തിരുവനന്തപുരം വിമാനത്താവളം: അദ്നിക്ക് കൈമാറിയതിനെതിരെ നിയസഭ പ്രമേയം പാസ്സാക്കി

വിമാനത്താവള സ്വകാര്യവത്ക്കരണത്തിനെതിരായ സംയുക്ത പ്രമേയം പ്രതിപക്ഷം പ്രതിഷേധത്തോടെ പിന്തുണച്ചു.

0

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണത്തിനെതിരെ സംയുക്ത പ്രമേയം മുഖ്യമന്ത്രിയാണ് അവതരിപ്പിച്ചത് . സംസ്ഥാന സർക്കാരിന്റെ താത്പര്യം പരിഗണിക്കാതെയാണ് വിമാനത്താവളം സ്വകാര്യവൽക്കരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏല്‍പ്പിച്ചത് മുന്‍പരിചയമില്ലാത്ത കമ്പനിയെയാണ്. വിമാനത്താവളത്തിന്റെ നടത്തിപ്പ് സര്‍ക്കാരിന് തിരികെ നല്‍കണമെന്നും പ്രമേയത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.കൊച്ചി വിമാനത്താവളവും കണ്ണൂര്‍ വിമാനത്താവളവും പിപിപി മോഡലില്‍ നടത്തി കേരളത്തിന് പരിചയമുണ്ട്. സംസ്ഥാനം ഏറ്റെടുത്ത ഭൂമിയുടെ വില സംസ്ഥാനത്തിന്‍റെ ഓഹരിയായി കണക്കാക്കണമെന്ന് കേന്ദ്രത്തോട് പറഞ്ഞതാണ്. സ്വകാര്യ സംരംഭകന് വിമാനത്താവള നടത്തിപ്പ് നല്‍കുന്നതിനെതിരെ സംസ്ഥാനം നല്‍കിയ കേസ് ഹൈക്കോടതിയില്‍ നടക്കുന്നുണ്ട്. ഇതിനിടെയാണ് കേന്ദ്രമന്ത്രിസഭായോഗം വിമാനത്താവളം അദാനിക്ക് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം തിരുവനന്തപുരം വിമാനത്താവള നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ അദാനിയെ പരസ്യമായി എതിര്‍ക്കുകയും രഹസ്യമായി പിന്തുണക്കുകയും ചെയ്യുകയാണ്. വിമാനത്താവളത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നു. അദാനി ഗ്രൂപ്പിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്നും ചെന്നിത്തല ആരോപിച്ചു.

വിമാനത്താവള സ്വകാര്യവത്ക്കരണത്തിനെതിരായ സംയുക്ത പ്രമേയം പ്രതിപക്ഷം പ്രതിഷേധത്തോടെ പിന്തുണച്ചു. ന്യായമായ കാര്യങ്ങള്‍ക്ക് പ്രതിപക്ഷം കൂടെ നില്‍ക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എവിടെയാണ് പ്രതിപക്ഷം കൂടെ നില്‍ക്കാത്തതെന്ന് മുഖ്യമന്ത്രി പറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ കാര്യത്തില്‍ നിയമോപദേശം തേടാന്‍ കമ്പനിയെ തെരഞ്ഞെടുത്തത് ടെന്‍ററില്ലാതെയാണ്. കരിമ്പട്ടികയിലുള്ള കെപിഎംജിയെ കണ്‍സള്‍ട്ടന്‍റാക്കി. എങ്ങനെയാണ് മംഗള്‍ദാസ് കമ്പനിയെ തെരഞ്ഞെടുത്തത്? അദാനിയോടുള്ള സര്‍ക്കാര്‍ നിലപാട് ഇരട്ടത്താപ്പാണ്. അദാനിയോട് ബന്ധമുള്ള കമ്പനിയോട് നിയമോപദേശം തേടിയത് ആരാണ്? പരിചയമുള്ള സിയാലിനെ എന്തുകൊണ്ട് കണ്‍സള്‍ട്ടന്‍റായി നിയമിച്ചില്ലെന്നും ചെന്നിത്തല ചോദിച്ചു.

പ്രതിപക്ഷ നേതാവിന്‍റെ പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. സര്‍ക്കാര്‍ നിലപാട് തുറന്ന പുസ്തകം പോലെ ലഭ്യമാണ്. അവരവരുടെ സ്വഭാവം വെച്ച് മറ്റുള്ളവരെ അളക്കുന്ന സ്വഭാവമാണ് കണ്ടത്. കള്ളങ്ങളും അപവാദങ്ങളും പ്രചരിപ്പിച്ച് മേല്‍ക്കൈ നേടാമെന്ന നിലപാടാണ് പ്രതിപക്ഷത്തിന്. പ്രതിപക്ഷം വല്ലാത്ത വെപ്രാളത്തിലാണ്. നല്ല സംസ്കാരം കാണിക്കണം. മറുപടി കേള്‍ക്കാന്‍ തയ്യാറാകേണ്ടേ? രാജ്യത്തെ പ്രമുഖമായ നിയമസ്ഥാപനത്തില്‍ നിന്നാണ് നിയമോപദേശം തേടിയത്. സര്‍ക്കാര്‍ നല്ല സ്ഥാപനമായാണ് മംഗള്‍ദാസിനെ കണ്ടത്. തുക ക്വാട്ട് ചെയ്യുന്നതില്‍ മംഗള്‍ദാസിന് പങ്കില്ല. അവര്‍ അതിന്‍റെ ഭാഗമേ അല്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.