കൂണിൽ നിന്ന് ക്യാൻസർ ചികിത്സക്കുള്ള മരുന്ന്; മദ്രാസ് യൂണിവേഴ്സിറ്റി പ്രൊഫസറിന് പേറ്റന്റ്

മൈകോളജി, ഫംഗൽ ബയോഡൈവേഴ്സിറ്റി, മഷ്റൂം ടെക്നോളജി എന്നീ മേഖലകളിലെ വൈദഗ്ധ്യമുള്ള പ്രൊഫ. കവിയാരാസൻ ഔഷധ, നോൺ-ഔഷധ കൂൺ വർഗങ്ങളെക്കുറിച്ച് വിശാലമായ ഗവേഷണം നടത്തിയിട്ടുണ്ട്

0

ചെന്നൈ: തമിഴ്നാട്ടിലെ കാടുകളിൽ വളരുന്ന ഭീമൻ കൂണുകളിൽ നിന്ന് ചില പ്രത്യേകതരം ക്യാൻസറുകൾ ചികിത്സിക്കാമെന്ന് കണ്ടെത്തൽ. മദ്രാസ് സർവകലാശാല പ്രൊഫസറുടേതാണ് കണ്ടെത്തൽ. 30 വർഷമായി ഇതുമായി ബന്ധപ്പെട്ട ഗവേഷണം നടത്തിവരുന്ന റിട്ട. പ്രൊഫസർ വെങ്കടേശൻ കവിയരശൻ കണ്ടെത്തിയ മരുന്നിന് ഇപ്പോൾ പേറ്റന്റ് ലഭിച്ചിരിക്കുകയാണ്. ഗവേഷക വിദ്യാർഥി ജെ മഞ്ജുനാഥനും അദ്ദേഹത്തിനൊപ്പം സഹായിയായി പ്രവർത്തിച്ചിരുന്നു. 2012ലാണ് ഇരുവരും പേറ്റന്റിനായി അപേക്ഷിച്ചത്. ഇക്കഴിഞ്ഞ മാർച്ച് 11ന് പേറ്റന്റ് ലഭിച്ചു.

‘കന്യാകുമാരി ജില്ലയിലെ ജവാദ് മല, കൊല്ലി മല എന്നിവിടങ്ങളിൽ നിന്നാണ് വെള്ള കൂണുകൾ ശേഖരിച്ചത്. എട്ടിലധികം ഇനത്തിലുള്ള കൂണുകൾ അവിടെയുണ്ട്. ഓരോന്നും ഓരോ വിദ്യാർഥിക്കായി ചുമതലപ്പെടുത്തി. കൂണുകളെ തിരിച്ചറിഞ്ഞശേഷം മദ്രാസ് യൂ‌ണിവേഴ്സിറ്റിയിലെ ലാബിൽ കൃഷി ചെയ്തു’- കവിയരശൻ പറയുന്നു. 2008ലാണ് പ്രോജക്ട് പ്രവർത്തനം ആരംഭിച്ചത്. പൂർത്തിയാകാൻ മൂന്നുവർഷമെടുത്തു. കണ്ടെത്തൽ അംഗീകരിക്കുന്നതിന് കുറച്ചുവർഷങ്ങളെടുത്തു. ‘ഗവേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണ്. ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്’- അദ്ദേഹം പറഞ്ഞു.

പ്രോജക്ടിന് അനുമതി ലഭിക്കുന്നതിനും വനത്തിനുള്ളിൽ പ്രവേശിക്കുന്നതിനും ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടിവന്നു. കൂണുകളെ കണ്ടെത്തുകയും എളുപ്പമായിരുന്നില്ല. കാട്ടിൽ നിന്ന് അവ ശേഖരിച്ച് കൃഷി ചെയ്തു. 1.5 കിലോ വരെയുള്ള കൂണുകൾ കൃഷിയിലൂടെ ഉൽപാദിപ്പിച്ചു. രോഗബാധിതമായ വിവിധ കോശങ്ങളിൽ പരീക്ഷിച്ചുനോക്കിയപ്പോൾ ക്യാൻസർ പ്രതിരോധ ഘടകങ്ങൾ ഇവയിൽ ഉണ്ടെന്ന് ബോധ്യമായി. സ്തനാർബുദം, വൻകുടലിലെ ക്യാൻസർ എന്നിവക്ക് കൂടുതൽ നല്ലഫലം ലഭിക്കുന്നതായും കണ്ടെത്തി.

ക്യാൻസർ ചികിത്സക്കായി ഇവ ഉപയോഗിക്കുന്നതിന് ഇനിയും ഒട്ടേറെ മുന്നോട്ടുപോകേണ്ടതുണ്ട്. 17 ഗവേഷകവിദ്യാർഥികളാണ് അദ്ദേഹത്തിന് കീഴിൽ വർക്ക് ചെയ്തത്. ഇതിൽ ഏഴുപേരും കൂണുകളുടെ ജൈവവൈവിധ്യത്തെക്കുറിച്ചാണ് ഗവേഷണം ചെയ്തത്.
.

മൈകോളജി, ഫംഗൽ ബയോഡൈവേഴ്സിറ്റി, മഷ്റൂം ടെക്നോളജി എന്നീ മേഖലകളിലെ വൈദഗ്ധ്യമുള്ള പ്രൊഫ. കവിയാരാസൻ ഔഷധ, നോൺ-ഔഷധരോഗങ്ങൾ തുടങ്ങിയ വിവിധ കൂൺ വർഗങ്ങളെക്കുറിച്ച് വിശാലമായ ഗവേഷണം നടത്തിയിട്ടുണ്ട്

You might also like

-