അടുത്ത മൂന്നാഴ്ച വളരെ നിര്‍ണായകം ,മൂന്നാം തരംഗം കേരളത്തിൽ ആരംഭിച്ചിട്ടില്ല

കോവിഡ് മൂന്നാം തരംഗം കേരളത്തിൽ ആരംഭിച്ചിട്ടില്ല. ഡെൽറ്റാ വകഭേദമാണ് രോഗവ്യാപനത്തിന് കാരണം. ആരോഗ്യവകുപ്പ് പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നുണ്ട്.

0

തിരുവനന്തപുരം :കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് അടുത്ത മൂന്നാഴ്ച വളരെ നിര്‍ണായകമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഏറെ ജാഗ്രത പാലിക്കണം. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കോവിഡ് പ്രതിരോധം നല്ല രീതിയിലാണ് മുന്നേറുന്നതെന്നും മന്ത്രി പറഞ്ഞു. പരമാവധി പരിശോധന നടത്തി രോഗികളെ കണ്ടെത്തി അവരെ ക്വാറന്‍റൈനിലാക്കുകയും ചികിത്സ നല്‍കുകയും ചെയ്യുന്നു. ബുധനാഴ്ചയാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് നടന്നത്. 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് 1,63,098 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. പോസിറ്റീവായ ഒരാളെപ്പോലും വിട്ടുപോകാതിരിക്കാനാണ് ചികിത്സ ഉറപ്പാക്കാനാണ് നോക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടും പ്രതിദിന രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് പ്രതീക്ഷിച്ചിരുന്നതാണെന്നും വീണാ ജോർജ് പറഞ്ഞു.രോഗ വ്യാപനതോത് ഉയരുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കും. പരമാവധി പോസിറ്റീവ് കേസുകൾ കണ്ടെത്തുക ലക്ഷ്യമിട്ടാണ് ഇത്. ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ വരുന്ന മൂന്ന് ആഴ്ച ഏറെ നിർണായകമാണെന്നും മന്ത്രി പറഞ്ഞു.

കോവിഡ് മൂന്നാം തരംഗം കേരളത്തിൽ ആരംഭിച്ചിട്ടില്ല. ഡെൽറ്റാ വകഭേദമാണ് രോഗവ്യാപനത്തിന് കാരണം. ആരോഗ്യവകുപ്പ് പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നുണ്ട്. ദേശീയ ശരാശരിയേക്കാൾ കുറവായിരുന്നു കേരളത്തിലെ കോവിഡ് നിരക്കെന്നും വീണാ ജോർജ് വ്യക്തമാക്കി.വാക്‌സിനേഷന്റെ കാര്യത്തിൽ കേരളം ഒന്നാമതാണ്. കോവിഡ് സാഹചര്യങ്ങൾ വിലയിരുത്താൻ കേന്ദ്രമയച്ച സംഘം വെള്ളിയാഴ്ച വൈകീട്ടോടെ സംസ്ഥാനത്ത് എത്തും. വിവിധ ജില്ലകളിൽ സന്ദർശനം നടത്തുമെന്നും മന്ത്രി അറിയിച്ചു.

You might also like

-