98 ദിവസങ്ങൾക്ക് ശേഷം എം ശിവശങ്കര്‍ ജയില്‍ മോചിതനായി

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ 2020 ഒക്ടോബര്‍ 28-നാണ് തിരുവനന്തപുരത്തെ ആയുര്‍വേദ ആശുപത്രിയില്‍നിന്ന് ശിവശങ്കറിനെ ഇ.ഡി. കസ്റ്റഡിയിലെടുത്തത്

0

കൊച്ചി :മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ജയില്‍ മോചിതനായി. ശിവശങ്കര്‍ എറണാകുളം കാക്കനാട് ജില്ലാ ജയിലില്‍ നിന്ന് പുറത്തിറങ്ങി. 98 ദിവസങ്ങള്‍ക്ക് ശേഷമാണ് ശിവശങ്കര്‍ ജയില്‍ മോചിതനാകുന്നത്.എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകേണ്ടി വരും. തിരുവനന്തപുരത്തേക്കാണ് ശിവശങ്കര്‍ തിരിച്ചത്. എം ശിവശങ്കറിന് എതിരായ ആരോപണങ്ങളില്‍ ശക്തമായ അന്വേഷണം വേണമെന്ന് കോടതി പറഞ്ഞു.എം ശിവശങ്കറിനെതിരെ മൂന്ന് കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ 22 ാം പ്രതിയായിരുന്നു ശിവശങ്കര്‍. ഈ കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലും ജാമ്യം ലഭിച്ചിരുന്നു. ഇന്ന് ഡോളര്‍ കടത്ത് കേസിലും കൂടി ജാമ്യം ലഭിച്ചതോടെയാണ് എം ശിവശങ്കറിന് ജയില്‍ മോചിതനായി പുറത്തിറങ്ങിയത്.തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് പിടികൂടിയതിന് പിന്നാലെ തന്നെ ശിവശങ്കറിനെതിരായ ആരോപണങ്ങളും പുറത്തുവന്നിരുന്നു. മുഖ്യപ്രതികളിലൊരാളായ സ്വപ്‌ന സുരേഷുമായി ശിവശങ്കറിനുള്ള ബന്ധം വെളിപ്പെട്ടതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഇതോടെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കുരുക്കും മുറുകി. പലദിവസങ്ങളിലായി ശിവശങ്കറിനെ അന്വേഷണ ഏജന്‍സികള്‍ മണിക്കൂറുകളോളം ചോദ്യംചെയ്തു.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ 2020 ഒക്ടോബര്‍ 28-നാണ് തിരുവനന്തപുരത്തെ ആയുര്‍വേദ ആശുപത്രിയില്‍നിന്ന് ശിവശങ്കറിനെ ഇ.ഡി. കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇ.ഡി.യുടെ ചെന്നൈയില്‍നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരടക്കം കൊച്ചിയിലെത്തി ചോദ്യംചെയ്തതിന് ശേഷമാണ് അറസ്റ്റിലേക്ക് നീങ്ങിയത്.

സ്വപ്‌നയുടെ ലോക്കറില്‍നിന്ന് എന്‍.ഐ.എ. പിടിച്ചെടുത്ത 1.5 കോടി രൂപ വടക്കാഞ്ചേരി ഫ്‌ളാറ്റ് പദ്ധതിയില്‍ ശിവശങ്കറിനുള്ള കമ്മീഷനാണെന്നായിരുന്നു ഇ.ഡി.യുടെ കണ്ടെത്തല്‍. എന്നാല്‍ കള്ളപ്പണ കേസില്‍ 60 ദിവസത്തിനകം കുറ്റപത്രം നല്‍കിയെങ്കിലും ഹൈക്കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചു. സ്വപ്‌നയുടെ എസ്.ബി.ഐ. ലോക്കറില്‍നിന്ന് പിടിച്ചെടുത്ത 65 ലക്ഷം രൂപയുടെ കാര്യത്തില്‍ മാത്രമാണ് ശിവശങ്കറിന്റെ പങ്കാളിത്തം ഇ.ഡി. ആരോപിക്കുന്നൂള്ളൂ എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. മറ്റൊരു ബാങ്ക് ലോക്കറിലെ പണത്തില്‍ ശിവശങ്കറിന് പങ്കാളിത്തമുണ്ടെന്നതിന് തെളിവില്ലെന്നും ഒരുകോടി രൂപയ്ക്ക് താഴെയുള്ള കള്ളപ്പണ കേസാണിതെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ഇ.ഡിയ്ക്ക് പിന്നാലെ കസ്റ്റംസിനായിരുന്നു അടുത്ത ഊഴം. സ്വര്‍ണക്കടത്ത് കേസിലും ശിവശങ്കറിന് പങ്കുണ്ടെന്നായിരുന്നു കസ്റ്റംസിന്റെ കണ്ടെത്തല്‍. രഹസ്യ സിം കാര്‍ഡ് അടക്കമുള്ള ആരോപണങ്ങളാണ് കസ്റ്റംസ് ഉന്നയിച്ചത്. ഈ കേസില്‍ 60 ദിവസത്തിനകം കുറ്റപത്രം നല്‍കാത്തതിനാല്‍ ശിവശങ്കറിന് ജാമ്യം ലഭിച്ചു. ഇതിനുശേഷമാണ് ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത്. ജയില്‍മോചനം തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് കസ്റ്റംസ് ഈ കേസിലെ അറസ്റ്റ് വൈകിപ്പിച്ചത്. എന്നാല്‍ ഡോളര്‍ക്കടത്ത് കേസില്‍ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടതില്ലെന്ന നിലപാട് കസ്റ്റംസ് സ്വീകരിച്ചതോടെ ജാമ്യത്തിനുള്ള വഴിത്തുറക്കുകയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളും കോടതി പരിഗണിച്ചു. ഇക്കാലയളവില്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ജയദീപ് ഗുപ്ത വരെ ശിവശങ്കറിന് വേണ്ടി കോടതിയില്‍ ഹാജരായിരുന്നു.

You might also like

-