സൈനികര്‍ കാര്‍ഗിലില്‍ കാഴ്ചവച്ചത് ധീരമായ പോരാട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

വീരമൃത്യു വരിച്ച  സൈനികർക്ക് ജനത ആദരം അര്‍പ്പിക്കുന്നതില്‍ ഏറെ സന്തോഷം തോന്നുന്നു

0

ഡല്‍ഹി: രാജ്യത്തെ വീരസൈനികര്‍ കാര്‍ഗിലില്‍ കാഴ്ചവച്ചത് ധീരമായ പോരാട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്താന്‍ ഭാരതത്തിന്റെ സൗഹൃദത്തിന് മേല്‍ നടത്തിയ വഞ്ചനയാണ് കാര്‍ഗില്‍ യുദ്ധത്തിലേയ്ക്ക് നയിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.ദുഷ്ടന്റെ സ്വഭാവം ഒരു കാരണവുമില്ലാതെ ദ്രോഹിക്കലാണ് എന്ന ചൊല്ല് പാകിസ്താന്റെ കാര്യത്തില്‍ തികച്ചും അന്വര്‍ത്ഥമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സൈന്യത്തിന്റെ ആത്മവിശ്വാസമാണ് കാര്‍ഗില്‍ യുദ്ധം ജയിപ്പിച്ചത്. ഇന്ന് ജനങ്ങളെല്ലാം കാര്‍ഗില്‍ വിജയ ദിനം ആഘോഷിക്കുന്നു. എല്ലാ വീരമൃത്യു വരിച്ച  സൈനികർക്ക് ജനത ആദരം അര്‍പ്പിക്കുന്നതില്‍ ഏറെ സന്തോഷം തോന്നുന്നു. ഇന്നത്തെ ദിവസം എല്ലാവരും ധീരസൈനികരുടേയും അവരുടെ വീരമാതാപിതാക്കളുടേയും ജീവിതം പരസ്പരം പങ്കുവയ്ക്കണമെന്നും നരേന്ദ്രമോദി ആഹ്വാനം ചെയ്തു. വെബ്‌സൈറ്റിലെ ഗാലന്ററിഅവാര്‍ഡ്‌സ് എന്ന സൈറ്റ് ഇന്ന് സന്ദര്‍ശിച്ച് കാര്‍ഗിലിലെ വീരസ്മരണകള്‍ എല്ലാ സമൂഹമാദ്ധ്യമങ്ങളിലൂടേയും പ്രചരിപ്പിക്കണമെന്നും നരേന്ദ്രമോദി പറഞ്ഞു.

വിഷമം വരുമ്പോള്‍ ദരിദ്രനെക്കുറിച്ച് ചിന്തിക്കുക എന്ന ഗാന്ധിജിയുടെ മന്ത്രത്തിനൊപ്പം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി കാര്ഡഗില്‍ സമയത്ത് പറഞ്ഞ വാക്യം ഓര്‍ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏതുകാര്യം ചെയ്യാന്‍ പോകുന്നതിന് മുമ്പ് ആ കാര്യം വീരമൃത്യു നടത്തിയ സൈനികന്റെ ഉദ്ദേശശുദ്ധിയേയും ബാധിക്കുന്നതാണോ എന്ന് ചിന്തിക്കണമെന്നാണ് അടല്‍ജി ഓര്‍മ്മിപ്പിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

സംഘേശക്തി കലൗയുഗേ എന്നതാകണം നമ്മുടെ മന്ത്രം. കൂട്ടായ്മയാണ് ശക്തി എന്ന് തിരിച്ചറിയണം. ഇന്ന് യുദ്ധം യുദ്ധമുഖത്ത് മാത്രമല്ല സമൂഹത്തിലും നടക്കുകയാണ്. ഓരോ ജനതയും തന്റെ കടമ ഒരു യുദ്ധഭൂമിയിലെന്നപോലം നിറവേറ്റണമെന്ന് മന്‍കീ ബാതിലൂടെ നരേന്ദ്രമോദി പറഞ്ഞു.ഇന്ന് കൊറോണയിലും നാം അതാണ് ചെയ്യുന്നത്. എന്നാല്‍ അത് പലയിടത്തും വ്യാപിക്കുന്നു. മാസ്‌ക്കുമാറ്റാതെ ജീവിക്കാന്‍ ശ്രമിക്കുക. അത് ഒരു വലിയ ഉത്തരവാദിത്വമാണ്. എപ്പോഴും ആരോഗ്യപ്രവര്‍ത്തകര്‍ എത്ര മണിക്കൂറുകളാണ് മാസ്‌കും മറ്റ് സുരക്ഷാ വസ്ത്രങ്ങളും ധരിച്ച് സേവനം ചെയ്യുന്നതെന്നും നാം ഓര്‍ക്കണമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

ഇന്ന് ഗ്രാമങ്ങളെല്ലാം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ബല്‍ബീര്‍ കൗര്‍ ജമ്മുവിലെ ഗ്രാമത്തില്‍ കൊറോണ കേന്ദ്രം സ്വയം തുറന്ന് ജനങ്ങളെ രക്ഷിക്കുന്നുവെന്ന അനുഭവം ഏവര്‍ക്കും പ്രേരണയാണെന്നും നരേന്ദ്രമോദി പറഞ്ഞു. കൈത്തറി ദിനം ആഗസ്റ്റ് 7 നാണ് . എല്ലാവരും ഗ്രാമീണ മേഖലയ്ക്കായി കൈത്തറി വസ്ത്രങ്ങള്‍ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശിച്ച പ്രധാനമന്ത്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികളേയും അഭിനന്ദനം അറിയിച്ചു. എല്ലാവര്‍ക്കും രക്ഷാബന്ധന്‍ ആശംസകളും നേര്‍ന്നുകൊണ്ടാണ് നരേന്ദ്രമോദി മന്‍കീ ബാത് അവസാനിപ്പിച്ചത്.
അതേസമയം കാര്‍ഗില്‍ വിജയ ദിനത്തിന്റെ ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അന്തരിച്ച ധീരസൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്നുരാവിലെ 9മണിക്കാണ് ന്യൂഡല്‍ഹിയിലെ ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രതിരോധമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചത്. പ്രതിരോധമന്ത്രിക്കൊപ്പം സംയുക്തസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്, മൂന്ന് സേനകളുടേയും മേധാവിമാര്‍ എന്നിവരും പങ്കെടുത്തു.