18 വയസ്സിനു താഴെയുള്ളവരുടെ വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതപത്രം വേണമെന്ന്

പതിനെട്ടുവയസ്സിനു താഴെയുള്ളവര്‍ വിവാഹിതരാകണമെങ്കില്‍ മാതാപിതാക്കള്‍ സമ്മതപത്രം സമര്‍പ്പിക്കണമെന്ന ഭേദഗതിയോടെ നിയമം അംഗീകരിക്കുകയായിരുന്നു.

0

ലൂസിയാന: പതിനെട്ടു വയസ്സിനു താഴെയുള്ളവര്‍ വിവാഹിതരാകണമെങ്കില്‍ മാതാപിതാക്കള്‍ സമ്മതപത്രം സമര്‍പ്പിച്ചിരിക്കണമെന്ന് ലൂസിയാന സംസ്ഥാന നിയമസഭ നിയമം പാസ്സാക്കി. റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള സഭയില്‍ 28നെതിരെ 66 വോട്ടുകളോടെയാണ് നിയമം അംഗീകരിച്ചത്.

കഴിഞ്ഞ വാരാന്ത്യമാണ് സംസ്ഥാനത്ത് നിലവിലുള്ള 16 വയസ്സു വിവാഹ പ്രായം ഉയര്‍ത്തണമെന്ന ബില്‍ സഭയില്‍ ചര്‍ച്ചക്കെത്തിയത്. എന്നാല്‍ നിലവിലുള്ള നിയമം മാറ്റേണ്ടതില്ലെന്നും, പതിനെട്ടുവയസ്സിനു താഴെയുള്ളവര്‍ വിവാഹിതരാകണമെങ്കില്‍ മാതാപിതാക്കള്‍ സമ്മതപത്രം സമര്‍പ്പിക്കണമെന്ന ഭേദഗതിയോടെ നിയമം അംഗീകരിക്കുകയായിരുന്നു.

പതിനാറു വയസ്സില്‍ വിവാഹിതരാകുന്നവര്‍ ലൈംഗീക പീഡനങ്ങള്‍ക്ക് ഇരയാകാന്‍ സാധ്യത കൂടുതലാണെന്നും, അതിനാല്‍ വിവാഹപ്രായം 18നു മുകളിലാക്കണമെന്നും റിപ്പബ്ലിക്കന്‍ ഹൗസ് പ്രതിനിധി നാന്‍സി ലാന്‍ഡ്രി വാദിച്ചുവെങ്കിലും അംഗീകരിക്കപ്പെട്ടില്ല.

ലൂസിയാനയില്‍ 16 വയസ്സിനു താഴെയുള്ളവര്‍ക്ക് വിവാഹിതരാകണമെങ്കില്‍ ഒരു ജഡ്ജിയുടെ പ്രത്യേക അനുമതി ലഭിക്കേണ്ടതുണ്ട്.

ബാലവിവാഹം നിരോധിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന പദവി കഴിഞ്ഞവര്‍ഷം ഡെലവെയര്‍ സംസ്ഥാനത്തിന് ലഭിച്ചിരുന്നു. അതിനെ തുടര്‍ന്ന് ടെക്‌സസ്, ന്യൂയോര്‍ക്ക് തുടങ്ങിയ സംസ്ഥാനങ്ങളും വിവാഹപ്രായം 18 ആക്കി ഉയര്‍ത്തുന്ന ബില്‍ അംഗീകരിച്ചിരുന്നു.

You might also like

-