ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ മുല്ലപ്പെരിയാറില്‍ വൈദ്യുതി എത്തിച്ചു

5.125 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നതിനുള്ള ഭരണാനുമതി ലഭിക്കുകയും തുടര്‍ന്ന് 2005 ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ 91 ലക്ഷം രൂപ ബോര്‍ഡിന് നല്‍കുകയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു

0

മുല്ലപെരിയാർ : ഇരുപത് വര്‍ഷത്തെ കാലതാമസത്തിന് ശേഷമാണ് മുല്ലപ്പെരിയാറില്‍ വൈദ്യുതി പുനസ്ഥാന പദ്ധതി യാതാര്‍ത്ഥ്യമാക്കാനായത്. മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നതിനും ഡാമിലെ ഗ്യാലറിയില്‍ സ്ഥാപിച്ചിട്ടുള്ള വിവിധ തരം ഉപകരണങ്ങളില്‍ നിന്നുള്ള അളവുകള്‍ ലഭിക്കുന്നതിനും മുല്ലപ്പെരിയാര്‍ ഡാമിലുള്ള കോളനി വൈദ്യുതി സ്വീകരിക്കുന്നതിനു വേണ്ടിയും 1980 ല്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ഈ പ്രദേശത്ത് വൈദ്യുതി ലഭ്യമാക്കിയിരുന്നു. എന്നാല്‍ അന്ന് സ്ഥാപിച്ച ലൈനിന്റെ കാലപ്പഴക്കം മൂലവും വന്യജീവികള്‍ക്ക് ഭീഷണി ഉണ്ടാകുന്നതായി കണ്ടതിനാലും വനംവകുപ്പിന്റെയും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന്റെയും അനുമതിയോടെ 2000 ത്തില്‍ കണക്ഷന്‍ താല്‍ക്കാലികമായി വിച്ഛേദിക്കുകയാണുണ്ടായത്. തുടര്‍ന്ന് 2003 ല്‍ നടത്തിയ മന്ത്രിതല ചര്‍ച്ചയില്‍ ഓവര്‍ ഹെഡ് ലൈനിന് പകരം വള്ളക്കടവില്‍ നിന്ന് മുല്ലപ്പെരിയാര്‍ ഡാം സൈറ്റിലേക്ക് 11 കെ.വി ഭൂഗര്‍ഭ കേബിള്‍ സ്ഥാപിച്ച് വന്യ ജീവികള്‍ക്ക് ഭീഷണിയാകാത്ത രീതിയില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുവാന്‍ തീരുമാനമായി. ഇതിനു വേണ്ടി വരുന്ന മുഴുവന്‍ തുകയും തമിഴ്‌നാട് സര്‍ക്കാര്‍ വഹിച്ചു കൊള്ളാമെന്ന് അറിയിച്ചു.

5.125 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നതിനുള്ള ഭരണാനുമതി ലഭിക്കുകയും തുടര്‍ന്ന് 2005 ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ 91 ലക്ഷം രൂപ ബോര്‍ഡിന് നല്‍കുകയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ വനം വകുപ്പില്‍ നിന്നുള്ള അനുമതി ലഭ്യമാകാന്‍ കാലതാമസം നേരിട്ടതിനാല്‍ ജോലി നീണ്ടുപോവുകയും കോണ്‍ട്രാക്ടര്‍ ജോലി ഉപേക്ഷിച്ചു. തുടര്‍ന്ന് 2016 ല്‍ നടത്തിയ പരിശോധനയില്‍ കേബിള്‍ റൂട്ടില്‍ ചില വ്യത്യാസങ്ങള്‍ വരുത്തി കേബിളിന്റെ നീളം 5.125 കിലോമീറ്ററില്‍ നിന്ന് 5.65 കിലോമീറ്ററായി പുനര്‍ നിശ്ചയിക്കുകയും ചെയ്തു. തുടര്‍ന്ന് ഭരണാനുമതിയില്‍ മാറ്റം വരുത്തുകയും തുക ഒരു കോടി 65 ലക്ഷം രൂപയായി ഉയര്‍ത്തുകയും ചെയ്തു. ആവശ്യമായ മിച്ചം തുക തമിഴ്‌നാട് സര്‍ക്കാര്‍ 2016 ല്‍ നല്‍കി. ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നതിനായി 0.2583 ഹെക്ടര്‍ വനഭൂമി ആവശ്യമായി വന്നു. ഇതിനായി 2019 ല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വനഭൂമി വക മാറ്റുന്നതിനായി 1347035 (പതിമൂന്ന് ലക്ഷത്തി നാല്പത്തിയേഴായിരത്തി മുപ്പത്തഞ്ച്) രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും 2020 ജനുവരി ഒന്നിന് ഈ തുക വനംവകുപ്പിന് കൈമാറുകയും ചെയ്തു. തുടര്‍ന്ന് പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോലി തുടങ്ങുന്നതിനുള്ള അനുമതി നല്‍കുകയും ജോലികള്‍ 2021 ജനുവരി 13 ന് മുന്‍പായി പൂര്‍ത്തീകരിക്കണമെന്ന നിര്‍ദ്ദേശവും നല്‍കി. കോവിഡ് 19 ന്റെ ഭീഷണിക്കിടയിലും ജോലി സമയബന്ധിതമായി പൂര്‍ത്തിയാക്കിയാണ് 20 വര്‍ഷത്തിന് ശേഷം മുല്ലപ്പെരിയാറില്‍ വൈദ്യുതി എത്തിക്കാന്‍ സാധിച്ചത്

സംസ്ഥാനത്തിന് ആവശ്യമായതിന്റെ 35 ശതമാനം വൈദ്യുതി കേരളത്തില്‍ നിന്നും ബാക്കി വൈദ്യുതി പുറത്തുനിന്ന് വാങ്ങിയുമാണ് എല്ലായിടത്തും വൈദ്യുതി എത്തിക്കുക എന്ന വലിയ ലക്ഷ്യം സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചത്. ഇടുക്കിയിലെ രണ്ടാം വൈദ്യുതി നിലയം വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കാ നാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. രണ്ടാം വൈദ്യുതി നിലയം രാത്രിയിലും പ്രവര്‍ത്തിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത.് ഇവിടെ നിന്നുള്ള ഉത്പാദനം കൂടിയാവുമ്പോള്‍ സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി കിട്ടുമെന്നാണ് സര്‍ക്കാര്‍ പതീക്ഷിക്കുന്നത്.

ഇടുക്കി പോലുള്ള ജില്ലയിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ശക്തമായ വൈദ്യുതി ശൃംഖല സ്ഥാപിക്കുന്നതിന് തടസ്സമാണെങ്കിലും ഇവയെ മറികടക്കുന്നതിനായി വൈദ്യുതി ബോര്‍ഡ് ധാരാളം പദ്ധതികള്‍ ആസൂത്രണം നടപ്പിലാക്കി വരുന്നതായും മന്ത്രി സൂചിപ്പിച്ചു.

ചടങ്ങില്‍ ബിജിമോള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.മധ്യമേഖല ചീഫ് എഞ്ചിനിയര്‍ ജയിംസ് എം ഡേവിഡ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ഐടി എച്ച്ആര്‍എം ഡയറക്ടര്‍ പി.കുമാരന്‍, കെഎസ്ഇബിഎല്‍ ഡയറക്ടര്‍ ഡോക്ടര്‍ വി ശിവദാസന്‍, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ്, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം ഉഷ, കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു