മോൻസൻ മാവുങ്കലിനെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. വീണ്ടും കസ്റ്റഡി ആവശ്യപ്പെടും

മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാലാണിത്. ഇയാളെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതിനിടെ മോൻസനെ നേരിട്ട് ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് മേധാവി ശ്രീജിത്ത് ഐപിഎസ് കൊച്ചിയിലെത്തിയിട്ടുണ്ട്

0

കൊച്ചി: പുരാവസ്തു വിൽപ്പനക്കാരന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാലാണിത്. ഇയാളെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതിനിടെ മോൻസനെ നേരിട്ട് ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് മേധാവി ശ്രീജിത്ത് ഐപിഎസ് കൊച്ചിയിലെത്തിയിട്ടുണ്ട്.അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. എന്നാൽ മൂന്ന് ദിവസം മാത്രമാണ് കോടതി അനുവദിച്ചത്. ഡൽഹിയിലെ എച്ച്എസ്ബിസി ബാങ്കിന്റെ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയത് ഉൾപ്പെടെയുളള വിവരങ്ങൾ ഇയാളിൽ നിന്ന് തേടേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ ഉന്നയിച്ചിരുന്നു. നേരത്തെ ഒക്ടോബർ ആറ് വരെ എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഇയാളെ റിമാൻഡ് ചെയ്തിരുന്നു.

മോൻസൻ മാവുങ്കലിന്റെ വൻ തട്ടിപ്പ് വിവരങ്ങളാണ് ഇതിനോടകം പുറത്തുവന്നിട്ടുള്ളത്. കസ്റ്റംസും ക്രൈംബ്രാഞ്ചും മോട്ടോർ വാഹന വകുപ്പും വനംവകുപ്പും സംയുക്തമായാണ് മോൻസന്റെ വീട്ടിൽ പരിശോധന നടത്തുന്നത്. മോൻസന്റെ ഭൂമി ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇയാളുടെ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും.ഇതുവരെ കണ്ടെത്തിയ മോൻസന്റെ അക്കൗണ്ടുകളിൽ വലിയ തുകയില്ല. ഈ സാഹചര്യത്തിലാണ് ജീവനക്കാരുടേയും അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുന്നത്. പലരിൽ നിന്നുമായി തട്ടിയെടുത്ത പണം മോൻസൻ ഉപയോഗിച്ചത് ആർഭാടജീവിതം നയിക്കാനെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സ്വന്തം കുടുംബവുമായി മോൻസന് അടുപ്പം ഉണ്ടായിരുന്നില്ല.

You might also like