കോവിഡ് രണ്ടാം തരംഗം ജനിതക വ്യതിയാനം വന്ന വൈറസ് ? പരിശോധന ആരംഭിച്ചു .

വകഭേദം വന്ന വൈറസാണ് ഇപ്പോഴത്തെ വേഗത്തിലുള്ള രോഗവ്യാപനത്തിന് കാരണമെന്ന് കണ്ടെത്തിയാൽ അതിജാഗ്രത പുലര്‍ത്തേണ്ടിവരും. വാക്സിന്‍റെ പ്രതിരോധ ശേഷിയേയും മറികടക്കാൻ ഇത്തരം വൈറസുകള്‍ക്ക് കഴിഞ്ഞേക്കും

0

തിരുവനന്തപുരം: കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനമാണോ കേരളത്തിലെന്നറിയാൻ പരിശോധന ആരംഭിച്ചു . ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്‍റ് ഇൻറഗ്രേറ്റീവ് ബയോളജിയുമായി ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. പ്രതിരോധശേഷിയെ മറികടക്കാൻ കഴിവുള്ള 13 തരം ജനിതകമാറ്റങ്ങൾ നേരത്തെ കേരളത്തിലെ കൊറോണ വകഭേദങ്ങളില്‍ കണ്ടെത്തിയിരുന്നു.സംസ്ഥാനത്ത് കഴിഞ്ഞ ജനുവരിയില്‍ നടത്തിയ പരിശോധനയില്‍ വയനാട്, കോട്ടയം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളില്‍ 10 ശതമാനത്തിലേറെ പേരില്‍ വകഭേദം വന്ന എൻ 440കെ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്രതിരോധശേഷിയെ മറികടക്കാൻ കഴിവുള്ളതരം വൈറസാണിത്. ഇതുകൂടാതെ കൊറോണ വൈറസ് വകഭേദങ്ങളായ K1,K2,K3 എന്നിവയുടെ സാന്നിധ്യവും ചില ജില്ലകളില്‍ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാം തരംഗ സാന്നിധ്യം പ്രകടമായ കേരളം വീണ്ടും പരിശോധന നടത്തുന്നത്. പതിനാല് ജില്ലകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്‍റ് ഇൻറഗ്രേറ്റീവ് ബയോളജിയിൽ എത്തിച്ചു ഫലം അടുത്ത ആഴ്ച്ച ലഭിക്കും . ‌‌‌

വകഭേദം വന്ന വൈറസാണ് ഇപ്പോഴത്തെ വേഗത്തിലുള്ള രോഗവ്യാപനത്തിന് കാരണമെന്ന് കണ്ടെത്തിയാൽ അതിജാഗ്രത പുലര്‍ത്തേണ്ടിവരും. വാക്സിന്‍റെ പ്രതിരോധ ശേഷിയേയും മറികടക്കാൻ ഇത്തരം വൈറസുകള്‍ക്ക് കഴിഞ്ഞേക്കും. മഹാരാഷ്ട്രയിലെ രണ്ടാം തരംഗത്തില്‍ പരിശോധിക്കുന്ന നാല് രോഗികളിൽ ഒരാൾക്ക് ജനിതക മാറ്റം വന്ന വൈറസ് ആണ് രോഗ കാരണമാകുന്നത്. രോഗ വ്യാപനം കൂടിയാൽ രോഗം ഗുരുതരമാകുന്നവരുടെ എണ്ണവും മരണവും കൂടിയേക്കാം .അതേസമയം രാജ്യത്ത് പത്ത് കോടിയിലേറെ പേര്‍ക്ക് ഇതിനോടകം വാക്സീന്‍ നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചതിന് പിന്നാലെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത വാക്സീന്‍ ഉത്സവത്തിന് ഇന്ന് തുടക്കമാകും.

അര്‍ഹരായ കൂടുതല്‍ പേരിലേക്ക് വാക്സീന്‍ എത്തിക്കാന്‍ വാര്‍ഡ് തലം മുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ നാല്‍പത്തിയഞ്ച് വയസിന് മുകളിലുള്ള ജീവനക്കാര്‍ക്ക് തൊഴിലിടങ്ങളിലും ഇന്ന് മുതല്‍ വാക്സീന്‍ നല്‍കാന്‍ നിര്‍ദ്ദേശമുണ്ട്.