അശോക് ഗഹ്‌ലോതിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തും.

വിപുലമായ ചർച്ചകളാണ് നിരീക്ഷകർക്കായി ക്രമീകരിച്ചിരിക്കുന്നത്. ഘടകകക്ഷി നേതാക്കൾക്കു പുറമേ കെ.പി.സി.സി. ഭാരവാഹികൾ, ഡി.ഡി.സി. പ്രസിഡന്റുമാർ എന്നിവരുമായും സംഘം ആശയവിനിമയം നടത്തും

0

തിരുവനന്തപുരം: തിരഞ്ഞെടുപ്പിനായി കോൺഗ്രസിനെ സജ്ജമാക്കുന്നതിനായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോതിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച കേരളത്തിലെത്തും. രണ്ടുദിവസം തിരുവനന്തപുരത്ത് തങ്ങുന്ന സംഘം യു.ഡി.എഫ്. കക്ഷിനേതാക്കളുമായും ചർച്ച നടത്തും.പാർട്ടി നേതാക്കളും ഘടക കക്ഷി നേതാക്കളുമായും ഇന്ന് ചർച്ച നടത്തും. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള മേൽനോട്ട സമിതിയുടെ ആദ്യ യോഗം നാളെ ചേരും. നാളെ രാവിലെ ഗെഹ്‌ലോട്ട് സംസ്ഥാനത്തെ എംപിമാരും എംഎൽഎമാരുമായും ചർച്ച നടത്തും. പിന്നാലെ കെപിസിസി ഭാരവാഹി യോഗവും ചേരും.

വിപുലമായ ചർച്ചകളാണ് നിരീക്ഷകർക്കായി ക്രമീകരിച്ചിരിക്കുന്നത്. ഘടകകക്ഷി നേതാക്കൾക്കു പുറമേ കെ.പി.സി.സി. ഭാരവാഹികൾ, ഡി.ഡി.സി. പ്രസിഡന്റുമാർ എന്നിവരുമായും സംഘം ആശയവിനിമയം നടത്തും. ശനിയാഴ്ച രാവിലെ ചേരുന്ന കെ.പി.സി.സി. എക്സിക്യുട്ടീവ് യോഗത്തിലും അവർ പങ്കെടുക്കും. നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തിൽ പുതുതായി രൂപവത്‌കരിച്ച തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ യോഗം ചേരാനും ആലോചനയുണ്ട്.

എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ നേതൃത്വത്തിലുള്ള ആദ്യസംഘം ഘടകകക്ഷികളുമായും കോൺഗ്രസിലെ വിവിധ തട്ടിലുള്ള നേതാക്കളുമായും ചർച്ച നടത്തിയിരുന്നു. ഈ ചർച്ചകളുടെകൂടി അടിസ്ഥാനത്തിലാണ് ഉമ്മൻ ചാണ്ടിയെക്കൂടി സജീവ നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള തീരുമാനമുണ്ടായത്. ഈ ചർച്ചകളിൽ ഉയർന്ന നിർദേശങ്ങൾ കോൺഗ്രസ് ഗൗരവമായി എടുത്തുവെന്ന അഭിപ്രായമാണ് ഘടകകക്ഷി നേതാക്കൾക്കുമുള്ളത്. ഉമ്മൻ ചാണ്ടി അധ്യക്ഷനായ തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ രൂപവത്‌കരണം ഇതിന്റെ സൂചനയാണ്.

കെവി തോമസ് കോൺഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ യുഡിഎഫ് ജില്ലാ നേതൃയോഗം ഇന്ന് കൊച്ചിയിൽ ചേരുന്നുണ്ട്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനാണ് യോഗമെങ്കിലും കെവി തോമസ് ഉയർത്തിയ രാഷ്ട്രീയ പ്രശ്നം യോഗത്തിന്‍റെ അജണ്ടയാകും. രാവിലെ പത്ത് മണിക്ക് ഡിസിസി ഓഫീസിൽ ചേരുന്ന യോഗത്തിൽ ജില്ലയിലെ എംപിമാർ, എം.എൽഎമാർ ഘടകകക്ഷി നേതാക്കൾ, നിയോജക മണ്ഡലം ഭാരവാഹികൾ എന്നിവരാണ് പങ്കെടുക്കുന്നത്. നാളെ പതിനൊന്ന് മണിക്കാണ് കെവി തോമസ് നിലപാട് അറിയിക്കാൻ വാർത്താ സമ്മേളനം വിളിച്ചിട്ടുള്ളത്. കെവി തോമസിന്റെ സമ്മർദ്ദത്തിന് വഴങ്ങരുതെന്ന നിലപാടാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്ക്.

കോൺഗ്രസിനെ പരമ്പരാഗതമായി പിന്താങ്ങിയിരുന്ന ഒരു വലിയ വിഭാഗത്തിന്റ വോട്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ നഷ്ടമായതിന്റെ പരിശോധന നടത്തും . മധ്യതിരുവിതാംകൂറിലെ ക്രൈസ്തവ വിഭാഗങ്ങളിലുണ്ടായ വോട്ടുചോർച്ച കോൺഗ്രസ് പരിശോധിക്കുന്നുണ്ട്.ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഓരോ ക്രൈസ്തവ വിഭാഗവുമായും കോൺഗ്രസ് ചർച്ച നടത്തിവരുകയാണ്. ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നമാണ് ഇതിൽ കീറാമുട്ടിയാവുന്നതു . പള്ളികൾ നഷ്ടപ്പെട്ട യാക്കോബായ വിഭാഗം വിശ്വാസികളുടെ മൃതദേഹ സംസ്കാരത്തിനായി സർക്കാർ കൊണ്ടുവന്ന സെമിത്തേരി ബില്ലിനെ യു.ഡി.എഫ്. പിന്തുണച്ചിരുന്നു. സഭാ പ്രശ്നത്തിൽ ഏതെങ്കിലും ഒരു വിഭാഗത്തെ പിന്തുണയ്ക്കുന്നതായ സമീപനം എടുക്കാനാകില്ലെന്നതാണ് കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ പ്രതിസന്ധി. കത്തോലിക്കാ സഭയടക്കമുള്ള വിഭാഗങ്ങൾ ഉയർത്തുന്ന പ്രശ്നങ്ങൾ വേറെയുമുണ്ട്.