കവിയൂർ പീഡന കേസിൽ അന്വേഷണം തുടരണമെന്ന സിബിഐ കോടതി ഉത്തരവിനെതിരെ അന്വേഷണ സംഘം ഹൈക്കോടതിൽ

പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞെന്നും എന്നാൽ വീടിന് പുറത്ത് നിന്ന് ആരെങ്കിലും പീഡിപ്പിച്ചതായി തെളിവില്ലെന്നും ഹർജിയിൽ പറയുന്നു.

0

കൊച്ചി: വിവാദമായ കവിയൂർ പീഡന കേസിൽ അന്വേഷണം തുടരണമെന്ന തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിനെതിരെ അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചു. സിബിഐ കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിബിഐ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞെന്നും എന്നാൽ വീടിന് പുറത്ത് നിന്ന് ആരെങ്കിലും പീഡിപ്പിച്ചതായി തെളിവില്ലെന്നും ഹർജിയിൽ പറയുന്നു.പെൺകുട്ടി പീഡനത്തിന് ഇരയായെന്നതിനു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിവുണ്ട്. എന്നാൽ വീടിനു പുറത്തുള്ള ആരെങ്കിലും പീഡിപ്പിച്ചതായി കണ്ടെത്താൻ സാധിച്ചിട്ടില്ല.

മൂന്ന് വട്ടം അന്വേഷണം നടത്തി റിപ്പോർട്ട് കോടതിക്ക് നൽകിയതാണ്. സാധ്യമായ എല്ലാ അന്വേഷണവും ഇതിനോടകം നടത്തി. പോളിഗ്രാഫ് ടെസ്റ്റ്‌ അടക്കം നടത്തി. തിരുവനന്തപുരം സിബിഐ കോടതി റിപ്പോർട്ട്‌ തള്ളുകയാണ് ചെയ്തത്.വിഐപികൾ പെൺകുട്ടിയെ പീഡിപ്പിച്ചതിന് തെളിവുകളില്ല. ടി പി നന്ദകുമാർ പരാതിപ്പെട്ടത് പോലെ ലത നായർ അനഘയെ വിഐപികളുടെ അടുത്തു കൊണ്ടുപോയെന്നു കണ്ടെത്താൻ സാധിച്ചിട്ടില്ല. ടി പി നന്ദകുമാർ ഉന്നയിച്ചത് കളവുകളാണെന്നും സിബിഐ സംഘം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.