കർണാടക സഭയിൽ പാതിരവരെ നാടകം വിശ്വാസവോട്ടെടുപ്പ് നടന്നില്ല, തൽക്കാലം പിരിഞ്ഞു

വിമത എംഎൽഎമാർക്ക് അടക്കമുള്ള വിപ്പിന്‍റെ കാര്യത്തിൽ അവ്യക്തത ഉള്ളതിനാൽ സുപ്രീംകോടതി തീരുമാനം വന്നിട്ട് വിശ്വാസവോട്ടെടുപ്പ് നടത്താമെന്നാണ് ജെഡിഎസ് നിലപാട്

0

ബെംഗളുരു: ദിവസ്സങ്ങളായിയുള്ള രാഷ്ട്രീയ നാടകങ്ങക്കൊടുവിൽ
കർണാടക നിയമസഭാ പാതിരാവിൽ താൽകാലികമായി പിരിഞ്ഞു
ഇന്ന് വൈകിട്ട് നാല് മണിക്കുള്ളിൽ വിശ്വാസപ്രമേയത്തിൽ ചർച്ച പൂർത്തിയാകണം. ആറ് മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്നും സ്പീക്കർ നിർദേശിച്ചു അർധരാത്രി തന്നെ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ബിജെപി ആവശ്യപ്പെട്ടപ്പോൾ കോൺഗ്രസ് ശക്തമായി എതിർത്തു. വേണമെങ്കിൽ നടപടികൾക്കായി താൻ പുലർച്ചെ വരെ ഇരിക്കാമെന്ന് സ്പീക്കർ പറഞ്ഞു. എന്നാൽ പ്രതിഷേധം ശക്തമായതോടെ സഭ പിരിയാൻ തീരുമാനമെടുക്കുകയായിരുന്നു.

വിമത എംഎൽഎമാർക്ക് അടക്കമുള്ള വിപ്പിന്‍റെ കാര്യത്തിൽ അവ്യക്തത ഉള്ളതിനാൽ സുപ്രീംകോടതി തീരുമാനം വന്നിട്ട് വിശ്വാസവോട്ടെടുപ്പ് നടത്താമെന്നാണ് ജെഡിഎസ് നിലപാട്. ഇങ്ങനെ നീട്ടിക്കൊണ്ടുപോയി തന്നെ ബലിയാടാക്കരുതെന്ന് പല തവണ സ്പീക്കർ കെ ആർ രമേശ് കുമാർ സഭയിൽ അപേക്ഷിച്ചു.

ഇതിനിടെ താൻ രാജി വച്ചെന്ന തരത്തിലുള്ള വ്യാജക്കത്തുകൾ പ്രചരിക്കുകയാണെന്നും, എന്നാൽ ഇത് തെറ്റാണെന്നും മുഖ്യമന്ത്രി കുമാരസ്വാമി സഭയിൽ പറഞ്ഞു. വിശ്വാസവോട്ടെടുപ്പ് വേണ്ട സാഹചര്യം നേരത്തേയുണ്ടായിരുന്നു. എന്നാലിപ്പോഴതില്ല. കാര്യങ്ങൾ മാറിയെന്നും സഭയിൽ കുമാരസ്വാമി പറഞ്ഞു.

ഇതിനിടെ പല തവണ സഭയിൽ ബഹളമായി. സഭ താൽക്കാലികമായി നിർത്തി വച്ചപ്പോൾ സ്പീക്കറെ മുഖ്യമന്ത്രി കുമാരസ്വാമിയും കോൺഗ്രസ് സിദ്ധരാമയ്യയും കണ്ടു. തന്നെ ഇങ്ങനെ ബലിയാടാക്കുന്നതിൽ കടുത്ത അതൃപ്തിയുമായി ഇരു നേതാക്കളോടും സ്പീക്കർ ക്ഷുഭിതനായെന്നാണ് സൂചന. ഇങ്ങനെ ത്രിശങ്കുവിലാക്കി ഇരുത്തുകയാണെങ്കിൽ താൻ ‘രാജി വയ്ക്കു’മെന്ന് സ്പീക്കർ ചർച്ചയിൽ മുഖ്യമന്ത്രിയോട് പറഞ്ഞതായാണ് സൂചന. ഒടുവിൽ സിദ്ധരാമയ്യ ഇടപെട്ടാണ് സ്പീക്കർ കെ ആർ രമേശ് കുമാറിനെ ആശ്വസിപ്പിച്ചതെന്നും റിപ്പോർട്ടുകൾ വന്നു.

എന്തിനാണ് ഇങ്ങനെ വോട്ടെടുപ്പ് നീട്ടി നീട്ടിക്കൊണ്ടുപോകുന്നതെന്ന് ബിജെപി സഭയിൽ പല തവണ ചോദിച്ചു. തനിക്ക് ഇതിലൊരു ഉത്തരവാദിത്തവുമില്ലെന്ന് സ്പീക്കറുടെ മറുപടി. രാവിലെ 11 മണിക്ക് തുടങ്ങിയ സഭ 12 മണിക്കൂറോളമാകുമ്പോഴും ആകെ സംസാരിച്ചത് ആറോളം പേർ മാത്രം. ഉച്ചയ്ക്ക് മണിക്കൂറുകളോളം ഒരു എംഎൽഎ മാത്രമാണ് സംസാരിച്ചത്.

രാവിലെ മുതൽ വിശ്വാസവോട്ടെടുപ്പ് നടത്തുമെന്ന് ഉറപ്പിച്ച് പറഞ്ഞ സ്പീക്കർ ഒടുവിൽ തന്നെ ഇങ്ങനെ ബലിയാടാക്കരുതെന്ന് സഭയിൽ കേണപേക്ഷിച്ചു. ഇങ്ങനെയൊരു ഗതികേട് ഇന്ത്യയിൽ മറ്റൊരു സ്പീക്കർക്കുമുണ്ടായിട്ടില്ലെന്ന് കെ ആർ രമേശ് കുമാർ പറഞ്ഞു. അപ്പോഴും, ചർച്ചകളെല്ലാം പൂർത്തിയാക്കിയ ശേഷം മാത്രം വിശ്വാസവോട്ടെടുപ്പ് നടത്തിയാൽ മതിയെന്ന് മുതിർന്ന കോൺഗ്രസ് എംഎൽഎ ഡി കെ ശിവകുമാർ ഉറപ്പിച്ചു പറഞ്ഞു. സർക്കാരിന് ഒരു തിടുക്കവുമില്ല, പതുക്കെ ചർച്ച നടക്കട്ടെ. എല്ലാവരും പറയാനുള്ളത് പറയട്ടെ.

ഇതിനിടെ സ്പീക്കർ വിമത എംഎൽഎമാരെ അയോഗ്യരാക്കുമെന്ന പരോക്ഷ മുന്നറിയിപ്പുമായി, എല്ലാവരോടും തന്നെ വന്ന് കാണാൻ നോട്ടീസയച്ചു. അയോഗ്യത സംബന്ധിച്ച് കോൺഗ്രസ് നൽകിയ നോട്ടീസിൽ വിശദീകരണം നൽകാൻ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വന്ന് കാണണമെന്നാണ് നോട്ടീസ്. എന്നാൽ 15 ദിവസമെങ്കിലും സമയം നൽകണമെന്ന് ചില വിമതർ തിരികെ സ്പീക്കറോട് അപേക്ഷിച്ചു.

എന്നാൽ ചൊവ്വാഴ്ച തന്നെ വന്ന് കണ്ടേ തീരൂവെന്നാണ് കോൺഗ്രസ് മുന്നറിയിപ്പ് നൽകുന്നത്. ഇല്ലെങ്കിൽ എംഎൽഎമാർ അയോഗ്യരാകും. കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് വിപ്പ് ലംഘിച്ചെന്ന് സ്പീക്കർ കണ്ടെത്തി അയോഗ്യരാക്കിയാൽ അത് മിക്ക വിമത എംഎൽഎമാരുടെയും രാഷ്ട്രീയ ഭാവിയുടെ അന്ത്യമാകും. അടുത്ത ആറ് വർഷത്തേക്ക് മത്സരിക്കാനാകില്ല.

അധികാരത്തിൽ നിന്ന് താഴെപ്പോയാൽ വിമതരെ അയോഗ്യരാക്കിയിട്ടേ പോകൂ എന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ദൾ – കോൺഗ്രസ് നേതൃത്വങ്ങൾ. ഇതിനിടെ, വിമത എംഎൽഎമാരുടെ ഹർ‍ജി സുപ്രീംകോടതിയിൽ പരാമർശിക്കപ്പെട്ടെങ്കിലും അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. എന്നാൽ ചൊവ്വാഴ്ച ഈ ഹർജി പരിഗണനാപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. പരിഗണനാപ്പട്ടികയിൽ ആറാമതായാണ് ചൊവ്വാഴ്ച സുപ്രീംകോടതി ഈ ഹർജി ഉൾപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ സഭയിൽ ന്യൂനപക്ഷമായിരുന്നു കുമാരസ്വാമി സർക്കാർ. ഭൂരിപക്ഷമുറപ്പിക്കാൻ വേണ്ട സംഖ്യ ഇപ്പോഴും ഇല്ല. 15 വിമതരും നിലപാടിൽ നിന്ന് പിന്നോട്ടില്ല. രാമലിംഗ റെഡ്ഡി വഴി നടത്തിയ അനുനയ നീക്കവും ഫലിച്ചില്ല. മുംബൈയിൽ ആശുപത്രിയിലുളള ശ്രീമന്ത് പാട്ടീലും ബെംഗളൂരുവിൽ ചികിത്സയിലുളള ബി നാഗേന്ദ്രയും സഭയിലെത്തില്ല. അങ്ങനെയെങ്കിൽ സ്പീക്കർ ഉൾപ്പെടെ 101 പേരുടെ മാത്രം പിന്തുണയുണ്ടാകും കുമാരസ്വാമിക്ക്. സ്വതന്ത്രൻ എച്ച് നാഗേഷിനെ സഭയിലെത്തിച്ചാൽ 106 പേർ ബിജെപിക്ക് ഒപ്പം. സഖ്യസർക്കാർ വീഴും.

15 വിമത എംഎൽഎമാരും രാജിയിൽ ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ സർക്കാരിന് ഭൂരിപക്ഷം ഉണ്ടാകില്ലെന്ന് ഉറപ്പാണ്. എംഎൽഎമാരായ ശ്രീമന്ത് പാട്ടീൽ, ബി നാഗേന്ദ്ര എന്നിവരുടെ അസാന്നിധ്യവും കോൺഗ്രസിന് തിരിച്ചടിയാകും. പക്ഷേ, ബിഎസ്‍പി അംഗത്തോട് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാൻ പാർട്ടി അധ്യക്ഷ മായാവതി നിർദ്ദേശിച്ചിട്ടുണ്ട്