വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു ,മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എംസി മായിൻഹാജി ചെയർമാൻ
വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ നിയമിക്കുന്നത് സംബന്ധിച്ച് നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന് നിയുക്ത വഖഫ് ബോർഡ് ചെയർമാൻ എംസി മായിൻ ഹാജി പറഞ്ഞു മുസ്ലിംലീഗ് പാർട്ടിയുടെ നിലപാട് തന്നെയാണ് തന്റേത്
തിരുവനന്തപുരം| വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സംസ്ഥാന സർക്കാർ. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എംസി മായിൻഹാജി ചെയർമാനാകും. ഒമ്പത് അംഗങ്ങളുള്ള ബോർഡ് ആണ് പുനഃസംഘടിപ്പിച്ചത്. സമസ്ത മുശാവറയിൽ നിന്ന് പുറത്താക്കപ്പെട്ട മുസ്തഫൽ ഫൈസിയെ ബോർഡ് അംഗമായി തെരഞ്ഞെടുത്തു. കുറുക്കോളി മൊയ്തീൻ എംഎൽഎമാരുടെ പ്രതിനിധിയാകും. മുൻ ചെയർമാൻ ഹംസ നൽകിയ കേസ് ഹൈക്കോടതിയിൽ നിൽക്കെയാണ് പുനഃസംഘടിപ്പിച്ചത്.
വഖഫ് ബോർഡ് പിരിച്ചു വിടാൻ സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. അംഗങ്ങളിൽ പലർക്കും ചട്ട പ്രകാരം യോഗ്യത ഇല്ലെന്നായിരുന്നു പ്രധാന ആരോപണം. നിലവിലെ ബോർഡിന് നയപരമായ തീരുമാനം എടുക്കാനുള്ള ഹൈക്കോടതി വിലക്കും തീരുമാനത്തിന് പിന്നിലെന്ന് പറയുന്നു. രണ്ട് അമുസ്ലിം അംഗങ്ങളെ പിന്നീട് നിയമിക്കുന്നതില് സുപ്രീം കോടതിയിലെ കേസിന്റ വിധി പ്രകാരം തീരുമാനിക്കും. ഇക്കഴിഞ്ഞ മാർച്ചില് ഇടത് സര്ക്കാരാണ് കെ.എസ്. ഹംസയെ ചെയർമാൻ ആക്കിയത്. ബോര്ഡിന് നാലര വർഷം കാലാവധി ഇനിയും ശേഷിക്കുന്നു. പുനഃസംഘടന ആവശ്യമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ബോർഡിലെ മുത്തവല്ലി ഉമ്മർ ഫൈസി മുക്കം പരസ്യമായി ഇടത് ആഭിമുഖ്യം പ്രകടിപ്പിക്കുന്നതിൽ സർക്കാരിന് അമർഷമുണ്ടായിരുന്നു.
അതേസമയം വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ നിയമിക്കുന്നത് സംബന്ധിച്ച് നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന് നിയുക്ത വഖഫ് ബോർഡ് ചെയർമാൻ എംസി മായിൻ ഹാജി പറഞ്ഞു മുസ്ലിംലീഗ് പാർട്ടിയുടെ നിലപാട് തന്നെയാണ് തന്റേത്. 1999 ലാണ് ആദ്യമായി ബോർഡ് അംഗമാകുന്നത് ഇപ്പോൾ 18 വർഷമായി അന്ന് എൽഡിഎഫ് സർക്കാരിന്റെ പാലോളി മുഹമ്മദ് ആയിരുന്നു ബോർഡിൻറെ മന്ത്രി. ഇടതു ഭരണ കാലത്തും ജമാഅത് ഇസ്ലാമി അംഗങ്ങൾ വഖ്ഫ് ബോർഡിൽ അംഗങ്ങൾ ആയിട്ടുണ്ട്. എൽഡിഎഫിന് അന്ന് അങ്ങിനെ അംഗമാക്കാമെങ്കിൽ മറ്റുള്ളവർക്കും അത് തന്നെ ചെയ്യാമെന്നാണ് തന്റെയും നിലപാട് മായിൻ ഹാജി പറഞ്ഞു.
അമുസ്ലിം അംഗങ്ങളെ നിയമിക്കേണ്ടത് സംബന്ധിച്ച് നിയമം ഉണ്ട്.നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. നോമിനേഷന്റെ അധികാരി താനോ വഖഫ് ബോർഡോ അല്ല. വഖഫ് ബോർഡിൻറെ ചെയർമാനായിട്ടാണ് താൻ നിയമിതനായത്. അമുസ്ലിം അംഗങ്ങളെ നിയമിക്കുന്നത് സംബന്ധിച്ച് ലീഗിന്റെ നിലപാട് മെമ്പർമാർ പാർലമെന്റിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി ഇതിന്റെ പേരിൽ സുപ്രീംകോടതിയിൽ കേസ് വരെ കൊടുത്തു. നിയമപ്രകാരം വഖഫായ എല്ലാ ഭൂമികളും സംരക്ഷിക്കപ്പെടും അദ്ദേഹം വ്യക്തമാക്കി.