ഒക്കലഹോമ സിറ്റി പബ്ലിക്ക് സ്കൂളുകൾ തുറക്കുന്നത് ഓഗസ്റ്റ് 31നു ശേഷം

വെർച്വൽ പരിശീലന സമയം അധ്യാപകർക്കും വിദ്യാർഥികൾക്കും ലഭിക്കുന്നതിനാണ് തുറക്കുന്ന തിയതി ദീർഘിപ്പിച്ചതെന്ന് ബോർഡ് ചൂണ്ടിക്കാട്ടി.

0

ഒക്കലഹോമ ∙ ഒക്കലഹോമ സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ജില്ലയായ ഒക്കലഹോമ സിറ്റിയിലെ പബ്ലിക് സ്കൂളുകൾ ഓഗസ്റ്റ് 31നു ശേഷം മാത്രമേ തുറന്ന് പ്രവർത്തിക്കുകയുള്ളൂവെന്ന് സ്കൂൾ ബോർഡ് തീരുമാനിച്ചു. ജൂലായ് 21 ന് ചേർന്ന സ്കൂൾ ബോർഡാണ് ജൂലായ് 10ന് തുറക്കേണ്ടിയിരുന്ന സ്കൂൾ ഓഗസ്റ്റ് 31 വരെ നീട്ടിയത്. വെർച്വൽ പരിശീലന സമയം അധ്യാപകർക്കും വിദ്യാർഥികൾക്കും ലഭിക്കുന്നതിനാണ് തുറക്കുന്ന തിയതി ദീർഘിപ്പിച്ചതെന്ന് ബോർഡ് ചൂണ്ടിക്കാട്ടി.

ഒക്കലഹോമ സംസ്ഥാനത്ത് ജൂലായ് 21 ചൊവ്വാഴ്ച മാത്രം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1700 കവിഞ്ഞു. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 25433 ആയി ഉയർന്നു. 452 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒക്കലഹോമ കൗണ്ടിയിൽ ഇതുവരെ 6301 പോസിറ്റീവ് കേസ്സുകളും 77 മരണവുമാണ് ഉണ്ടായിട്ടുള്ളത്.

ഒക്കലഹോമ സിറ്റി പബ്ലിക് സ്കൂളുകളിൽ സെപ്റ്റംബറിലെ ക്ലാസ്സുകൾ (ഓൺലൈൻ) ആരംഭിക്കുകയുള്ളൂ എന്ന തീരുമാനത്തിൽ കുട്ടികളുടെ രക്ഷിതാക്കൾ ആശങ്കാകുലരാണ്. ഓഗസ്റ്റ് 31 മുതൽ 9 ആഴ്ച വെർച്ച്വൽ ക്ലാസുകൾ മാത്രമാണ് സംഘടിപ്പിക്കുന്നത്. കുട്ടികൾ എങ്ങനെ അധ്യാപകരുമായി ബന്ധപ്പെടുമെന്നും അവരുടെ പഠനങ്ങൾക്ക് ആര് ഉത്തരവാദിയാകുമെന്നും രക്ഷിതാക്കൾ സംശയം പ്രകടിപ്പിക്കുന്നു.
കോവിഡ് 19 രോഗം സംസ്ഥാനത്ത് വ്യാപകമാകുമോ, അതോ നിയന്ത്രണ വിധേയമാകുമോ എന്നതിനെയെല്ലാം ആശ്രയിച്ചായിരിക്കും സ്കൂൾ പ്രവർത്തനം ആരംഭിക്കുക. തിയതികളിൽ മാറ്റം വരുത്തുന്നതിന് സൂപ്രണ്ടിനെ ബോർഡ് യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.