എൻ ഐ എ സംഘം സെക്രട്ടേറിയറ്റിൽ പരിശോധന നടത്തുന്നു

എൻഐഎ ആവശ്യപ്പെട്ട കാലയളവിലെ എല്ലാ സിസിടിവി ദൃശ്യങ്ങളും കോപ്പി ചെയ്ത് നൽകണമെങ്കിൽ വലിയ ഹാർഡ് ഡിസ്ക് തന്നെ വേണ്ടി വരുമെന്നാണ് പൊതുഭരണവകുപ്പ് എൻഐഎയെ അറിയിച്ചത്.

0

തിരുവനന്തപുരം:സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദേശീയാന്വേഷണ ഏജൻസി സെക്രട്ടേറിയറ്റിലെത്തി പരിശോധന ആരംഭിച്ചു . സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങളാണ് ഇവർ പരിശോധിക്കുന്നത്.എൻഐഎ അസിസ്റ്റന്‍റ് പ്രോഗ്രാമർ വിനോദിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. 15 പേരടങ്ങിയ എൻഐഎ സംഘമാണ് സെക്രട്ടേറിയറ്റിൽ എത്തിയിരിക്കുന്നത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ ഓഫീസ് അടങ്ങിയ നോർത്ത് ബ്ലോക്കിലെ ഓഫീസിന്‍റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള സിസിടിവികളും എൻഐഎ സംഘം പരിശോധിച്ചു. സംസ്ഥാന ഐടി സെക്രട്ടറി മുഹമ്മദ് വൈ സഫീറുള്ളയുടെ സാന്നിധ്യത്തിലാണ് പരിശോധന പുരോഗമിക്കുന്നത്.എൻഐഎ ആവശ്യപ്പെട്ട കാലയളവിലെ എല്ലാ സിസിടിവി ദൃശ്യങ്ങളും കോപ്പി ചെയ്ത് നൽകണമെങ്കിൽ വലിയ ഹാർഡ് ഡിസ്ക് തന്നെ വേണ്ടി വരുമെന്നാണ് പൊതുഭരണവകുപ്പ് എൻഐഎയെ അറിയിച്ചത്.

2019 ജൂലൈ മുതലിങ്ങോട്ടുള്ള സെക്രട്ടേറിയറ്റിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളുമാണ് എൻഐഎ ശേഖരിക്കുന്നത്. ഇതെല്ലാം നൽകണമെങ്കിൽ 400 ടിബിയുള്ള ഹാർഡ് ഡിസ്ക് വേണം. ഇത് വിദേശത്ത് നിന്ന് എത്തിക്കണമെന്ന് കാട്ടി പൊതുഭരണവകുപ്പ് എൻഐഎയ്ക്ക് മറുപടി നൽകിയിരുന്നു. കൊവിഡ് പ്രതിസന്ധിയുള്ളതിനാൽ വിദേശത്ത് നിന്ന് സാധനങ്ങൾ എത്തുന്നതിന് കാലതാമസം വരാം. ഈ കാലതാമസം ഒഴിവാക്കാനായി, എൻഐഎയ്ക്ക് സെക്രട്ടേറിയറ്റിലെത്തി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും പൊതുഭരണവകുപ്പ് വ്യക്തമാക്കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എൻഐഎ സെക്രട്ടേറിയറ്റിൽ നേരിട്ടെത്തി പരിശോധന നടത്തുന്നത്.

കളളക്കടത്തുമായി ബന്ധപ്പെട്ട് ഇതുവരെ പിടിയിലാകാത്ത ചിലർ സെക്രട്ടേറിയറ്റ് പരിസരത്ത് കഴി‍ഞ്ഞ ഒരു വ‍ർഷത്തിനുളളിൽ പല തവണ എത്തിയെന്നാണ് എൻഐഎയുടെ നിഗമനം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അടക്കം ആരെയെങ്കിലും ഇവർ കണ്ടിരുന്നോയെന്നാണ് അന്വേഷിക്കുന്നത്. ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യണോയെന്ന് ഈ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാകും എൻഐഎ തീരുമാനിക്കുക.ജൂലൈ 1 മുതൽ 12 വരെയുള്ള ദൃശ്യങ്ങളാണ് എൻഐഎ സർക്കാരിൽ നിന്ന് ആവശ്യപ്പെട്ടത്. പൊതുഭരണവകുപ്പിന് കീഴിലുള്ള ഹൗസ് കീപ്പിംഗ് വിഭാഗമാണ് ദൃശ്യങ്ങൾ ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും. അതിനാൽത്തന്നെ ഈ വിഭാഗത്തിന്‍റെ ചുമതലയുള്ള അഡീഷണൽ സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി എൻഐഎ നൽകിയ കത്ത് കൈമാറിയിരുന്നു