുസരിച്ചാണ് പ്രവർത്തനം നടത്തിയത്'',

0

കോഴിക്കോട് :കോഴിക്കോടും വടകരയിലും ബി.ജെ.പി വോട്ടു മറിച്ചെന്ന ആരോപണവുമായി സി.പി.എം. സംഘ്പരിവാര്‍ വോട്ട് ലഭിക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനും ചില കോണ്‍ഗ്രസ് നേതാക്കളും മുന്നില്‍ നിന്നു. വടകരയില്‍ മുരളീധരനെ സ്ഥാനാര്‍ഥിയാക്കിയത് കോണ്‍ഗ്രസ് – ബി.ജെ.പി ഗൂഢാലോചനയുടെ ഭാഗമായാണ് .രണ്ട് മണ്ഡലങ്ങളിലും ഇത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചതിനാല്‍ സി.പി.എമ്മിന് വിജയിക്കാനാകുമെന്നും ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു.’വോട്ട് കച്ചവടം പുതിയ കാര്യമല്ല. പല രീതിയിൽ വോട്ട് വിറ്റിട്ടുണ്ട്. അത് ഞങ്ങൾ നേരിട്ട് പരിശോധിച്ച ശേഷം എത്തിയ വിലയിരുത്തലാണിത്. ഈ കാര്യം സിപിഎം മുൻ കൂട്ടി കണ്ടിട്ടുണ്ട്. അതനുസരിച്ചാണ് പ്രവർത്തനം നടത്തിയത്”, പി മോഹനൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കോഴിക്കോട്ടെയും വടകരയിലെയും ഉയർന്ന പോളിംഗ് ശതമാനത്തെക്കുറിച്ച് വിലയിരുത്താൻ കോഴിക്കോട്ട് ജില്ലാ നേതാക്കൾ അവലോകന യോഗം ചേർന്നിരുന്നു. കോഴിക്കോട്ട് 81.47%, വടകര 82.48% എന്നിങ്ങനെയായിരുന്നു പോളിംഗ് ശതമാനം. കഴിഞ്ഞ വർഷം കോഴിക്കോട്ട് 79.75 ശതമാനവും വടകരയിൽ 81.13 ശതമാനവും വോട്ടുകളാണ് പോൾ ചെയ്തത്. എങ്ങനെയാണ് ഈ ട്രെൻഡുണ്ടായതെന്ന വിശദമായ ചർച്ച ജില്ലാ നേതൃത്വത്തിന്‍റെ അവലോകനയോഗത്തിലുണ്ടായി.
തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ വോട്ട് മറിക്കാനുള്ള ശ്രമങ്ങള്‍ കോഴിക്കോട്ടെ സ്ഥാനാര്‍ഥി എം.കെ രാഘവനില്‍ നിന്നും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍മാരില്‍ ഒരാളില്‍ നിന്നുമുണ്ടായെന്നാണ് സി.പി.എം ആരോപിക്കുന്നത്. എന്നാല്‍ ഈ നീക്കം നേരത്തെ തിരിച്ചറിഞ്ഞതിനാല്‍ ഇത് മറിക്കടക്കാനുള്ള ശ്രമം നേരത്തെ തന്നെ പാര്‍ട്ടി നടത്തിയിരുന്നെന്നും മോഹനന്‍ പറഞ്ഞു.

വടകരയില്‍ ആര്‍.‍എം.പി പ്രവര്‍ത്തകരില്‍ ഒരു വിഭാഗത്തിന്റെ വോട്ട് സി.പി.എമ്മിന് ലഭിച്ചിട്ടുണ്ടെന്നും ഈ തെരഞ്ഞെടുപ്പോടെ ആര്‍.എം.പി ശിഥിലമാകുമെന്നും മോഹനന്‍ പറ‍ഞ്ഞു. പോളിംഗ് ശതമാനം കൂടിയത് തങ്ങള്‍ക്കനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.

You might also like

-