വളാഞ്ചേരിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

മാർച്ച് പത്തിനാണ് ദന്താശുപത്രിയിലെ ജീവനക്കാരിയായ യുവതിയെ കാണാതായത്. ജോലി സ്ഥലത്തേക്കുള്ള വഴിയിലെ സി.സി.ടി.വി ക്യാമറയിൽ യുവതി നടന്നു പോവുന്ന വ്യക്തമായ ദൃശയങ്ങളുണ്ട്.

0

മലപ്പുറം :വളാഞ്ചേരിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. യുവതിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന്റെ നടത്തിപ്പുകാരൻ അൻവറാണ് അറസ്റ്റിലായത്. ഇയാളുടെ ഉടമസ്ഥതയിലുള്ള ചെങ്കൽ ക്വാറിയിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട് .മാർച്ച് പത്തിനാണ് ദന്താശുപത്രിയിലെ ജീവനക്കാരിയായ യുവതിയെ കാണാതായത്. ജോലി സ്ഥലത്തേക്കുള്ള വഴിയിലെ സി.സി.ടി.വി ക്യാമറയിൽ യുവതി നടന്നു പോവുന്ന വ്യക്തമായ ദൃശയങ്ങളുണ്ട്. പിന്നീട് എങ്ങോട്ടു പോയെന്ന സംശയം ദുരൂഹമായി തുടരുകയായിരുന്നു.40 ദിവസമായി 21കാരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണത്തിലായിരുന്നു പൊലീസ്. അതിനിടെയാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും 100 മീറ്റര്‍ അകലെ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധന നടത്തിയ ശേഷമാകും കണ്ടെത്തിയത് സുബീറയുടെ മൃതദേഹമാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കുക. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

പെണ്‍കുട്ടി ജോലിസ്ഥലത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. അതേസമയം സ്ഥിരമായി ബസ് കയറുന്ന സ്ഥലത്ത് എത്തിയിട്ടുമില്ല. അതുകൊണ്ടുതന്നെ വീടിന്‍റെ പരിസരത്തുവെച്ച് തന്നെ പെണ്‍കുട്ടിക്ക് എന്തോ അപകടം സംഭവിച്ചിരിക്കാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. തുടര്‍ന്ന് പ്രദേശത്തെ പരിശോധന ഊര്‍ജിതമാക്കി. ക്വാറിയോട് ചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ പ്രദേശത്തെ മണ്ണ് ഇളകിയ നിലയില്‍ കണ്ടെത്തിയതോടെ സ്ഥലം ഉടമ അന്‍വറിനെ പലതവണ ചോദ്യംചെയ്തു. തുടര്‍ന്നാണ് മണ്ണ് മാറ്റിയുള്ള തെരച്ചിലില്‍ മൃതദേഹത്തിന്‍റെ കാല്‍ കണ്ടെത്തിയത്. രാത്രി ആയതിനാല്‍ മൃതദേഹം പൂര്‍ണമായി പുറത്തെടുത്തില്ല. സ്ഥലത്ത് പൊലീസ് കാവലുണ്ട്. ഇന്ന് മൃതദേഹം പുറത്തെടുക്കും.