കണ്ണൂർ വാരത്ത് ഏഴ് വയസുകാരനെ ബന്ധു വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ 

സഹോദരന്‍റെ അഞ്ച് വയസുള്ള മകളുമായി വഴക്കിട്ടതിന് റിജ്വലിനെ മാതാവ് വഴക്ക് പറഞ്ഞിരുന്നു

0

കണ്ണൂർ :കണ്ണൂർ വാരത്ത് ഏഴ് വയസുകാരനെ ബന്ധു വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ന്യൂ മാഹി സ്വദേശികളായ രജീഷ് – ശരണ്യ ദമ്പതികളുടെ മകൻ റിജ്വലാണ് മരിച്ചത്.വാരം കടാങ്കോട് ലീഗ് ഓഫീസിന് സമീപമുള്ള വാടക ക്വാർട്ടേഴ്സിൽ ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ഇന്നലെ വൈകിട്ടാണ് ഏഴ് വയസുകാരൻ റിജ്വലും മാതാവ് ശരണ്യയും ശരണ്യയുടെ സഹോദരൻ താമസിക്കുന്ന ഈ വീട്ടിലെത്തിയത്. സഹോദരന്‍റെ അഞ്ച് വയസുള്ള മകളുമായി വഴക്കിട്ടതിന് റിജ്വലിനെ മാതാവ് വഴക്ക് പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് കുട്ടി തൊട്ടിൽ കെട്ടുന്ന സാരിയിൽ തൂങ്ങി മരിച്ചന്നാണ് വീട്ടുകാർ പറയുന്നത്. അയൽവാസികൾ എത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

സംഭവം നടക്കുമ്പോൾ മാതാവ് ശരണ്യയും സഹോദരന്‍റെ ഭാര്യ മെറിനയും ഇവരുടെ രണ്ട് ചെറിയ കുട്ടികളും മാത്രമാണുണ്ടായിരുന്നത്. സംഭവത്തിൽ ചക്കരക്കല്ല് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.പോലീസ്, ഫോറൻസിക്, ഫിംഗർ പ്രിന്‍റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമെ മരണത്തിൽ അസ്വഭാവികതയുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.