‘വല്ലവനും വല്ലതും പറയുന്നത് കേട്ട് എന്നോട് വന്ന് അന്വേഷിക്കാതെ മാധ്യമങ്ങൾ അന്വേഷിക്കണം. അദാനിയുടെ സ്ഥാപനത്തിൽ നിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കരാറിൽ കെഎസ്ഇബി ഒപ്പിട്ടെന്ന വാദം വിഡ്ഢിത്തമെന്ന് മന്ത്രി എംഎം മണി.

'വല്ലവനും വല്ലതും പറയുന്നത് കേട്ട് എന്നോട് വന്ന് അന്വേഷിക്കാതെ മാധ്യമങ്ങൾ അന്വേഷിക്കണം.

0

കുഞ്ചിത്തണ്ണി : അദാനിയുടെ സ്ഥാപനത്തിൽ നിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കരാറിൽ കെഎസ്ഇബി ഒപ്പിട്ടെന്ന വാദം വിഡ്ഢിത്തമെന്ന് മന്ത്രി എംഎം മണി. ചെന്നിത്തല പറയുന്നത് പോലെ ഒരു രൂപയ്ക്ക് ജലവൈദ്യുതി കിട്ടാനില്ല. കിട്ടുമെങ്കിൽ അതല്ലേ വാങ്ങൂ. കേന്ദ്ര സർക്കാരിന്റെ പാരമ്പര്യേതര ഊർജ്ജ സ്ഥാപനവുമായി മാത്രമേ കരാറുള്ളൂവെന്നും മന്ത്രി പറഞ്ഞു.

ആരോപണം സംബന്ധിച്ച ചോദ്യങ്ങളോട് രൂക്ഷമായ ഭാഷയിലാണ് മന്ത്രി മണി പ്രതികരിച്ചത്. ‘വല്ലവനും വല്ലതും പറയുന്നത് കേട്ട് എന്നോട് വന്ന് അന്വേഷിക്കാതെ മാധ്യമങ്ങൾ അന്വേഷിക്കണം. കെഎസ്ഇബി വെബ്സൈറ്റിൽ എല്ലാ വിവരങ്ങളും ഉണ്ട്. അദാനിയുമായി കേരള സർക്കാരും വൈദ്യുതി ബോർഡും കരാർ വെച്ചിട്ടില്ല. കേന്ദ്രസർക്കാരിന്റെ പാരമ്പര്യേതര ഊർജ വകുപ്പുമായി മാത്രമേ കരാർ ഉള്ളൂ. ചെന്നിത്തല പറയുന്നത് ഒരു രൂപയ്ക്ക് ജലവൈദ്യുതി കിട്ടാനുണ്ടെന്ന്. ആ പറയുന്നത് വിഡ്ഢിത്തമാണ്. അങ്ങിനെയൊന്നും കിട്ടാനില്ല,’ മന്ത്രി പറഞ്ഞു.

കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നത് 35 ശതമാനം വൈദ്യുതിയാണ്. ബാക്കി വാങ്ങുന്നു. അതിന് ഞങ്ങൾ അദാനിയുടെയോ മറ്റ് കുത്തകകളുടെയോ കമ്പനികളുമായി കരാർ ഉണ്ടാക്കിയിട്ടില്ല. വിശദാംശങ്ങൾ വൈദ്യുതി ബോർഡിന്റെ വെബ്സൈറ്റിൽ നിന്ന് കിട്ടും. ഇവിടെ പറയുന്നത് കേട്ടാൽ തോന്നുക ഇഷ്ടം പോലെ ജലവൈദ്യുതി കിട്ടാനുണ്ടെന്നാണ്. അങ്ങിനെയൊന്നും കിട്ടാനില്ല. കിട്ടുമെങ്കിൽ അതല്ലേ വാങ്ങൂ. ചെറുകിട പദ്ധതികൾ നിർമ്മാണത്തിലുണ്ട്. 25 വർഷത്തേക്ക് അവർ തരുന്ന വൈദ്യുതി മിനിമം റേറ്റിൽ വാങ്ങും. അത് കഴിഞ്ഞാൽ സ്ഥാപനം തന്നെ ഞങ്ങൾക്ക് തരണമെന്നാണ് നിലപാട്,’ അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് കഥയറിയാതെ പറയുകയാണ്. കേന്ദ്ര എനർജി കോർപറേഷനാണ് കേരളത്തിന് വൈദ്യുതി തരുന്നത്. അത് വാങ്ങുന്നുണ്ട്. അവരുമായി വാങ്ങണമെന്ന് നിയമമുണ്ട്. അദാനിയോ, ടാറ്റയോ റിലയൻസുമായി ഊർജ രംഗത്ത് പ്രവർത്തിക്കുന്ന ഒരു കമ്പനിയുമായും കരാറില്ല. മുഖ്യമന്ത്രി പറഞ്ഞത് പോലെ ഇത് മറ്റൊരു ബോംബാണ്. നിയമങ്ങൾക്ക് വിരുദ്ധമായി കരാർ ഉണ്ടാക്കിയത് ഉമ്മൻചാണ്ടിയുടെ കാലത്താണ്. ആര്യാടൻ മുഹമ്മദിന്റെ കാലത്ത് വെച്ച കരാർ നഷ്ടമുണ്ടാക്കുന്നതാണ്. അത് റദ്ദാക്കാതിരുന്നത് നിയമപരമായ നടപടികളിലേക്ക് പോയി നഷ്ടം കൊടുക്കേണ്ടി വരുമെന്നതിനാലാണ്.’

‘കേരളത്തിന് വൈദ്യുതി തരുന്നത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ്. ചെന്നിത്തല വിഡ്ഢിത്തം തന്നെയാണ് പറയുന്നത്. സമനില തെറ്റിയ പോലെയാണ് കുറേ നാളായി സംസാരിക്കുന്നത്. സ്വർണം പിടിച്ചപ്പോൾ കേന്ദ്ര ഏജൻസിയാണ് കേസെടുത്തത്. അതിന് മുകളിൽ കേരള പൊലീസ് കേസെടുക്കണമെന്ന് പറഞ്ഞാൽ സാമാന്യ ബുദ്ധിക്ക് നിരക്കുന്നതാണോ? പ്രളയം മനുഷ്യ സൃഷ്ടിയാണെന്ന് കോമൺ സെൻസുള്ളവർ പറയുമോ? റേഷനരിയുടെ കാര്യത്തിൽ കോടതിയിൽ പോയിട്ട് എന്തുണ്ടായി?,’ എന്നും മണി ചോദിച്ചു

ചെന്നിത്തലയുടെ പ്രസ്താവന

അദാനി-കെ.എസ്.ഇ.ബി കരാറിൽ വൻ അഴിമതിയെന്ന് ചെന്നിത്തല. 300 മെഗാവാട്ട് വൈദ്യുതി അദാനിയിൽ നിന്ന് വാങ്ങാനാണ് നിലവിൽ കരാർ ഒപ്പു വച്ചിരിക്കുന്നത്. 8850 കോടിയുടേതാണ് കരാർ.നിലവിൽ 2 രൂപയ്ക്ക് സോളാർ വൈദ്യുതി ലഭ്യമാണെന്നിരിക്കെ 2.82 രൂപയ്ക്കാണ് അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. 25 വർഷത്തേക്കാണ് കരാർ. ഓരോ യൂണിറ്റിനും ഒരു രൂപയോളം ഉപഭോക്താക്കൾ അധികം നൽകേണ്ടി വരും. ഇതിലൂടെ 1,000 കോടി രൂപയുടെ ലാഭമാണ് അദാനിക്ക് ഉണ്ടാകാൻ പോകുന്നത്.

അദാനിയുമായി ഉണ്ടാക്കിയ കരാർ കാറ്റിൽ നിന്നുള്ള വൈദ്യതി വാങ്ങുന്നതിനാണ്. ജലവൈദ്യുത പദ്ധതികളിൽ നിന്ന് കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാമെന്നിരിക്കേ എന്തിനാണ് അദാനിയിൽ നിന്ന് കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങുന്നുവെന്ന് ചെന്നിത്തല ചോദിച്ചു. കാറ്റിൽ നിന്നുള്ള വൈദ്യുതിയുടെ പ്രധാന ഉത്പാദകർ അദാനിയാണ്. അതുകൊണ്ടു തന്നെ കാറ്റിൽ നിന്നുള്ള വൈദ്യുതി വാങ്ങാനുള്ള തീരുമാനം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിലുള്ള ഒത്തുകളിയാണെന്നും ചെന്നിത്തല ആരോപിച്ചു.പിണറായി-അദാനി കൂട്ടുകെട്ടിലുണ്ടായ ഈ കരാർ കേരളത്തിലെ ജനങ്ങളുടെ തലയിൽ കൂടുതൽ ഭാരം കെട്ടിവയ്ക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു രൂപയ്ക്ക് വൈദ്യുതി ലഭിക്കുന്ന സംസ്ഥാനത്താണ് ഇത്രയും കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങുന്നത്. ഈ കരാർ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു