മോൻസൻ മാവുങ്കലിനെ ഇന്ന് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യും

പ്രതി കുറ്റംചെയ്തെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി. ജാമ്യാപേക്ഷ തള്ളിയുള്ള ഉത്തരവിലാണ് സിജെഎം കോടതിയുടെ വിലയിരുത്തൽ. പ്രതി തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഒളിവിൽ പോകാനുമുള്ള സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

0

കൊച്ചി: പുരാവസ്തു വിൽപനയുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിനെ ഇന്ന് ക്രൈംബ്രാഞ്ച് സംഘം വിശദമായി ചോദ്യം ചെയ്യും. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുക. തട്ടിപ്പിനിരയായ കൂടുതൽ പേർ ഇന്ന് മൊഴി നൽകും. കേസിൽ മറ്റ് പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നതിൽ അന്വേഷണ സംഘം വ്യക്തത വരുത്തും.
ചൊവ്വാഴ്ചയാണ് മോൻസനെ മൂന്ന് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ട കോടതി ഉത്തരവുണ്ടായത്. അഞ്ച് ദിവസമായിരുന്നു ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടിരുന്നത്. കസ്റ്റഡി അനുവദിക്കുന്നതോടൊപ്പം മോൻസന്റെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. സെപ്റ്റംബർ 30ന് വൈകിട്ട് നാല് മണിക്ക് മോൻസനെ കോടതിയിൽ വീണ്ടും ഹാജരാക്കണമെന്നും നിർദേശമുണ്ട്.

പോലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ച കോടതി പ്രതി കുറ്റംചെയ്തെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി. ജാമ്യാപേക്ഷ തള്ളിയുള്ള ഉത്തരവിലാണ് സിജെഎം കോടതിയുടെ വിലയിരുത്തൽ. പ്രതി തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഒളിവിൽ പോകാനുമുള്ള സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ നേതാക്കളിലും ഉന്നത ഉദ്യോഗസ്ഥരിലും പ്രതിക്ക് വലിയ സ്വാധീനമുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. 10 കോടി രൂപ തട്ടിയെടുത്തെന്ന പരാതി സിവിൽ സ്വഭാവത്തിലുള്ള കേസാണെന്നാണ് മോൻസന്‍റെ വാദം.

ഇന്നലെ കൊച്ചിയിൽ കലൂരിലുള്ള മോൻസന്റെ വീട്ടിൽ പോലീസും വനംവകുപ്പും വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിനിടെ മോൻസന്റെ ഉന്നത ബന്ധങ്ങളെ സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു. കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും രാഷ്‌ട്രീയ നേതാക്കൾക്കും മോൻസനുമായി അടുപ്പമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണിത്.

മോൻസൺ മാവുങ്കലിനെ മൂന്നു ദിവസത്തേക്കാണ് കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്. കലൂരിലെ വീട്ടിൽ വിവിധ വകുപ്പുകളുടെ പരിശോധനകൾ ഇന്നും തുടരും. ആനക്കൊമ്പ് കണ്ടെത്തിയത് യാഥാർഥ്യമാണോ എന്നാണ് സംസ്ഥാന വനംവകുപ്പും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സംഘവും പ്രധാനമായും അന്വേഷിക്കുന്നത്. പുരാവസ്തുക്കളുടെ ശേഖരത്തിനൊപ്പം വന്യജീവികളുടെ അവശിഷ്ടങ്ങൾ ഉണ്ടോയെന്നാണ് പരിശോധന. സംഘങ്ങൾ ചേർത്തലയിലെ വീട്ടിലും പരിശോധന നടത്തും. കലൂരിലെ വീട്ടിലുള്ള 10 വിദേശനിർമ്മിത വാഹനങ്ങളുടെ രേഖകൾ ഹാജരാക്കണമെന്ന നോട്ടീസ് നൽകിയാണ് കസ്റ്റംസ് ഇന്നലെ മടങ്ങിയത്. ഇറക്കുമതി ചെയ്ത വാഹനങ്ങളുടെ നികുതിയടക്കമുള്ള രേഖകളില്‍ കൃത്രിമത്വം ഉണ്ടെന്നാണ് കസ്റ്റംസിന് പ്രാഥമിക വിവരം ലഭിച്ചത്. പുരാവസ്തുക്കളുടെ മൂല്യനിർണയവും വാങ്ങൽ – വില്‍പ്പന സംബന്ധിച്ച രേഖകളും ഹാജരാക്കണമെന്ന് കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട് . സാമ്പത്തിക തട്ടിപ്പിന് ഇരയായവരുടെ മൊഴി ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഇതിനായി തൃപ്പൂണിത്തുറയിലെ ഓഫീസിൽ എത്തിച്ചേരണമെന്ന് ഇവര്‍ക്ക് ക്രൈംബ്രാഞ്ച് നിർദേശം നൽകിയിട്ടുണ്ട്

You might also like